തന്നെ മദ്യ മോഷ്ടാവാക്കിയ ഓസ്ട്രേലിയൻ പൊലീസിനെക്കൊണ്ട് മാപ്പ് പറയിച്ച് മലയാളി ഡോക്ടർ; കുമ്പസാരം രണ്ട് വർഷത്തിനൊടുവിൽ
text_fieldsമദ്യം മോഷ്ടിച്ചെന്ന് സംശയിച്ച് മലയാളി ഡോക്ടറുടെ ഫോട്ടോ പ്രചരിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ഓസ്ട്രേലിയന്‍ പോലീസ്. 2020ൽ നടന്ന സംഭവത്തിൽ നിയമപോരാട്ടത്തിനൊടുവിൽ 2022 ഓഗസ്റ്റ് 19നാണ് ഡോക്ടര്‍ പ്രസന്നന്‍ പൊങ്ങണം പറമ്പിലിനോട് പോലീസ് പരസ്യമായി മാപ്പു പറയുന്നത്. മദ്യഷോപ്പില്‍ നിന്ന് റം മോഷണം പോയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ എന്ന പേരില്‍ 2020 മെയ് 15നാണ് പ്രസന്നന്‌റെ ഫോട്ടോ ഓസ്‌ട്രേലിയന്‍ പോലീസ് ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്തത്.
ഓസ്ട്രേലിയയിലെ പാക്കൻഹാം ടൗൺ ഏരിയയിലെ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ മദ്യഷോപ്പിലെ മോഷണത്തിൽ സംശയിക്കുന്ന പ്രതിയുടെ ഫോട്ടോയായി ഡോ.പ്രസന്നന്റെ ചിത്രം വന്നതാണ് സംഭവങ്ങളുടെ തുടക്കം. ഫെയ്‌സ്ബുക്കിൽ വംശീയ ആക്ഷേപമടക്കം നിറഞ്ഞു. ആ കടയിൽ പ്രസന്നൻ പോയിരുന്നു. മദ്യം വാങ്ങിയതിന്റെ ബില്ലും ഉണ്ടായിരുന്നു. മദ്യം വാങ്ങി പണം കൊടുത്തശേഷം കാറിൽ കയറിയപ്പോൾ വില എടുത്തത് കൂടുതലാണോ എന്ന സംശയം തീർക്കാൻ കൗണ്ടറിലേക്ക് തിരികെ ചെന്നിരുന്നു. എന്നാൽ ഒരാൾ കൗണ്ടറിൽനിന്ന് കുപ്പിയുമെടുത്ത് പോയതായി കടക്കാർ പരാതി നൽകുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് നിൽക്കാതെ പോലീസ് പ്രസന്നനെ പ്രതിയുമാക്കി.
മെയ് 15ന് ഫോട്ടോ ലോക്കല്‍ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിട്ടുണ്ടായിരുന്നെങ്കിലും 16ന് ഒരു സുഹൃത്താണ് ഇക്കാര്യം വിളിച്ച് ശ്രദ്ധയില്‍പ്പെടുത്തുന്നതെന്ന് പ്രസന്നൻ പറയുന്നു. ഉടന്‍ പാക്കന്‍ഹാം പോലീസ് സ്‌റ്റേഷനില്‍ മദ്യം വാങ്ങിയതിന്റെ റെസീപ്റ്റുമായി പോയെങ്കിലും വല്ലാത്ത മുന്‍വിധിയോടെയാണ് പോലീസ് പെരുമാറിയത്. മാത്രവുമല്ല റെസീപ്റ്റ് കാണിച്ചു കൊടുത്തിട്ടും കുറ്റവാളിയോടെന്ന പോലെ പോലീസ് പെരുമാറുകയായിരുന്നു. ഇതിനെതിരേ ഡോ. പ്രസന്നന്‍ നടത്തിയ നിയമ പോരാട്ടത്തിലാണ് രണ്ട് വര്‍ഷത്തിനിപ്പുറം പോലീസ് മാപ്പ് പറഞ്ഞിരിക്കുന്നത്.
പരാതി കൊടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ ബില്ലിന്റെ പകർപ്പ് പോലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യംചെയ്യൽ സമയത്ത് ബില്ലിന്റെ കാര്യം പറഞ്ഞിരുന്നെങ്കിലും അവർ പരിഗണിച്ചിരുന്നില്ല. വീണ്ടും ഒരാഴ്ചയ്ക്കുശേഷം പ്രതിയല്ലെന്നു പറഞ്ഞ് പോലീസിന്റെ അറിയിപ്പു വന്നു. എന്നാൽ തനിക്കുണ്ടായ അപമാനഭാരം നിയമപോരാട്ടത്തിന് പ്രസന്നനെ പ്രേരിപ്പിച്ചു. ഒടുവിൽ പോലീസ് ഒത്തുതീർപ്പിന് തയ്യാറായി. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനായിരുന്നു ഇത്. നിരുപാധികം മാപ്പുപറഞ്ഞുകൊണ്ട് ഓഗസ്റ്റ് 17-ന് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ അവർ പോസ്റ്റിടുകയും ചെയ്തു.വിക്ടോറിയ ലാട്രോബ് റീജണല്‍ ഹോസ്പിറ്റലില്‍ ഡോക്ടറാണ് പ്രസന്നന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

