സ്വതന്ത്രനാകുമോ ബർഗൂതി?
text_fieldsഇസ്രായേൽ ജയിലിലുള്ള മർവാൻ ബർഗൂതി (2004 ലെ ചിത്രം)
മോചിതനായാൽ എന്തുകൊണ്ടും യുദ്ധാനന്തര ഫലസ്തീന്റെ രാഷ്ട്രീയ ഭൂമികയിൽ മർവാൻ ബർഗൂതി നിർണായക സ്വാധീനമാകുമെന്ന് ഉറപ്പാണ്. സാധാരണ നിലയിൽ മരണത്താലല്ലാതെ മോചിതനാകാൻ യാതൊരു വഴിയുമില്ലാത്ത മർവാന് വേണ്ടി കഴിഞ്ഞ പലകാലങ്ങളിലെ ചർച്ചകളിലും ഹമാസ് വാശി പിടിച്ചെങ്കിലും വിജയിച്ചില്ല.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ പല തവണ നടന്ന ചർച്ചകളിലും തീരുമാനമാകാതെ പോയ സങ്കീർണമായ വിഷയങ്ങളിൽ ധാരണയുണ്ടാക്കുക എന്ന കഠിന ദൗത്യമാണ് ശറമുശൈഖിൽ ഇരു വിഭാഗത്തിനും മുന്നിലുള്ളത്. ഇസ്രായേലി സേനയുടെ പിന്മാറ്റം, ബന്ദി മോചനം, മോചിപ്പിക്കപ്പെടേണ്ട ഫലസ്തീൻ തടവുകാർ എന്നീ അടിയന്തര കാര്യങ്ങളിലും ഇടക്കാല ഭരണസംവിധാനം, ഹമാസിന്റെ നിരായുധീകരണം പോലെ മറ്റു വിഷയങ്ങളിലും ധാരണ ഉണ്ടാകേണ്ടതുണ്ട്. ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരുടെ മോചനമാണ് ഹമാസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മോചിപ്പിക്കപ്പെടേണ്ടവരുടെ വിശദമായ പട്ടിക ശറമുശൈഖ് ചർച്ചകൾക്ക് മുന്നോടിയായി ഹമാസ് തയാറാക്കിയിട്ടുണ്ട്.
ഹമാസ് പട്ടികയിലെ ചിലരുടെ കാര്യത്തിൽ നേരത്തെതന്നെ വലിയ തടസ്സമാണ് ഇസ്രായേൽ ഉന്നയിച്ചിരുന്നത്. മർവാൻ ബർഗൂതിയുടെ പേരാണ് അതിൽ മുന്നിൽ. തങ്ങളുടെ എതിരാളികളായ ഫതഹിന്റെ പ്രതിനിധിയായിട്ടുകൂടി മർവാനുവേണ്ടി എന്നും ഹമാസ് സമ്മർദം ഉയർത്തിയിട്ടുണ്ട്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയായ പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) സെക്രട്ടറി ജനറൽ അഹ്മദ് സാദത്ത്, ഹമാസ് കമാൻഡറായിരുന്ന അബ്ദുല്ല ബർഗൂതി, വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാക്കളായ ഇബ്രാഹിം ഹാമിദ്, അബ്ബാസ് അൽ സയ്യിദ്, ഹസൻ സലാമി എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖർ. ഫലസ്തീൻ അതോറിറ്റിയുടെ കണക്ക് പ്രകാരം 60 വയസ്സിലേറെ പ്രായമുള്ള 117 തടവുകാരാണ് ഇസ്രായേലി ജയിലുകളിലുള്ളത്. 13 പേർ ഒന്നിലേറെ ജീവപര്യന്തങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ്. മൊത്തം 303 പേരാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.
‘അറഫാത്തിന്റെ പിൻഗാമി’
മോചിതനായാൽ എന്തുകൊണ്ടും യുദ്ധാനന്തര ഫലസ്തീന്റെ രാഷ്ട്രീയ ഭൂമികയിൽ മർവാൻ ബർഗൂതി നിർണായക സ്വാധീനമാകുമെന്ന് ഉറപ്പാണ്. സാധാരണ നിലയിൽ മരണത്താലല്ലാതെ മോചിതനാകാൻ യാതൊരു വഴിയുമില്ലാത്ത മർവാന് വേണ്ടി കഴിഞ്ഞ പലകാലങ്ങളിലെ ചർച്ചകളിലും ഹമാസ് വാശി പിടിച്ചെങ്കിലും വിജയിച്ചില്ല.
യാസർ അറഫാത്തിന്റെ പിൻഗാമിയാകുമെന്ന് ഒരുകാലത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്നയാളാണ് ഫതഹിന്റെ സായുധ വിഭാഗമായ തൻസീമിന്റെ നേതാവായിരുന്ന മർവാൻ. 2002ലാണ് മർവാനെ ഇസ്രായേൽ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നിരവധി കേസുകൾ ചാർത്തി. ഇസ്രായേലി നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നില്ലെന്നും തന്റെ വിചാരണ നിയമ വിരുദ്ധമാണെന്നും നിലപാടെടുത്ത മർവാൻ കേസ് വിചാരണയിൽ എതിർവാദങ്ങളൊന്നും ഉന്നയിക്കാതെ നിസ്സഹകരണം പ്രഖ്യാപിച്ചു.
ഒടുവിൽ ഇസ്രായേലി കോടതി വിവിധ കേസുകളിൽ മർവാനെ അഞ്ച് ജീവപര്യന്തത്തിന് ശിക്ഷിച്ചു. 23 വർഷമായി തടവിൽ കഴിയുന്ന 65കാരനായ മർവാന് ‘അറേബ്യൻ മണ്ടേല’ എന്നൊരു വിളിപ്പേര് കൂടിയുണ്ട്. ഹമാസ് പിടികൂടിയ ഇസ്രായേലി സൈനികൻ ഗിലാത് ശലിതിന്റെ മോചനത്തോട് അനുബന്ധിച്ചുള്ള 2011ലെ തടവുകാരുടെ കൈമാറ്റത്തിൽ മർവാന്റെ പേരും ഉൾപ്പെടുത്താൻ ഹമാസ് കിണഞ്ഞുശ്രമിച്ചെങ്കിലും ഇസ്രായേൽ വഴങ്ങിയില്ല. യഹ്യ സിൻവറിനെ വരെ അന്ന് വിട്ടയച്ച ഇസ്രായേൽ മർവാന്റെ കാര്യത്തിൽ മാത്രം കടുത്ത നിലപാടെടുത്തു. വെസ്റ്റ്ബാങ്കിൽ തങ്ങൾക്ക് തീരാതലവേദനയാകാൻ സാധ്യതയുള്ള നേതാവിനെ തുറന്നുവിടാതിരിക്കുക എന്നതിനപ്പുറം മിതവാദിയായ മഹ്മൂദ് അബ്ബാസ് അപ്രസക്തനാകാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത കൂടിയാണ് അന്ന് ഇസ്രായേൽ പ്രകടിപ്പിച്ചത്.
എന്തായാലും യുദ്ധാനന്തരം ബാഹ്യപിന്തുണയിൽ ഫതഹും ഫലസ്തീൻ അതോറിറ്റിയും കൂടുതൽ പ്രസക്തമാകുന്നൊരു ഘട്ടം വരുകയാണെങ്കിൽ ഇപ്പോഴത്തെ നേതൃത്വത്തെ അഴിച്ചുപണിയേണ്ടിവരും. ഹമാസിനെ അപ്രസക്തമാക്കാൻ മാത്രം കരിസ്മയുള്ള മറ്റൊരു നേതാവ് എന്തായാലും ഇപ്പോൾ ഫതഹിന്റെ നിരയിലില്ല. ആ സാഹചര്യത്തിൽ മർവാന്റെ പേര് വീണ്ടും ചർച്ചകളിൽ വന്നേക്കാമെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

