'ബ്ലാക് ഏലിയൻ പ്രൊജക്ട്'; മൂക്ക് മുറിച്ചു, നാവ് പിളർത്തി, വിരലും മുറിച്ച് യുവാവ്, ലക്ഷ്യം അന്യഗ്രഹ ജീവിയാകൽ
text_fieldsഅന്യഗ്രഹ ജീവിയായി മാറുകയാണ് ഫ്രാൻസിലെ ആന്‍റണി ലോഫ്രെഡോ എന്ന 33കാരന്‍റെ ലക്ഷ്യം. ഇതിനായി എന്ത് സാഹസത്തിനും തയാർ. ശരീരം മുഴുവൻ ടാറ്റൂ കുത്തിയും മൂക്കു മുറിച്ചും നാവ് രണ്ടാക്കി പിളർത്തിയും നേരത്തെ തന്നെ ആന്‍റണി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഇടത് കൈയിലെ രണ്ട് വിരലുകളും മുറിച്ചുമാറ്റിയിരിക്കുകയാണ് ഈ യുവാവ്. പൂർണമായും അന്യഗ്രഹ ജീവിയായി മാറുകയാണ് 'ബ്ലാക് ഏലിയൻ പ്രൊജക്ട്' വഴി താൻ ലക്ഷ്യമിടുന്നതെന്ന് ഇയാൾ പറയുന്നു.
ശസ്ത്രക്രിയയിലൂടെ ഇടതുകൈയിലെ രണ്ട് വിരലുകളാണ് ആന്‍റണി നീക്കിയിരിക്കുന്നത്. ഉടൻ തന്നെ വലതുകൈയിലെ വിരലുകളും നീക്കും. ഇതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നേരത്തെ ചെവികളും മുറിച്ചുമാറ്റിയിരുന്നു.
ശരീരമാസകലം കറുത്ത ടാറ്റൂ പതിപ്പിച്ചിരിക്കുകയാണ് ആന്‍റണി, കൃഷ്ണമണിയിൽ പോലും ടാറ്റൂ പതിപ്പിച്ചിട്ടുണ്ട്. പൂർണമായും അന്യഗ്രഹ ജീവിയെപോലെയാവുകയാണ് തന്‍റെ ആത്യന്തിക ലക്ഷ്യമെന്ന് ഇയാൾ പറയുന്നു. ഇതിനായി എന്ത് ത്യാഗവും സഹിക്കാൻ തയാറാണ്.
തന്‍റെ ലക്ഷ്യത്തിന്‍റെ 34 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളൂവെന്നാണ് ആന്‍റണി പറയുന്നത്. ശരീരത്തിൽ ചെയ്യുന്ന ഓരോ മാറ്റവും സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ അറിയിക്കുന്നുണ്ട്. ബ്ലാക് ഏലിയൻ പ്രൊജക്ട് എന്ന ഇൻസ്റ്റഗ്രാം പേജിന് 7.45 ലക്ഷം ഫോളോവേഴ്സുണ്ട്.