യു.കെയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു
text_fieldsബ്രൈറ്റൺ: യു.കെയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. ബ്രൈറ്റണിൽ താമസിക്കുന്ന ജോർജ് ജോസഫിന്റെയും ബീനയുടേയും മകൾ നേഹ ജോർജ് (25) ആണ് മരിച്ചത്. ആസ്ട്രേലിയൻ മലയാളിയായ ഭർത്താവിന്റെ അടുത്തേക്ക് പോവാനിരിക്കെയാണ് മരണം.
ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണ് നേഹയുടെ ഭർത്താവിന്റെ വീട്. യു.കെയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായിരുന്ന നേഹയ്ക്ക് ആസ്ട്രേലിയിൽ ജോലി ലഭിക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷം അസ്‌ട്രേലിയയിലേക്ക് പോകുന്നതിന്റെ സന്തോഷം പങ്കിടാന്‍ സുഹൃത്തുക്കൾക്കൊപ്പം വിടവാങ്ങൽ വിരുന്ന് നടത്തി മടങ്ങിയെത്തിയ നേഹ രാത്രി 9.30ഓടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രമധ്യേ മരണം സംഭവിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ് നേഹയുടെ മാതാപിതാക്കൾ. ആസ്ട്രേലിയയിൽ താമസമായ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായി 2021 ആഗസ്റ്റ് 21നാണ് നേഹയുടെ വിവാഹം കഴിഞ്ഞത്. കോട്ടയം പാലാ സ്വദേശികളാണ് ബിനിലിന്റെ മാതാപിതാക്കൾ.
ആസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുമ്പ് യു.കെയിലെ കവൻട്രിയിലാണ് ബിനിലും കുടുംബവും താമസിച്ചിരുന്നത്. ഫെബ്രുവരി 25നായിരുന്നു നേഹ ആസ്ട്രേലിയയ്ക്കുള്ള വിമാനം ബുക്ക് ചെയ്തിരുന്നത്.
നേഹയുടെ മരണത്തിൽ യു.കെ ബ്രൈറ്റൺ മലയാളി അസോസിയേഷനും ആസ്ട്രേലിയയിലെ ഡാർവിൻ മലയാളി അസോസിയേഷനും അനുശോചനം അറിയിച്ചു. മരണത്തെ തുടർന്നുള്ള തുടർ നടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ബ്രൈറ്റൺ മലയാളി അസോസിയേഷൻ പ്രവർത്തകർ നേഹയുടെ കുടുംബത്തോടൊപ്പമുണ്ട്. സംസ്കാരം പിന്നീട് നടക്കും.
2020ൽ റോയൽ സസെക്സ് കൗണ്ടി ഹോസ്പിറ്റലിൽ ജോലിക്കിടെ നേഹയുടെ പിതാവ് ജോർജ് ജോസഫിന് കുത്തേറ്റിരുന്നു. സംഭവത്തിൽ 30കാരൻ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

