ഗസ്സയിൽ കൂട്ട കുടിയൊഴിപ്പിക്കൽ: ബന്ദികളെ ഹമാസ് ഉടൻ വിട്ടയക്കണമെന്നും ഒരാഴ്ചക്കകം വെടിനിർത്തലെന്നും ട്രംപ്
text_fieldsവാഷിങ്ടൺ: ആഗോള പ്രതിഷേധവും സമ്മർദവും ശക്തമായിട്ടും വംശഹത്യ തുടരുന്ന ഗസ്സയിൽ പുതിയ കുരുതിക്ക് മുന്നോടിയായി ഇസ്രായേൽ സേനയുടെ കൂട്ട കുടിയൊഴിപ്പിക്കൽ. ഞായറാഴ്ച സമൂഹ മാധ്യമം വഴിയാണ് വടക്കൻ ഗസ്സയിൽനിന്നും മധ്യ ഗസ്സയിൽനിന്നും വീടുവിട്ടുപോകാൻ ഫലസ്തീനികൾക്ക് അന്ത്യശാസനം നൽകിയത്. പതിനായിരങ്ങൾ കഴിയുന്ന ജബാലിയ അഭയാർഥി ക്യാമ്പ് സമ്പൂർണമായി ഒഴിയണം. ഗസ്സ സിറ്റിയിലെ മിക്ക ഭാഗങ്ങളും വിടണം. ഇരു മേഖലകളിലും സൈനിക നീക്കം ശക്തമാക്കുകയാണെന്നും എല്ലാവരും തെക്കൻ ഗസ്സയിലെ അൽമവാസിയിലേക്ക് നാടുവിടണമെന്നുമാണ് അന്ത്യശാസനം.
ഒരു ഘട്ടത്തിൽ പൂർണമായി ഒഴിപ്പിക്കപ്പെട്ട ശേഷം ഈ വർഷാദ്യം നിലവിൽവന്ന വെടിനിർത്തലിനെ തുടർന്ന് ലക്ഷക്കണക്കിന് ഫലസ്തീനികൾ വടക്കൻ ഗസ്സയിൽ തിരിച്ചെത്തിയിരുന്നു. ഇവരെയാണ് സൈനിക നീക്കം പറഞ്ഞ് കൂട്ടമായി കുടിയൊഴിപ്പിക്കുന്നത്. വടക്ക് ജബാലിയയിൽ നാലുപേരടക്കം ഗസ്സയിൽ ഞായറാഴ്ച നടന്ന ആക്രമണങ്ങളിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഒഴിഞ്ഞുപോകാൻ നിർദേശിച്ച അൽമവാസിയിലെ തമ്പിനു മേൽ നടന്ന ആക്രമണത്തിൽ അഞ്ചുപേരും കൊല്ലപ്പെട്ടു. 56,000 പിന്നിട്ട മരണസംഖ്യ പിന്നെയും കുത്തനെ ഉയരുന്നതിനിടെയാണ് ഇസ്രായേൽ സൈന്യത്തിന്റെ പുതിയ നീക്കം.
അതിനിടെ, ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് വീണ്ടും ട്രംപ് സമ്മർദം ശക്തമാക്കി. 20 മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഗസ്സയിൽ കരാറിലെത്തണമെന്നും ഹമാസ് എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയക്കണമെന്നും ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ആവശ്യപ്പെട്ടു.
വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസിലെത്തുമെന്നും ആഴ്ചകൾക്കുള്ളിൽ കരാർ പ്രാബല്യത്തിലാക്കാൻ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും പേരുവെളിപ്പെടുത്താത്ത മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനും അറിയിച്ചു. ആദ്യഘട്ടമായി ഇസ്രായേൽ നയകാര്യ മന്ത്രി റോൺ ഡെർമർ അടുത്ത ദിവസം യു.എസിലെത്തും. ഒരാഴ്ചക്കകം കരാർ നടപ്പാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രത്യാശ പങ്കുവെച്ചിരുന്നു.
ഇനി യുദ്ധവിരാമമാണ് വേണ്ടതെന്നും താൽക്കാലിക വെടിനിർത്തൽ വെറുതെയാണെന്നും ഹമാസ് പറയുന്നു. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിൻവാങ്ങിയാൽ എല്ലാ ബന്ദികളെയും വിട്ടയക്കാമെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ, ഗസ്സയിൽ ഇനി ഹമാസ് ചിത്രത്തിലുണ്ടാകുന്ന ഒരു പരിഹാരവും അംഗീകരിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്. 50ലേറെ ബന്ദികൾ ഇപ്പോഴും ഹമാസ് നിയന്ത്രണത്തിലുണ്ടെന്നാണ് സൂചന. ഇവരിൽ പകുതിയോളം പേരെങ്കിലും ജീവനോടെയുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

