440 ഏക്കർ, 11 അത്യാഡംബര മുറികൾ; കോടികൾ വിലമതിക്കുന്ന അയർലൻഡിലെ ഗോഥിക് കൊട്ടാരം സ്വന്തമാക്കി മാർക്ക് സക്കർബർഗ്
text_fieldsഡബ്ലിൻ: കോടികൾ വിലമതിക്കുന്ന വർഷങ്ങൾ പഴക്കമേറിയ അയർലൻഡിലെ ഗോഥിക് ശൈലിയിലുള്ള ആഢംബര കൊട്ടാരം സ്വന്തമാക്കി അമേരിക്കൻ കോടീശ്വരനും മെറ്റ സി.ഇ.ഒയുമായ മാർക്ക് സക്കർബർഗ്. അയർലൻഡ് വാട്ടർഫോർഡിൽ ബ്ലാക്‌വാട്ടർ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ 'സ്ട്രാൻകല്ലി കാസ്റ്റിൽ' ആണ് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് സ്വന്തമാക്കിയത്. 1830ൽ നിർമിതമായ ഈ മൂന്നുനില കൊട്ടാരം 196 വർഷം പഴക്കം കണക്കാക്കപ്പെടുന്നു.
16,000 ചതുരശ്രയടി വിസ്തീർണമുള്ള ഈ ആഡംബര വസതിയിൽ 11 പ്രധാന കിടപ്പുമുറികളാണുള്ളത്. 440 ഏക്കറോളം വരുന്ന പച്ചപ്പു നിറഞ്ഞ വിശാലമായ ഭൂപ്രകൃതിയും ഇതിന്റെ ഭാഗമായുണ്ട്. ഗോഥിക് റിവൈവൽ വാസ്തുവിദ്യയിലാണ് നിർമിച്ചതെങ്കിലും 2003ൽ കാലാനുസൃതമായി ആധുനിക രീതിയിൽ നവീകരിച്ചിരുന്നു ഈ രമ്യഹർമം. ഇതിന്റെ പുറംകാഴ്ചയും കൽപണികളും ഏറെ സവിശേഷത നിറഞ്ഞതാണ്.
അയർലൻഡ് പ്രോപ്പർട്ടി രജിസ്ട്രിയിൽ ഇടപാട് ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് ഏകദേശം 20 ദശലക്ഷം യൂറോ മുതൽ 30 ദശലക്ഷം യൂറോ വരെയാണ് മൂല്യം കണക്കാക്കപ്പെടുന്നത്. അതായത് ഏകദേശം 23.3 മില്യൺ മുതൽ 35 മില്യൺ ഡോളർ വരെ. ഇന്ത്യൻ കണക്കാണെങ്കിൽ ഏകദേശം 223 മുതൽ 335 കോടി രൂപ വരെ വിലമതിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മുഴുസമയ താമസത്തിനല്ലെങ്കിലും, അയർലൻഡിലെ ഡബ്ലിനിൽ സ്ഥിതി ചെയ്യുന്ന മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനത്തുനിന്ന് ഏകദേശം 125 മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ എസ്റ്റേറ്റ് കുടുംബത്തിന്റെ യൂറോപ്യൻ കാര്യങ്ങൾക്കായുള്ള വസതിയായി ഉപയോഗിക്കാനാണ് സക്കർബർഗിന്റെ തീരുമാനം. മെറ്റയുടെ യൂറോപ്യൻ ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് ഈ വസതി കൂടുതൽ സൗകര്യപ്രദമാകും.
സ്ട്രാൻകല്ലി കാസ്റ്റിൽ
കോടീശ്വരന്മാരായ ക്കാർ യൂറോപ്പിലെ ചരിത്രപ്രസിദ്ധമായ വസതികൾ സ്വന്തമാക്കുന്ന ട്രെൻഡ് കാലങ്ങളായുള്ള കീഴ്വഴക്കമാണ്. സക്കർബർഗ് മാത്രമല്ല, അമേരിക്കയിലെ വൻകിട കോടീശ്വരന്മാരും പ്രമുഖരും യൂറോപ്പിലെ ആഡംബര വസതികളിലേക്ക് ചേക്കേറുകയാണ്. 2019ൽ ഹെഡ്ജ് ഫണ്ട് ശതകോടീശ്വരൻ കെൻ ഗ്രിഫിൻ ലണ്ടനിൽ ബക്കിങ്ഹാം കൊട്ടാരത്തിനടുത്ത് 122 മില്യൺ ഡോളർ വിലമതിക്കുന്ന ജോർജിയൻ കൊട്ടാരം വാങ്ങിയിരുന്നു. ജോർജ് ക്ലൂണി, ടോം ഫോർഡ്, ഗൂഗ്ൾ മുൻ സി.ഇ.ഒ എറിക് സ്മിത് തുടങ്ങിയ പ്രമുഖരും യൂറോപ്പിൽ സ്വത്തുക്കൾ ഉള്ളവരാണ്.
അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും കാരണം കൂടുതൽ സമ്പന്നരായ അമേരിക്കക്കാർ യു.കെയിലേക്കും യൂറോപ്പിലേക്കും തങ്ങളുടെ പണം നിക്ഷേപിക്കുന്നതായി റിയൽ എസ്റ്റേറ്റ് സ്ഥാപനമായ 'ബ്യൂചാംപ് എസ്റ്റേറ്റ്സ്' വ്യക്തമാക്കുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം ലണ്ടനിലെ ഉയർന്ന വിലയുള്ള ആഡംബര വീടുകളുടെ വിൽപ്പനയിൽ അമേരിക്കക്കാരുടെ പങ്കാളിത്തം ഗണ്യമായി വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

