അമേരിക്കയെ കുറിച്ച് മിണ്ടാതെ ഇന്ത്യയുടെ ‘വെനിസ്വേലൻ’ പ്രതികരണം; സമാധാനപൂർണമായ പരിഹാരത്തിന് ആഹ്വാനം
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി, നികോളസ് മദുറോ
ന്യൂഡൽഹി: അമേരിക്കയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ, വെനിസ്വേലയുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയുടെ പ്രതികരണം. പരമാധികാരമുള്ള വെനിസ്വേലക്കുമേൽ ബോംബാക്രമണം നടത്തിയതിനെ കുറിച്ചും അവിടേക്ക് അതിക്രമിച്ചുകയറി പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും യു.എസിലേക്ക് തട്ടിക്കൊണ്ടുവന്നതിനെ കുറിച്ചും പ്രസ്താവനയിൽ പരാമർശമൊന്നുമില്ല. വെനിസ്വേലൻ ജനതയുടെ ക്ഷേമത്തിന് പിന്തുണ നൽകുമെന്ന് പറയുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന സംഭാഷണത്തിലൂടെ സമാധാനപൂർണമായ പരിഹാരത്തിന് ആഹ്വാനം ചെയ്തു.
വെനിസ്വേലയുടെ പരമാധികാരത്തിനുമേൽ യു.എസ് കടന്നാക്രമണം നടത്തുകയും പുതിയ ഭരണകൂടം വരുന്നത് വരെ തങ്ങൾ ഭരിക്കുമെന്ന് യു.എസ് വ്യക്തമാക്കുകയും തട്ടിക്കൊണ്ടുവന്ന പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറെസിനെയും ചോദ്യം ചെയ്യൽ തുടങ്ങുകയും ചെയ്ത ശേഷമാണ് ഇന്ത്യയുടെ പ്രതികരണം വരുന്നത്.
ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പ്: ഇന്ത്യയുടെ പ്രസ്താവന: ‘‘വെനിസ്വേലയിലെ സംഭവവികാസങ്ങൾ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. സാഹചര്യങ്ങൾ രൂപപ്പെട്ടുവരുന്നത് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെനിസ്വേലൻ ജനതയുടെ ക്ഷേമത്തിനും സുരക്ഷക്കുമുള്ള ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കുന്നു. മേഖലയുടെ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തി സംഭാഷണത്തിലൂടെ വിഷയങ്ങൾ പരിഹരിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യർഥിക്കുന്നു. കറാക്കസിലെ ഇന്ത്യൻ എംബസി വെനിസ്വേലയിലെ ഇന്ത്യൻ സമൂഹവുമായി സമ്പർക്കത്തിലാണ്. അവർക്കാവശ്യമായ എല്ലാ സഹായവും നൽകും. യു.എസ് നടപടിക്കെതിരെ ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾ രാജ്യവ്യാപകമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനിടയിലാണ് യു.എസിനെ നോവിക്കാതെയുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

