റഷ്യയെ നടുക്കി യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം;അതിർത്തി കടന്ന് 600-ലധികം ഡ്രോണുകൾ, 4 മരണം
text_fieldsമോസ്കോ: റഷ്യക്കെതിരെ വൻ ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. റഷ്യൻ പ്രദേശങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഏകദേശം 600-ഓളം ഡ്രോണുകളാണ് യുക്രെയ്ൻ ഒരേസമയം റഷ്യക്ക് നേരെ തൊടുത്തത്.
ക്രിമിയൻ പെനിൻസുല, കരിങ്കടൽ, അസോവ് കടൽ എന്നിവയുൾപ്പെടെ 14 ഓളം റഷ്യൻ മേഖലകളിൽ നിന്നായി 556 യുക്രെയ്നിയൻ ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മോസ്‌കോ, ബെൽഗൊറോഡ്, കുർസ്ക്, ബ്രിയാൻസ്‌ക് തുടങ്ങിയ മേഖലകളിലാണ് ആക്രമണ ഭീഷണി ഉയർന്നത്. തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ടും ഡ്രോണുകൾ എത്തിയതായി റിപ്പോർട്ടുകളുണ്ട്. മോസ്‌കോ മേഖലയിലെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രദേശിക ഗവർണർ അറിയിച്ചു. അതിർത്തിയോട് ചേർന്ന ബെൽഗൊറോഡ് മേഖലയിലും ഒരാൾ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചു.
ആക്രമണത്തെ തുടർന്ന് മോസ്‌കോയിലെ പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണത്തിലും ആശയവിനിമയ സംവിധാനങ്ങളിലും തടസ്സം നേരിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ലജിസ്റ്റിക് സംവിധാനങ്ങൾ എന്നിവയും ലക്ഷ്യമാക്കിയെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി റഷ്യ കീവ് ഉൾപ്പെടെയുള്ള യുക്രെയ്ൻ നഗരങ്ങളിൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 25 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യ യുദ്ധം തുടരുകയും സാധാരണ ജനവാസ കേന്ദ്രങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുക്രെയ്ൻ പ്രത്യാക്രമണം ശക്തമാക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

