‘ദിൽ തോ പാഗൽ ഹേ’ മുതൽ ‘ജിമിക്കി കമ്മൽ’ വരെ; ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ചിത്രങ്ങൾക്ക് ഹിറ്റ് പാട്ടുകളുമായി മലേഷ്യൻ പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: മുൻകൂട്ടി തയാറാക്കിയ പ്രസംഗങ്ങളും വാചകങ്ങളും നിലപാടുകളും തീരുമാനങ്ങളുമായാണ് രാജ്യങ്ങളുടെ തലവൻമാർ നയതന്ത്ര ചർച്ചകൾക്കായി എത്തുക. എന്നാൽ ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ബക്കറ്റ് ലിസ്റ്റിൽ മറ്റൊന്ന് കൂടിയുണ്ടായിരുന്നു. ബോളിവുഡിലെയും മറ്റും ഹിറ്റ് ഗാനങ്ങൾ.
അൻവർ ഇബ്രാഹിം തന്റെ സമൂഹമാധ്യമ പോസ്റ്റുകൾക്കായി തെരഞ്ഞെടുത്ത ഗാനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. ലോകനേതാക്കളുമായുള്ള ചിത്രങ്ങൾക്കും ഇന്ത്യയിലെ വിവിധ കൂടിക്കാഴ്ചകൾക്കും അനുയോജ്യമായ സിനിമാ ഗാനങ്ങളാണ് അദ്ദേഹം ചേർത്തത്. ഇന്ത്യയിലെത്തിയ അൻവർ ഇബ്രാഹിമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മണ്ഡപത്തിൽ സ്വീകരിക്കുന്നതിന്റെ വീഡിയോക്ക് ഷാരൂഖ് ഖാനും കാജോളും അഭിനയിച്ച ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യിലെ ‘തുജേ ദേഖാ തോ യേ ജാനാ സനം’ ആണ് അദ്ദേഹം തെരഞ്ഞെടുത്തത്. മോദിക്കൊപ്പമുള്ള മറ്റൊരു ചിത്രത്തിന് ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ദിൽ തോ പാഗൽ ഹേ’യിലെ ‘ദിൽ തോ പാഗൽ ഹേ’ എന്ന ടൈറ്റിൽ ഗാനവും നൽകി.
കേരളത്തിലെത്തിയ അൻവർ ഇബ്രാഹിം മുഖ്യമന്ത്രി വി.ഡി. സതീശനുമായും മറ്റ് കേരള നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് ചേർത്തത് ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലെ ‘എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ..’ എന്ന ഗാനമായിരുന്നു. ആമിർ ഖാൻ -കാജോൾ ചിത്രം ‘ഫനാ’യിലെ ‘ദേസ് രംഗീല രംഗീല’ എന്ന ഗാനവും മറ്റു ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചു.
ബ്രിക്സ് ഉച്ചകോടിയിൽ പ്രസംഗിക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പം അൻവർ ഇബ്രാഹിം തെരഞ്ഞെടുത്തത് സൽമാൻ ഖാൻ, റാണി മുഖർജി, പ്രീതി സിന്റ എന്നിവർ അഭിനയിച്ച ‘ഹർ ദിൽ ജോ പ്യാർ കരേഗാ’യിലെ ഗാനമാണ്. ഇന്ത്യയിൽനിന്നുള്ള മടക്കയാത്രയുടെ ചിത്രങ്ങൾക്കൊപ്പം ‘ലക്ഷ്യ’ എന്ന ചിത്രത്തിലെ ‘കന്ധോം സെ മിൽതേ ഹേ കന്ധേ’ എന്ന ഗാനവും അദ്ദേഹം ഉപയോഗിച്ചു.
ഇന്ത്യാ സന്ദർശനത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അൻവർ ഇബ്രാഹിം കണ്ടിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ‘വീർ സാര’യിലെ ‘ഐസാ ദേശ് ഹേ മേരാ’ എന്ന ഗാനമാണ് ഉപയോഗിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പമുള്ള ചിത്രത്തിനും അൻവർ ഇബ്രാഹിം തിരഞ്ഞെടുത്തത് വ്യത്യസ്തമായൊരു ബോളിവുഡ് ഗാനമാണ്. ആമിർ ഖാൻ നായകനായ ‘ലഗാൻ’ എന്ന ചിത്രത്തിലെ ‘ചലേ ചലോ’ എന്ന ഗാനമാണ് ചിത്രത്തിനൊപ്പം നൽകിയത്. ഒരുമിച്ച് നീങ്ങുന്നതിന്റെ സന്ദേശം സൂചിപ്പിക്കുന്നതാണ് ഈ ഗാനം.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനൊപ്പമുള്ള കൂടിക്കാഴ്ചയുടെ ചിത്രത്തിന് ‘നയാ ദൗർ’ എന്ന ചിത്രത്തിലെ ‘സാഥി ഹാഥ് ബഡാനാ’ എന്ന ഗാനവും അൻവർ ഇബ്രാഹിം ഉപയോഗിച്ചു. കൈകോർത്ത് ഒരുമിച്ച് മുന്നോട്ട് പോകുന്നതിനെക്കുറിച്ചാണ് ഈ ഗാനം.
ബ്രിക്സ് ഉച്ചകോടിക്കിടെ കിഷോർ കുമാറിന്റെ ‘ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്’ എന്ന ഗാനം അൻവർ ഇബ്രാഹിം ആലപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഏകദേശം ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

