മാലിയിൽ സൈനിക അട്ടിമറി; പ്രസിഡന്‍റ് ഇബ്രാഹിം ബൗബകർ രാജിവെച്ചു
text_fieldsബമാകോ: സൈന്യം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്‍റ് ഇബ്രാഹിം ബൗബകർ കെയ്റ്റ രാജിവെച്ചു. ഒരു രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്നതിനായാണ് താൻ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കും അട്ടിമറി ശ്രമങ്ങൾക്കുമൊടുവിലാണ് സൈന്യം പ്രസിഡന്‍റിനെ തടവിലാക്കിയത്.
അർധരാത്രിയോടെ ഔദ്യോഗിക ടെലിവിഷനിലൂടെയാണ് കെയ്റ്റ രാജി പ്രഖ്യാപിച്ചത്. സർക്കാറിനെയും ദേശീയ അസംബ്ലിയെയും പിരിച്ചുവിട്ടതായും രാജിവെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമത സൈനികർ ഇബ്രാഹിം ബൗബകറിനെയും പ്രധാനമന്ത്രി ബൗബോ സിസ്സേയെയും ചൊവ്വാഴ്ചയാണ് തടവിലാക്കിയത്. ഇരുവരെയും തലസ്ഥാനമായ ബമാകോയ്ക്ക് സമീപത്തെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ, പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് വൻ ജനക്കൂട്ടം തെരുവിലിറങ്ങിയിരുന്നു.
അതേസമയം, ഭരണഘടനാവിരുദ്ധമായ അധികാര കൈമാറ്റം നടക്കുന്നതിനെതിരെ ഫ്രാൻസും യൂറോപ്യൻ യൂണിയനും മാലിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപാധികളില്ലാതെ എത്രയും വേഗം കെയ്റ്റയെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. വിഷയത്തിൽ സുരക്ഷാ സമിതി ബുധനാഴ്ച അടിയന്തര യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

