ഫ്രാൻസിലെ ഗ്രാമങ്ങളിൽ പകർച്ചവ്യാധി ബാധിച്ച പശുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു; ഗവൺമെന്റ് നടപടിക്കെതിരെ കർഷകരോഷം; പ്രക്ഷോഭം
text_fieldsഫ്രാൻസിൽ ചർമ്മരോഗം ബാധിച്ച പശുക്കളെ കൊന്നൊടുക്കാനുള്ള ഗവൺമെന്റിന്റെ നീക്കത്തിനെതിരെ കർഷക സമരം. പശുക്കളെ ക്രൂരമായി കൊല്ലുന്നതിനെതിരെയാണ് സ്പാനിഷ് അതിർത്തിഗ്രാമത്തിൽ ക്ഷീര കർഷകർ പ്രതിഷേധിച്ചത്. രോഷാകുലരായ കർഷകർ സംഘടിച്ച് പൊലീസ് നീക്കത്തിന് തടയിട്ടതോടെ പൊലീസിന് ടിയർ ഗ്യാസ് പ്രയോഗിക്കേണ്ടിവന്നു.
സംഭവത്തിൽ പ്രധാനമന്ത്രി സെബാസ്റ്റൻ ലെകോർണു ഇടപെടണമെന്ന് പ്രാദേശികഭരണകൂടം ആവശ്യപ്പെടുന്നു. പശുക്കൾക്ക് ചർമ്മരോഗം ബാധിച്ചതോടെ അവയെ കൊന്നൊടുക്കാൻ എന്തിനാണ് ഗവൺമെന്റ് ഇങ്ങനെ പൊലീസ് സംഘത്തെക്കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പശുക്കളെ കൊന്നൊടുക്കുന്നത് എന്നാണ് കർഷകർ ചോദിക്കുന്നത്.
‘നോഡുലാർ ഡെർമറ്റൈറ്റിസ്’ എന്ന പകർച്ചവ്യാധിയാണ് തെക്കൻ ഫ്രാൻസിലെ കന്നുകാലികളെ ബാധിച്ചത്. ഇവിടെ വെറ്ററിനേറിയൻ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞയാഴ്ച 200 പശുക്കളെ ഒന്നിച്ച് കൊന്നൊടുക്കിയത്.
ഇതറിഞ്ഞതോടെയും ഇതിന്റെ ദൃശ്യങ്ങൾ കണ്ടതോടെയും പല കർഷകരും ഭയചകിതരാവുകയും മാനസികമായി തകരുകയും ചെയ്തതായി കർഷക സംഘടനകൾ പറയുന്നു. തുടർന്ന് സ്പാനിഷ് അതിർത്തി ഗ്രാമമായ ഒക്സിറ്റാനിയിൽ ഇവയെ കൊല്ലാനായി പൊലീസ് സന്നാഹത്തോടെ എത്തിയ സംഘത്തെയാണ് കർഷകർ ട്രാക്ടറുകൾ നിരത്തി റോഡ് ബ്ലോക്ക് ചെയ്തും മാലിന്യം കൂട്ടിയിട്ടും പ്രതിരോധിക്കാൻ ശ്രമിച്ചത്.
ഒക്സിറ്റാനിയിലാണ് രോഗം വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. ഇവിടത്തെ പ്രാദേശിക ഭരണകർത്താവ് കാർലോ ഡെൽഗയാണ് സംഭവത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. കർഷകരിൽ രോഷവും നിരാശയും വർധിക്കുകയാണെന്നും ഇവർ പറഞ്ഞു. അതിനാൽ എത്രയും വേഗം പ്രധാനമന്ത്രി അവരോട് സംസാരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മറ്റൊരു ഗ്രാമമായ ലെസ് ബോഡസ് സുർഅറൈസിൽ രോഗം ബാധിച്ചതോടെ ആ ഗ്രാമത്തിലെ എല്ലാ പശുക്കളെയും ഗവൺമെന്റ് ഒന്നടങ്കം കൊന്നൊടുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

