Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോഷ്ടിച്ച...

മോഷ്ടിച്ച പൂച്ചക്കുട്ടിയെ ആയുധമാക്കി ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മോഷ്ടിച്ച പൂച്ചക്കുട്ടിയെ ആയുധമാക്കി ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
cancel
camera_alt

 'മാഗ്നോളിയ' എന്ന പൂച്ചക്കുട്ടി

വാഷിങ്ടൺ: ലോകത്തെ വിചിത്രമായ ബാങ്ക് കൊള്ളകളുടെ ചരിത്രത്തിലേക്ക് പുതിയ സംഭവം കൂടി. ഒരു പൂച്ചക്കുട്ടിയെ ആയുധമാക്കി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച യുവാവിനെ മേരിലാൻഡിലെ പ്രിൻസ് ജോർജ്ജ് കൗണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. സിനിമാക്കഥകളെ പോലും വെല്ലുന്ന കൗതുകകരമായ കുറ്റകൃത്യം അരങ്ങേറിയത് ബെൽറ്റ്‌സ്‌വില്ലിലെ പി.എൻ.സി ബാങ്ക് ശാഖയിലാണ്.

തിങ്കളാഴ്ച രാവിലെ സമീപത്തെ പെറ്റ് ഷോപ്പിൽ നിന്ന് മോഷ്ടിച്ച 'മാഗ്നോളിയ' എന്ന മൂന്നര മാസം പ്രായമുള്ള ടക്സീഡോ ഇനത്തിൽപ്പെട്ട പൂച്ചക്കുട്ടിയുമായിട്ടാണ് പ്രതി ബാങ്കിലെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി പ്രതി ഈ പെറ്റ് ഷോപ്പിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നതായും പൂച്ചക്കുട്ടിയെ നിരീക്ഷിച്ചിരുന്നതായും ജീവനക്കാർ പറയുന്നു. ഒടുവിൽ ജീവനക്കാരുടെ ശ്രദ്ധമാറിയ സമയത്ത്, പൂച്ചക്കൂടിന്റെ താക്കോൽ സംഘടിപ്പിച്ച് പ്രതി മാഗ്നോളിയയെയും കൊണ്ട് കടന്നുകളയുകയായിരുന്നു.

പെറ്റ് ഷോപ്പിൽ നിന്നും നേരെ ബാങ്കിലേക്ക് കയറിയ പ്രതി തികച്ചും അസ്വാഭാവികമായ രീതിയിലാണ് പെരുമാറിയത്. ബാങ്ക് മാനേജറുടെ അടുത്തെത്തിയ ഇയാൾ, തനിക്ക് ബാങ്ക് കൊള്ളയടിക്കാനുള്ള കത്ത് എഴുതണമെന്നും അതുവരെ പൂച്ചക്കുട്ടിയെ കയ്യിൽ പിടിക്കണമെന്നും മാനേജറോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് എഴുതിത്തയ്യാറാക്കിയ ഭീഷണിക്കത്ത് കാഷ്യർക്ക് കൈമാറുകയും പണം മുഴുവൻ തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലും പെട്ടെന്നുള്ള പ്രതികരണവും കാരണം കൊള്ളയടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ബാങ്കിൽ വെച്ച് തന്നെ കൈയോടെ പിടികൂടുകയായിരുന്നു. ആദ്യം പെറ്റ് ഷോപ്പിൽ നിന്ന് പൂച്ചയെ കാണാതായ പരാതിയിലാണ് പൊലീസ് എത്തിയതെങ്കിലും, പിന്നീട് ബാങ്കിന് ചുറ്റുമുള്ള വലിയ പോലീസ് സന്നാഹം കണ്ടപ്പോഴാണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായതെന്ന് പൂച്ചകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'ബെൽറ്റ്‌സ്‌വില്ലെ കമ്മ്യൂണിറ്റി കാറ്റ്സ്' എന്ന സംഘടനയുടെ ഭാരവാഹികൾ വ്യക്തമാക്കി.

സംഭവത്തിന് ശേഷം ബാങ്ക് മാനേജറുടെ മുറിയിൽ നിന്നാണ് മാഗ്നോളിയയെ പൊലീസ് കണ്ടെത്തിയത്. അപ്രതീക്ഷിത സംഭവങ്ങളുടെ ആഘാതത്തിലായിരുന്ന പൂച്ചക്കുട്ടിയെ മാനേജർ തന്നെയാണ് ആശ്വസിപ്പിച്ചത്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പിടിയിലായ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും പൊലീസ് വക്താവ് അറിയിച്ചു. ഈ നാടകീയമായ സംഭവങ്ങൾക്കിടയിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസമായി.

അതേസമയം, മാഗ്നോളിയയെ തിരികെ സന്നദ്ധ സംഘടനയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പൂച്ചയെ ദത്തെടുക്കാൻ താല്പര്യമുള്ളവർക്ക് rescue@beltsvillecats.net എന്ന വിലാസത്തിൽ ബന്ധപ്പെടാമെന്നും സംഘടന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എന്തായാലും മൃഗത്തെ ആയുധമാക്കിയുള്ള അപൂർവ്വ ബാങ്ക് കൊള്ളാശ്രമം ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank robberykittenWashington DCamericaUS Bank
News Summary - Man arrested for attempting to rob bank using stolen kitten as weapon
Next Story