ബെയ്ജിങ്: ശരീരം നന്നാക്കാനും ഫിറ്റ്നസ് നിലനിർത്താനും ഏതറ്റം വരെ പോകാനും തയാറുള്ള ചിലർ എവിടെയുമുണ്ടാകും. ദക്ഷിണ- പടിഞ്ഞാറൻ ചൈനയിലെ ചെങ്ഡുവിൽ പക്ഷേ, യുവാവ് കാണിച്ച വേലയുടെ പേരിൽ നാട്ടുകാർക്ക് വൈദ്യുതി മുടങ്ങിയത് ഏറെ നേരം.
പണിപ്പെട്ട് വൈദ്യുതി തൂണിന് മുകളിൽ കയറിയ യുവാവ് അവിടെ ഇരുന്നും കിടന്നും നീണ്ട സമയം വ്യായാമം ചെയ്യുക കൂടി ചെയ്തതോടെയാണ് എല്ലാം താറുമാറായത്. ഇതു കണ്ട ചിലർ അറിയിച്ചതനുസരിച്ച് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനി ഇയാൾ ഇറങ്ങുംവരെ വൈദ്യുതി ഓഫ് ചെയ്യുകയായിരുന്നു. വൈദ്യുതി ഇയാളുടെ ജീവൻ അപകടത്തിലാക്കുമെന്ന് കണ്ടായിരുന്നു നടപടി. കാരണമില്ലാതെ ഇരുട്ടിലായതറിഞ്ഞ് ചിലർ ബന്ധപ്പെട്ടപ്പോഴാണ് യുവാവിെൻറ സാഹസം പുറത്തറിഞ്ഞത്.
ഇതോടെ, മെഡിക്കൽ സംഘം സ്ഥലത്തെത്തി. വ്യായാമം പൂർത്തിയാക്കി ഇയാൾ താഴെയിറങ്ങുംവരെ സംഘം കാത്തിരുന്നു.
അത്യന്തം അപകടകരമായ സാഹസത്തിന് ഇയാളെ പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല. എന്നാൽ, രാജ്യത്ത് വ്യായാമത്തിെൻറ ഭാഗമായി വൈദ്യുതി തൂണിനു മേൽ പിടിച്ചുപറ്റി കയറുന്നത് ചിലർ ശീലമാക്കിയതായി റിപ്പോർട്ടുണ്ട്. ഇതിെൻറ തുടർച്ചയായാണ് യുവാവും കയറിയതെന്നാണ് കരുതുന്നത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിെൻറ വിഡിയോ ചിലർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കോവിഡിൽ ഭ്രാന്തുപിടിച്ച ആരോ ആകാം പിന്നിലെന്നതുൾപെടെ പ്രതികരണം പലതാണ്.