മയക്കുമരുന്ന് വേട്ടയുടെ പേരിൽ കൂട്ടക്കൊല: ഫിലിപ്പീൻസ് മുൻ പ്രസിഡന്റ്ഐ.സി.സി കസ്റ്റഡിയിൽ
text_fieldsഹേഗ്: മയക്കുമരുന്ന് വിരുദ്ധ വേട്ടയുടെ പേരിൽ നടത്തിയ കൊലപാതകങ്ങൾക്ക് ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രിഗോ ദുതെർത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) കസ്റ്റഡിയിൽ. ഐ.സി.സിയുടെ അറസ്റ്റ് വാറന്റിനെത്തുടർന്ന് ചൊവ്വാഴ്ച ഫിലിപ്പീൻസ് അധികൃതർ ഇദ്ദേഹത്തെ മനില വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്ത് നെതർലൻഡ്സിലേക്ക് അയക്കുകയായിരുന്നു. ബുധനാഴ്ച കോടതി മുമ്പാകെ കീഴടങ്ങിയ ഇദ്ദേഹത്തെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി.
ദുതെർത്തെ കീഴടങ്ങിയതായി ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു. വിചാരണ ഉടൻതന്നെ ആരംഭിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇദ്ദേഹം എന്നാണ് കോടതിയിൽ ഹാജരാകുക എന്നതിൽ വ്യക്തത വന്നിട്ടില്ല.
ഇന്റർപോൾ നോട്ടീസിനെത്തുടർന്നാണ് ഹോങ്കോങ്ങിൽനിന്ന് തിരിച്ചെത്തിയതിന് പിന്നാലെ 79കാരനായ ദുതെർത്തെയെ മനില വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് വേട്ടയുടെ പേരിൽ ഇദ്ദേഹം നടത്തിയ നടപടികളിൽ 6000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് ആരോപണം.
അതിനിടെ, സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ, മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ മുഴുവൻ ഉത്തരവാദിത്തവും ദുതെർത്തെ ഏറ്റെടുത്തു. നെതർലൻഡ്സിലേക്കുള്ള വിമാനയാത്രക്കിടെയാണ് വിഡിയോ ചിത്രീകരിച്ചതെന്ന് പറയുന്നു. ‘പൊലീസിനെയും സൈന്യത്തെയും നയിച്ചത് ഞാനാണ്. നിങ്ങളെ സംരക്ഷിക്കുമെന്ന് ഞാൻ പറഞ്ഞു. മുഴുവൻ കാര്യങ്ങളുടെയും ഉത്തരവാദി ഞാനാണ്’ -വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഐ.സി.സി മുമ്പാകെ ഹാജരാകുന്ന ഏഷ്യക്കാരനായ ആദ്യത്തെ മുൻഭരണാധികാരിയാണ് ഇദ്ദേഹം. 2016 മുതൽ 2022 വരെ ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന ദുതെർത്തെ മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, നടപടികളുടെ പേരിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടതോടെ ജനരോഷം ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു. പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് ചില മുനഷ്യാവകാശ സംഘടനകൾ പറയുന്നത്. ദുതെർത്തെ നിയോഗിച്ച സായുധരായ മരണ സ്ക്വാഡുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വ്യാപാരികളെയും കൊന്നൊടുക്കുകയായിരുന്നുവെന്ന് ഐ.സി.സി അറസ്റ്റ് വാറന്റിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.