പാകിസ്താനിൽ സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ട് സ്ഫോടനം; 24 പേർ മരിച്ചു, 50 പേർക്ക് പരിക്ക്
text_fieldsഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ക്വറ്റയിൽ റെയിൽവേ ട്രാക്കിനു സമീപത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ 24 പേർ മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് സൈനികരും അവരുടെ കുടുംബാംഗങ്ങളുമായി പോകുന്ന ട്രെയിൻ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി (AFP) റിപ്പോർട്ട് ചെയ്തു.
ക്വറ്റയിലെ ചമൻ പട്ടക്കിൽ ട്രെയിൻ ഒരു സിഗ്നൽ കടന്നുപോകുന്നതിനിടെ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഒരു ബോഗിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. മരിച്ചവരിൽ സൈനികരുമുണ്ട്. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ട്രെയിനിന്‍റെ രണ്ടു കോച്ചുകൾ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും തീപിടിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ബലൂചിസ്താൻ സർക്കാർ ഉദ്യോഗസ്ഥൻ ബാബർ യൂസഫ്സായ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം തയാറായില്ല. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ സമീപത്തെ കെട്ടിടങ്ങൾ തകർന്നതും മറിഞ്ഞ ബോഗികൾക്ക് മുകളിൽ കയറിനിന്ന് ആളുകൾ രക്ഷാപ്രവർത്തനം നടത്തുന്നതും കാണാം. സ്ഫോടനത്തിനു പിന്നിൽ ബലൂചിസ്താൻ ലിബറേഷൻ ആർമിയാണെന്ന് സംശയിക്കുന്നു. ക്വറ്റയിൽനിന്ന് പെഷവാറിലേക്ക് 400 യാത്രക്കാരുമായി പോയ ട്രെയിൻ ബലൂചിസ്താൻ പ്രവിശ്യയിൽ വെച്ച് ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവത്തിന് കൃത്യം ഒരു വർഷത്തിന് ശേഷമാണ് സ്ഫോടനം നടക്കുന്നത്. ബലൂചിസ്താൻ ലിബറേഷൻ ആർമിയായിരുന്നു പിന്നിൽ.
ആക്രമണത്തിൽ പങ്കാളികളായ 33 ഭീകരരെയും അന്ന് പാകിസ്താൻ സേന വധിക്കുകയും നൂറുകണക്കിന് യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. 2025 ഒക്ടോബറിൽ സിന്ധ് പ്രവിശ്യയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ജാഫർ എക്സ്പ്രസിന്റെ ഒന്നിലധികം കോച്ചുകൾ പാളം തെറ്റുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

