മഷാദോ കടുത്ത ഇസ്രായേൽ അനുകൂലി; നെതന്യാഹുവിന്റെ സുഹൃത്ത്, നൊബേൽ സമ്മാനത്തിന് പിന്നാലെ ചർച്ചയായി വെനസ്വേലൻ നേതാവിന്റെ രാഷ്ട്രീയനിലപാടുകൾ
text_fieldsസമാധാന നൊബേൽ സമ്മാന ജേതാവായി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരീന മഷാദോക്ക് ലഭിച്ചതിന് പിന്നാലെ ചർച്ചയാവുന്നത് അവരുടെ ഇസ്രായേൽ അനുകൂല നിലപാടുകൾ കൂടിയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അടുത്ത സുഹൃത്തായ മരിയ ഗസ്സയിൽ ഉൾപ്പടെ രാജ്യം നടത്തുന്ന അധിനിവേശങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ജനാധിപത്യവാദി എന്ന ടാഗ്ലൈനിൽ അറിയപ്പെടുമ്പോൾ തന്നെ വലതുപക്ഷ-മുതലാളിത്ത രാഷ്ട്രീയത്തിന്റെ കടുത്ത വക്താവ് കൂടിയാണവർ.
ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യമായ ലികുഡുമായി ചേർന്ന് പ്രവർത്തിക്കാൻ മഷാദോയുടെ പാർട്ടി കരാർ ഒപ്പിട്ടിരുന്നു. രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സാമൂഹിക വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നായിരുന്നു മഷാദോയുടെ പാർട്ടി ഒപ്പിട്ട കരാറിന്റെ രത്നനചുരുക്കം. 2019ൽ നെതന്യാഹു വെനസ്വേലയുടെ പോരാട്ടം ഇസ്രായേലിന്റെ കൂടിയാണെന്ന് വ്യക്തമാക്കി.
ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം നടത്തിയപ്പോൾ അതിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയ അവർ പിന്നീട് ഗസ്സയിൽ ജൂതരാഷ്ട്രം വലിയ ആക്രമണങ്ങൾ നടത്തിയപ്പോഴും അതിനെതിരെ മൗനം പാലിച്ചു. 2018ൽ വെനസ്വേലയിൽ ഇസ്രായേൽ സൈനിക ഇടപെടൽ ആവശ്യപ്പെട്ട് അവർ നെതന്യാഹുവിന് കത്തയക്കുകയും ചെയ്തിരുന്നു. തുടർന്ന് അവരുടെ ഒപ്പം പ്രതിപക്ഷത്തുണ്ടായിരുന്ന സഖ്യകക്ഷികൾ തന്നെ ഇതിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
അധികാരത്തിലെത്തിയാൽ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കുമെന്ന് കൂടി മഷാദോ പറഞ്ഞു. ഗസ്സയിൽ ഉൾപ്പടെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ മുൻനിർത്തി മദുറോ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു.
സമാധാന നൊബേൽ മരിയ കൊരീന മഷാദോക്ക്
ഓസ്ലോ: വെനസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊരീന മഷാദോക്ക് ഈ വർഷത്തെ സമാധാന നൊബേൽ. രാജ്യത്തെ ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനും ജനാധിപത്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള പ്രയത്നങ്ങൾ മുൻനിർത്തിയാണ്
പുരസ്കാരമെന്ന് നൊബേൽ സമിതി അറിയിച്ചു. പതിറ്റാണ്ടുകളായി സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കീഴിൽ ഏകാധിപത്യ ഭരണക്രമം തുടരുന്ന വെനിസ്വേലയിൽ ശിഥിലമായിപ്പോയ പ്രതിപക്ഷ കക്ഷികളെ ഒരുകൂടക്കീഴിൽ കൊണ്ടുവന്ന് ജനാധിപത്യപോരാട്ടങ്ങൾക്ക് ശക്തിപകരാൻ 58കാരിയായ മരിയ മഷാദോക്ക് കഴിഞ്ഞൂവെന്നും കമ്മിറ്റി വിലയിരുത്തി.
1967ൽ വെനിസ്വേല തലസ്ഥാനമായ കരാക്കസിൽ ജനിച്ച മരിയ ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയാണ്. 1992ൽ, കരാക്കസിലെ തെരുവുകുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അതീനയ ഫൗണ്ടേഷൻ എന്ന സംഘടന രൂപവത്കരിച്ചാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. പത്ത് വർഷത്തിനുശേഷം അവർ പ്രത്യക്ഷ രാഷ്ട്രീയം പറഞ്ഞുതുടങ്ങി. ഹ്യൂഗോ ഷാവേസിന്റെ ഭരണത്തിൽ പ്രതിഷേധിച്ചാണ് ലോക ശ്രദ്ധ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

