ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രായേൽ ആക്രമണ ഭീഷണി; ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു
text_fieldsബെയ്‌റൂത്ത്: ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയായ ദാഹിയയിൽ ആക്രമണം നടത്താൻ ഇസ്രായേൽ സർക്കാർ ഉത്തരവിട്ടതിനെത്തുടർന്ന് പ്രദേശത്തുനിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു. മേഖലയിൽനിന്ന് പുറത്തേക്ക് പോകുന്ന റോഡുകളെല്ലാം വലിയ ഗതാഗതക്കുരുക്കിലാണ്. ഹിസ്ബുല്ലക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ദാഹിയ.
ലബനാനിലെ സൈനിക നീക്കം കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ രൂക്ഷതയിലെത്തിയതിന്തൊട്ടുപിന്നാലെയാണ് തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്താൻ ഇസ്രായേൽ സൈന്യത്തിന് സർക്കാർ നിർദ്ദേശം നൽകിയത്.
തിങ്കളാഴ്ച രാവിലെ ഇസ്രായേൽ സർക്കാർ ആക്രമണ ഉത്തരവ് പ്രഖ്യാപിച്ച ഉടൻ തന്നെ ആളുകൾ സാധനസാമഗ്രികളുമായി പലായനം തുടങ്ങിയെന്ന് ദക്ഷിണ ബെയ്റൂത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന അൽ ജസീറയുടെ സീന ഖോദർ പറഞ്ഞു.
ഹിസ്ബുല്ലയുടെ ആക്രമണം തുടരുകയാണെങ്കിൽ ബെയ്‌റൂത്തിൽ ‘സമാധാനമുണ്ടാകില്ല’ എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി തിങ്കളാഴ്ച മറ്റൊരു പ്രസ്താവനയിൽ വ്യക്തമാക്കി.
തെക്കൻ ലെബനനിലെ ലിതാനി നദീതീരത്ത് സൈനിക നിയന്ത്രണത്തിലുള്ള മേഖല സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ബെയ്‌റൂത്തിലെ ദാഹിയ വടക്കൻ ഇസ്രായേലിലെ സമൂഹങ്ങളിൽനിന്ന് വ്യത്യസ്തമല്ല. വടക്ക് സമാധാനം ഇല്ലെങ്കിൽ ബെയ്‌റൂത്തിലും സമാധാനം ഉണ്ടാകില്ല’ ആക്രമണത്തിന് ഉത്തരവിട്ട ശേഷം ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
ദശാബ്ദങ്ങളിലെ ഏറ്റവും വലിയ മുന്നേറ്റത്തിന്റെ ഭാഗമായി ഞായറാഴ്ച തെക്കൻ ലബനാനിലെ ലിതാനി നദിക്ക് വടക്കുള്ള മധ്യകാലഘട്ടത്തിലെ ബ്യൂഫോർട്ട് കോട്ട ഇസ്രായേൽ സൈന്യം പിടിച്ചെടുത്തിരുന്നു. ഹിസ്ബുല്ലക്കെതിരായ പോരാട്ടത്തിൽ ഞായറാഴ്ചത്തെ പ്രവർത്തനം ‘നാടകീയമായ മാറ്റം’ആണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ലെബനനിലേക്ക് കൂടുതൽ ആഴത്തിൽ കടന്നുകയറുമെന്ന് പറയുകയും തിങ്കളാഴ്ച ദാഹിയയിലെ കേന്ദ്രങ്ങൾ ആക്രമിക്കാൻ സൈന്യത്തിന് ഉത്തരവിടുകയും ചെയ്തു.
അതേസമയം, ലെബനനിലെ ശത്രുത കുറക്കുന്നതിനായി വാഷിംഗ്ടൺ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ അൽ ജസീറയോട് പറഞ്ഞു.
ശത്രുത പൂർണമായും അവസാനിപ്പിക്കുന്നതിനും ഘട്ടംഘട്ടമായി സമാധാനം പുനഃസ്ഥാപിക്കുന്നതിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണ് ഈ റോഡ് മാപ്പ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ലബനാനിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ഇറാൻ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ദുർബലമായ വെടിനിർത്തൽ ധാരണയെ ഈ തീരുമാനം കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ. മേഖലയിലെ ഇറാൻ അനുകൂല സഖ്യകക്ഷികളുടെ താൽപര്യങ്ങളും സുരക്ഷയും സംബന്ധിച്ച തങ്ങളുടെ ആശങ്കകൾക്ക് പരിഹാരമുണ്ടാകുന്നത് വരെ ചർച്ചകളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് തെഹ്റാന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

