ശരിയായ സമയം വരട്ടെ, വെനിസ്വേലയെ ഞാൻ നയിക്കുമെന്ന് മരിയ മഷാദോ; വിസമ്മതിച്ച് ട്രംപ്
text_fieldsനോബേൽ പുരസ്കാര മെഡൽ ട്രംപിന് സമ്മാനിക്കുന്ന മരിയ
വെനിസ്വേലയെ താൻ നയിക്കുമെന്ന് പ്രഖ്യാപിച്ച് വെനിസ്വേലയുടെ പ്രതിപക്ഷ നേതാവും സമാധാന നേബേൽ പുരസ്കാര ജേതാവുമായ മരിയ കൊറീന മഷാദോ. ' ഇതൊരു ദൗത്യമാണ്. നമ്മൾ വെനിസ്വേലയെ ഐശ്യര്യത്തിന്‍റെ നഗരമാക്കും. ശരിയായ സമയത്ത് ഞാൻ വെനിസ്വേലയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. ആദ്യത്തെ വനിത പ്രസിഡന്‍റ്'- മരിയ മാധ്യമങ്ങളോട് പറഞ്ഞു.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തന്‍റെ സമാധാന നോബേൽ പുരസ്കാര മെഡൽ സമ്മാനിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. വെനിസ്വേലയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയതെന്നായിരുന്നു മരിയ അറിയിച്ചിരുന്നത്.
ജനുവരി മൂന്നിനാണ് വെനിസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ യു.എസ് സൈന്യം പിടികൂടി ന്യൂയോർക്കിൽ എത്തിച്ചത്. മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചായിരുന്നു നടപടി.
എന്നാൽ മരിയ മഷാദോയെ അംഗീകരിക്കാൻ വിസമ്മതിച്ചിരിക്കുകയാണ് ട്രംപ്. മരിയക്ക് മതിയായ ആഭ്യന്തര പിന്തുണയില്ലെന്നും ട്രംപ് പറഞ്ഞു. പകരം മഡുറോയുടെ വൈസ് പ്രസിഡന്‍റായിരുന്ന നിലവിലെ ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസാണ് ട്രംപിന്‍റെ പരിഗണനയിലുള്ളത്.
വാഷിംഗ്ടൺ സന്ദർശന വേളയിൽ യു.എസ് സെനറ്റർമാരെ കാണാനായി മരിയ കോൺഗ്രസ് സന്ദർശിച്ചിരുന്നു. അതേസമയം കാരക്കാസിൽ റോഡ്രിഗസ് ട്രംപിന്‍റെ നിർദ്ദേശപ്രകാരം സി.ഐ.എ ഡയറക്ടർ റാറ്റ്ക്ലിഫുമായി രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തിയതായി യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചായിരുന്ന ചർച്ച.വെനിസ്വേല ഇനി മുതൽ അമേരിക്കയുടെ എതിരാളികൾക്ക് സുരക്ഷിത താവളമാകില്ല എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേ ദിവസം, യു.എസിനെ നേരിടാൻ തനിക്ക് ഭയമില്ലെന്ന് റോഡ്രിഗസ് പറഞ്ഞിരുന്നു. വെനിസ്വേലയുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടതുണ്ടെന്നും മഡുറോയുടെ നയങ്ങളിൽ നിന്ന് ഒരുപടി മാറി കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുന്നതിനായി എണ്ണ വ്യവസായ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു. ബുധനാഴ്ച ട്രംപും റോഡ്രിഗസും ഫോണിൽ സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

