വൈറ്റ് ഹൗസിലേക്ക് കാർ ഇടിച്ചു കയറ്റി; ഡ്രൈവർ അറസ്റ്റിൽ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്തുള്ള സുരക്ഷാ കവാടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി. സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനകത്തുണ്ടായിരുന്നെങ്കിലും സുരക്ഷിതനാണെന്നും കാറോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതായും യു.എസ് സീക്രട്ട് സർവീസ് അറിയിച്ചു.
ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 10:30 ഓടെയാണ് 17-ാം സ്ട്രീറ്റിന്റെയും ഇ സ്ട്രീറ്റിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന സുരക്ഷാ കവാടത്തിലേക്ക് വാഹനമിടിച്ചു കയറ്റിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അറസ്റ്റിലായ ഡ്രൈവറെ കുറിച്ചും അപകടം ആസൂത്രിതമാണോ എന്നതിനെ കുറിച്ചും വ്യക്തമായ വിവരങ്ങളില്ല. വാഷിങ്ടൺ മെട്രോപൊലീറ്റൻ പൊലീസ് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.
അപകടത്തെ തുടർന്ന് വൈറ്റ് ഹൗസ് സമുച്ചയം അടച്ചിട്ടില്ല. പകരം അപകടം നടന്ന ഭാഗത്തെ റോഡ് അടച്ചിട്ടുണ്ട്. വാഹനം എടുത്തു മാറ്റിയാലുടൻ ഗതാഗതം പുനസ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇടിച്ചു കയറ്റാൻ ഉപയോഗിച്ച കാർ ഉദ്യോസ്ഥർ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിലെ ഈസ്റ്റ് വിങ് കെട്ടിടത്തിൽ പുതിയ ബോൾറൂം നിർമിക്കുന്നതിന്റെ ഭാഗമായുള്ള പൊളിച്ചു മാറ്റൽ പുരോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്. എന്നാൽ ഇതാദ്യമായല്ല വൈറ്റ് ഹൗസിലേക്ക് കാറിടിച്ചു കയറ്റുന്നത്. മുൻ വർഷങ്ങളിലും സമാന രീതിയിൽ വൈറ്റ് ഹൗസിനകത്തേക്ക് കാറിടിച്ച് കയറ്റാൻ ശ്രമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

