
മൂന്ന് കുട്ടികൾക്ക് ജീവനേകി മൻജീത് ഓർമയായി
text_fieldsന്യുയോർക്: നദിയിൽ കളിക്കുന്നതിനിടെ അപകടത്തിൽപെട്ട മൂന്നു കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ യുവാവ് മുങ്ങിമരിച്ചു. കാലിഫോർണിയയിലാണ് സംഭവം.
മൻജീത് സിങ് (29) ആണ് മരിച്ചത്. ബന്ധുവിനും കൂട്ടുകാർക്കും ഒപ്പം ബീച്ച് സന്ദർശിക്കാനാണ് മൻജീത് പോയത്. കിങ്സ് നദിയിൽ കളിച്ചുകൊണ്ടിരുന്ന എട്ടു വയസ്സുള്ള രണ്ടു പെൺകുട്ടികളും പത്തു വയസ്സുള്ള ആൺകുട്ടിയും ഒഴുക്കിൽപെട്ടത് കണ്ട് തെൻറ ടർബൻ അഴിച്ച് രക്ഷപ്പെടാനായി റോപ് പോലെ ഇട്ടുകൊടുക്കുകയായിരുന്നു മൻജീത്. എന്നാൽ, കുട്ടികൾ ടർബനിൽ പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻജീത് നദിയിലേക്ക് വീണ് താഴ്ന്നുപോകുകയായിരുന്നു.
മൻജീതിനൊപ്പമുള്ളവർ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. എട്ടു വയസ്സുള്ള പെൺകുട്ടിയെ 15 മിനിറ്റിന് ശേഷം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതി ഗുരുതരാവസ്ഥയിലാണ് ഈ കുട്ടി. 40 മിനിറ്റിന് ശേഷം പുഴയുടെ അടിത്തട്ടിൽനിന്നാണ് മൻജീതിനെ കണ്ടെത്താനായത്. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രണ്ടുവർഷം മുമ്പാണ് അമേരിക്കയിലെത്തിയത്.
