യു.എസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്ത് പിടിയിൽ, ദുരൂഹത
text_fieldsകൊല്ലപ്പെട്ട അഞ്ജന ഹരി, ആൻ മേരി മാത്യു, പൊലീസ് കസ്റ്റഡിയിലായ അനില
കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ഇവരുടെ സുഹൃത്തായ മറ്റൊരു മലയാളി യുവതി പിടിയിലായി. തൃശൂർ പീച്ചി സ്വദേശിയായ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജനയുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിയായ അനിലയെ (32) മിൽപീറ്റസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ വച്ച് അഞ്ജന ഹരിയെ അനില കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആൻ മേരിയുടെ മൃതദേഹം അപ്പാർട്ട്മെന്റിനുള്ളിൽ കുത്തേറ്റ നിലയിലായിരുന്നു.
ഇവർ മൂന്ന് പേരും കുടുംബസമേതം ഒരു അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് ആറുവയസ്സുള്ള മകളുണ്ട്. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു അഞ്ജന.
തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരിയെ അപ്പാർട്ട്മെന്റിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചിങ്ങവനം സ്വദേശിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട ആൻ. രണ്ട് കുട്ടികളാണ് ആനിനുള്ളത്. ഇവരുടെ സുഹൃത്താണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ള അനിലയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

