പിഴത്തുക അടച്ചു: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മലേഷ്യൻ മുൻ പ്രധാനമന്ത്രിക്ക് ഇനി വീട്ടുതടങ്കൽ
text_fieldsക്വാലാലംപുർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന് രാജകീയ മാപ്പിന്റെ ഭാഗമായി ചുമത്തിയ പിഴത്തുക അടച്ചതായി അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് മലായ് നാഷണൽ ഓർഗനൈസേഷൻ (യു.എം.എൻ.ഒ) അറിയിച്ചു. ഇതോടെ ജയിലിൽനിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾക്ക് വഴിയൊരുങ്ങി.
കേസിലെ ശിക്ഷയുടെ ബാക്കി കാലാവധി വീട്ടുതടങ്കലിൽ കഴിയാൻ അനുവദിക്കുന്നതിന് മലേഷ്യൻ രാജാവ് സെപ്റ്റംബറിൽ അനുമതി നൽകിയിരുന്നു. നജീബിന് ലഭിക്കുന്ന രണ്ടാമത്തെ രാജകീയ മാപ്പിന്റെ ഭാഗമായിരുന്നു ഇത്. എന്നാൽ അദ്ദേഹത്തെ എപ്പോൾ വീട്ടിലേക്ക് മാറ്റുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
രാജകീയ മാപ്പിന്റെ വ്യവസ്ഥപ്രകാരം 50 ദശലക്ഷം മലേഷ്യൻ റിങ്കിറ്റ് (ഏകദേശം 117 കോടി ഇന്ത്യൻ രൂപ) പിഴയായി അടക്കേണ്ടതുണ്ടായിരുന്നു. ഇതിനായി നടത്തിയ ധനസമാഹരണത്തിലൂടെ തുക കണ്ടെത്തിയതായി യു.എം.എൻ.ഒ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ക്വാലാലംപുർ ഹൈകോടതിയിൽ പിഴത്തുക അടക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.
2009 മുതൽ 2018 വരെ മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന നജീബ്, സർക്കാർ നിക്ഷേപ ഫണ്ടായ 1മലേഷ്യ ഡെവലപ്‌മെന്റ് ബെർഹാദ് (1എംഡിബി) മായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ശിക്ഷിക്കപ്പെട്ടത്. ഫണ്ടിൽനിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്തെന്നായിരുന്നു കേസ്. നജീബുമായി ബന്ധമുള്ള അക്കൗണ്ടുകളിലേക്ക് ഒരു ബില്യൺ ഡോളറിലധികം എത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ 1എംഡിബി അഴിമതിയിലൂടെ 4.5 ബില്യൺ ഡോളർ വരെ തട്ടിയെടുത്തെന്നാണ് അമേരിക്കൻ അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്ക്. എന്നാൽ, താൻ കുറ്റക്കാരനല്ലെന്നും ആഗോളതലത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ തന്നെ ബലിയാടാക്കുകയാണെന്നുമാണ് നജീബിന്റെ വാദം..

