Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ‘ഐ ഹാവ് എ ഡ്രീം’ പ്രസംഗത്തിന്റെ കൈയെഴുത്തു പ്രതി കണ്ടെത്തി; ലേലത്തിൽ പ്രതീക്ഷിക്കുന്നത് 94 കോടി

text_fields
bookmark_border
മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ‘ഐ ഹാവ് എ ഡ്രീം’ പ്രസംഗത്തിന്റെ കൈയെഴുത്തു പ്രതി കണ്ടെത്തി; ലേലത്തിൽ പ്രതീക്ഷിക്കുന്നത് 94 കോടി
cancel

ന്യൂയോർക്ക്: അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ വിഖ്യാതമായ ‘ഐ ഹാവ് എ ഡ്രീം’ പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതി പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും വെളിച്ചത്ത്. ഏഴു പേജുകളിലായി നീല മഷിയിൽ എഴുതിയ കൈയെഴുത്തു പ്രതിയാണ് കണ്ടെത്തിയത്. 2027 ജനുവരി 22ന് ന്യൂയോർക്കിലെ ക്രിസ്റ്റീസ് ലേലശാലയിൽ വിൽപനക്കെത്തിക്കുന്ന രേഖക്ക് ഒരു കോടി ഡോളറിലധികം (ഏകദേശം 94 കോടി രൂപ) ലഭിക്കുമെന്നാണ് പ്രതീക്ഷ.

കിങ്ങിന്റെ പ്രസംഗരചനാ സഹായിയും സതേൺ ക്രിസ്ത്യൻ ലീഡർഷിപ് കോൺഫറൻസിന്റെ പബ്ലിക് റിലേഷൻസ് മേധാവിയുമായിരുന്ന എഡ്വേഡ് ടി. ക്ലെയ്റ്റന്റെ രേഖകളിൽ നിന്നാണ് കൈയെഴുത്തുപ്രതി കണ്ടെത്തിയത്. ക്ലെയ്റ്റന്റെ ഭാര്യയും മനുഷ്യാവകാശ പ്രവർത്തകയുമായ സെർനോണ ക്ലെയ്റ്റൺ 1990കളുടെ അവസാനത്തിൽ ഭർത്താവിന്റെ മേശവലിപ്പിൽ 'Speech' എന്നെഴുതിയ കവറിനുള്ളിൽ ഇത് കണ്ടെത്തിയിരുന്നു. എന്നാൽ രേഖയുടെ ചരിത്രപ്രാധാന്യം പൂർണമായി തിരിച്ചറിയാതിരുന്നതിനാൽ വീണ്ടും മേശവലിപ്പിൽ സൂക്ഷിച്ചു. 2024ൽ വീണ്ടും പരിശോധിച്ചപ്പോഴാണ് ഇതിന്റെ അപൂർവത തിരിച്ചറിഞ്ഞത്.

1963 ആഗസ്റ്റ് 28ന് വാഷിങ്ടണിലെ ലിങ്കൺ മെമ്മോറിയലിൽ നടന്ന മാർച്ച് ഓൺ വാഷിങ്ടൺ പരിപാടിയിലായിരുന്നു മാർട്ടിൻ പ്രസംഗം നടത്തിയത്. ഏകദേശം രണ്ടര ലക്ഷം പേരെ അഭിസംബോധന ചെയ്ത പ്രസംഗം, അമേരിക്കൻ പൗരാവകാശ പോരാട്ടത്തിലെ സുപ്രധാന നിമിഷങ്ങളായി മാറി. പ്രസംഗത്തിന്റെ അന്തിമരൂപം തയാറാക്കാൻ ആഗസ്റ്റ് 28ന് പുലർച്ചെ നാലുമണിവരെ മാർട്ടിൻ പ്രവർത്തിച്ചിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. പ്രസംഗം അഞ്ചു മിനിറ്റിൽ ഒതുക്കാനുള്ള ശ്രമത്തിനിടെ വാക്കുകളും വാചകങ്ങളും തിരുത്തിയെഴുതിയതിന്റെ അടയാളങ്ങൾ കൈയെഴുത്തുപ്രതിയിലുണ്ട്.

അതേസമയം, പ്രസംഗത്തിലെ ഏറ്റവും പ്രശസ്തമായ 'ഐ ഹാവ് എ ഡ്രീം' എന്ന ഭാഗം കൈയെഴുത്തുപ്രതിയിൽ ഇല്ല. വേദിയിൽ പ്രസംഗിക്കുന്നതിനിടെ കിങ് സ്വയം കൂട്ടിച്ചേർത്തതായിരുന്നു ആ ഭാഗം. എന്നാൽ 'ഫ്രീ അറ്റ് ലാസ്റ്റ്, ഫ്രീ അറ്റ് ലാസ്റ്റ്; താങ്ക് ഗോഡ് ആൽമൈറ്റി, വീ ആർ ഫ്രീ അറ്റ് ലാസ്റ്റ്' എന്ന പ്രസിദ്ധമായ സമാപനവരികൾ രേഖയിലുണ്ട്.

ലേലത്തിലൂടെ ലഭിക്കുന്ന തുകയിൽനിന്ന് ഒരു ഭാഗം അറ്റ്ലാന്റയിലെ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ സെന്റർ ഉൾപ്പെടെയുള്ള സന്നദ്ധ-സാമൂഹിക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. നവംബർ 16 മുതൽ 22 വരെ അറ്റ്ലാന്റയിലെ നാഷനൽ സെന്റർ ഫോർ സിവിൽ ആൻഡ് ഹ്യൂമൻ റൈറ്റ്സിൽ കൈയെഴുത്തു പ്രതി പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കും. തുടർന്ന് ചിക്കാഗോയിലും ന്യൂയോർക്കിലും പ്രദർശനമുണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Martin Luther King Jr Speech Manuscript Auction
Next Story