‘വംശഹത്യയെ വെള്ളപൂശാനുള്ള ശ്രമം’; യു.എന്നിലെ നെതന്യാഹുവിന്റെ പ്രസംഗത്തിന് പിന്നാലെ പ്രതികരണവുമായി മംദാനി
text_fieldsന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നടത്തിയ പ്രസംഗത്തിന് പിന്നാലെ പ്രതികരണവുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. ന്യൂയോർക്കിൽ താൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ജൂതന്മാർക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്ന നെതന്യാഹുവിന്റെ ആരോപണവും, മംദാനിക്ക് ഹമാസുമായി അടുത്ത ബന്ധമുണ്ടെന്നുമുള്ള നെതന്യാഹുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായാണ് മേയർ രംഗത്തെത്തിയത്.
ഫലസ്തീൻ ജനതക്കെതിരെ നെതന്യാഹു നയിക്കുന്നത് വംശഹത്യയാണെന്നും, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) യുദ്ധക്കുറ്റവാളിയായ നെതന്യാഹു തന്റെ കുറ്റകൃത്യങ്ങൾ വെള്ളപൂശാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മംദാനി കുറ്റപ്പെടുത്തി.“എപ്പോഴത്തെയും പോലെ, ഫലസ്തീനികൾക്കെതിരായ തന്റെ വംശഹത്യയെ വെള്ളപൂശാൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാനരഹിതമായ നുണകൾ ആവർത്തിക്കാനാണ് പ്രധാനമന്ത്രി നെതന്യാഹു ശ്രമിച്ചത്,” മംദാനി പ്രസ്താവനയിൽ പറഞ്ഞു.
യു.എൻ പൊതുസഭയിൽ തന്റെ പ്രസംഗത്തിലാണ് ന്യൂയോർക്ക് മേയറായ മംദാനിയെ നെതന്യാഹു വിമർശിച്ചത്. ന്യൂയോർക്കിലെ ജൂത സമൂഹം ഇനി സുരക്ഷിതരല്ലെന്നും അതിന് മംദാനിയുടെ നിലപാടുകളാണ് കാരണമെന്നും നെതന്യാഹു ആരോപിച്ചു. ഇസ്രായേൽ വംശഹത്യ നടത്തിയെന്ന മംദാനിയുടെ ആരോപണം തെറ്റാണെന്നും നെതന്യാഹു പറഞ്ഞു. “നിങ്ങൾ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ആവർത്തിച്ച് തെറ്റായി ആരോപിക്കുന്നു. എന്നെ ഇവിടെ വരുന്നത് തടയാനും എന്നെ നിശ്ശബ്ദനാക്കാനും നിങ്ങൾ ശ്രമിച്ചു. എന്നാൽ നിങ്ങൾക്ക് എന്നെ നിശ്ശബ്ദനാക്കാൻ കഴിയില്ല,” നെതന്യാഹു പറഞ്ഞു.
ഇസ്രായേൽ വംശഹത്യ നടത്തിയിട്ടില്ലെന്നും മറിച്ച് ഒരു വംശഹത്യ തടയുകയായിരുന്നുവെന്നും നെതന്യാഹു അവകാശപ്പെട്ടു. ഹമാസുമായി മംദാനിക്ക് അടുത്ത ബന്ധമുണ്ടെന്നും, ഇസ്രായേൽ ഒക്ടോബർ 7-ലെ ആക്രമണത്തിന് ശേഷം നടത്തിയ സൈനിക നടപടിയിലൂടെ ഇത്തരമൊരു ആക്രമണം ആവർത്തിക്കുന്നത് തടഞ്ഞുവെന്നും അദ്ദേഹം വാദിച്ചു.
നെതന്യാഹുവിന്റെ പ്രസംഗത്തിൽ ഖത്തറിനെതിരായ കടുത്ത വിമർശനവും ഉണ്ടായിരുന്നു. ഇസ്രായേലിന്റെ യുദ്ധത്തിൽ ഖത്തറിനെ “എട്ടാമത്തെ മുന്നണി” എന്ന നിലയിലാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രായേലിനെതിരെ തെറ്റായ പ്രചാരണം നടത്തുകയും അമേരിക്കൻ സർവകലാശാലകൾക്ക് ധനസഹായം നൽകുകയും ചെയ്ത് യുവാക്കളിൽ ഇസ്രായേലിനോടും അമേരിക്കയോടും പാശ്ചാത്യ രാജ്യങ്ങളോടും വിരോധം വളർത്തുകയാണെന്നും ഹമാസ് നേതാക്കൾക്ക് ഖത്തർ അഭയം നൽകുന്നുവെന്നും നെതന്യാഹു ആരോപിച്ചു.
കൂടാതെ തുർക്കിയക്കെതിരെയും നെതന്യാഹു രൂക്ഷമായ വിമർശനം ഉന്നയിച്ചു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ 'സ്വേച്ഛാധിപതി' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ഹമാസ് നേതാക്കൾക്ക് തുർക്കിയ അഭയം നൽകുന്നുവെന്നും ആരോപിച്ചു. എന്നാൽ തുർക്കിയ ഈ ആരോപണങ്ങളെ “അടിസ്ഥാനരഹിതം” എന്ന് വിശേഷിപ്പിച്ച് തള്ളി. ഐക്യരാഷ്ട്രസഭയുടെ വേദി ഉപയോഗിച്ച് തുർക്കിയക്കും പ്രസിഡന്റിനുമെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത് സമാധാനം, നിയമം, സംഭാഷണം എന്നിവയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് തുർക്കിയ പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബുർഹാനത്തിൻ ദുരാൻ പറഞ്ഞു.
അതേസമയം യു.എന്നിൽ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോൾ ലോകനേതാക്കളും പ്രതിനിധികളും സദസ്സിൽ നിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോയത് വലിയ ചർച്ചയായിരുന്നു. ഗസ്സയിലെ സൈനിക നടപടികൾ ചൂണ്ടിക്കാണിച്ചാണ് വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർ ഹാൾ ബഹിഷ്കരിച്ചത്. നെതന്യാഹു പ്രസംഗം ആരംഭിച്ച വേളയിൽ തന്നെ സഭയുടെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. പല രാജ്യങ്ങളുടെയും പ്രതിനിധികൾ പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളികളോടെയും കൂവലുകളോടെയും ഹാൾ വിട്ടുപോയി. പകുതിയും ഒഴിഞ്ഞുകിടന്ന സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കേണ്ടി വന്നത് നെതന്യാഹുവിന്റെയും ഇസ്രായേലിന്റെയും നിലപാടുകൾക്ക് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന പിന്തുണയുടെ കുറവാണ് വ്യക്തമാക്കുന്നതെന്ന് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്നീട് തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

