ബ്രസീലിലെ യു.എൻ. കാലാവസ്ഥാ ഉച്ചകോടിക്കിടെ തീപിടിത്തം; പ്രധാനവേദി ഒഴിപ്പിച്ചു, ചർച്ചകൾ നിർത്തിവെച്ചു
text_fieldsബെലെം: ബ്രസീലിലെ ബെലെമിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിക്കിടെ തീപിടിത്തം. 13 പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉൾപ്പെടെ ഇന്ത്യൻ പ്രതിനിധി സംഘം സുരക്ഷിതരാണ്. പ്രധാനവേദിക്കടുത്തുള്ള പവലിയന് സമീപമാണ് തീപിടിത്തമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
യു.എൻ സെക്രട്ടറി ജനറൽ ഉൾപ്പടെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീപിടുത്തമുണ്ടായതിനെത്തുടർന്ന് പ്രധാനവേദിയടക്കം പലയിടത്തുനിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചു. നിർണായക ചർച്ചകൾ തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. നിരവധി പ്രദർശന പവലിയനുകൾക്ക് തീ പിടിച്ചെങ്കിലും രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നത് വലിയ അപകടം ഒഴിവാക്കി.
ഉച്ചഭക്ഷണ സമയത്തിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്. ഒരു പവലിയനിൽ നിന്ന് തീജ്വാലകൾ പൊട്ടിപ്പുറപ്പെടുകയും കെട്ടിടത്തിന്റെ ചുമരുകളിലും മേൽക്കൂരയിലും ഉണ്ടായിരുന്ന തുണികളിലേക്ക് തീ വേഗത്തിൽ പടരുകയും ചെയ്തു. ഉടനടി തീ അണക്കുകയും ചെയ്തു. ആറ് മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെന്ന് പ്രാദേശിക അഗ്നിശമന സേന അറിയിച്ചു.
പുക ശ്വസിച്ചതിനെ തുടർന്ന് വേദിയിലുണ്ടായിരുന്ന പതിമൂന്ന് പേർക്ക് പരിക്കേറ്റു. ഇവർക്ക് ചികിത്സ നൽകിയതായി സംഘാടകർ പറഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉൾപ്പെടെ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ 20 ഓളം പേർ തീപിടിത്ത സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീപിടിത്തത്തെത്തുടർന്ന് പരിഭ്രാന്തരായ പ്രതിനിധികൾ പുറത്തേക്കുള്ള വഴികളിലേക്ക് ഓടുകയായിരുന്നു.
മൈക്രോവേവിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

