പാകിസ്താനിൽ മാർക്കറ്റിൽ സ്ഫോടനം: ഒൻപത് മരണം; നിരവധി പേർക്ക് പരിക്ക്
text_fieldsപെഷവാർ: പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ലക്കി മർവാത്ത് ജില്ലയിലെ സരായി നൗറംഗ് ടൗണിലെ തിരക്കേറിയ മാർക്കറ്റിലാണ് സ്ഫോടനം നടന്നത്. രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി പ്രാദേശിക പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ഒരു റിക്ഷയിൽ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ നിരവധി കടകളും വാഹനങ്ങളും തകർന്നു. തിരക്കേറിയ സമയത്താണ് സ്ഫോടനം നടന്നതിനാൽ 33-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.
ട്രാഫിക് പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോയിന്റിന് സമീപമാണ് റിക്ഷ നിർത്തിയിട്ടിരുന്നത്. അതിനാൽ സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ബോംബ് ആക്രമണമാണിതെന്ന് പൊലീസ് സംശയിക്കുന്നു. എങ്കിലും കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സാധാരണക്കാരാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താൻ മേഖലയിൽ സജീവമായതിനാൽ അവർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഫോടനത്തെ അപലപിക്കുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു.
മേഖലയിൽ സുരക്ഷ ഉദ്യോഗസ്ഥർ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബന്നു ജില്ലയിലുണ്ടായ കാർ ബോംബ് ആക്രമണത്തിലും വെടിവെപ്പിലും നിരവധി പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

