ബംഗ്ലാദേശ് സൈന്യത്തിൽ വൻ അഴിച്ചുപണി: ഇന്ത്യയിലെ പ്രതിരോധ ഉപദേഷ്ടാവിനെ തിരിച്ചുവിളിച്ചു
text_fieldsതരീഖ് റഹ്മാൻ
ധാക്ക: തരീഖ് റഹ്മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ രാജ്യത്തെ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (CGS), സൈനിക രഹസ്യാന്വേഷണ ഏജൻസി (DGFI) മേധാവി തുടങ്ങിയ തന്ത്രപ്രധാന തസ്തികകളിലാണ് മാറ്റങ്ങൾ വരുത്തിയത്. ഫെബ്രുവരി 12ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.എൻ.പി (BNP) വൻ ഭൂരിപക്ഷം നേടിയതിനെത്തുടർന്ന് ഫെബ്രുവരി 17നാണ് തരീഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ആർമി ട്രെയിനിങ് ആൻഡ് ഡോക്ട്രിൻ കമാൻഡ് (ARTDOC) മേധാവിയായിരുന്ന ലഫ്റ്റനന്റ് ജനറൽ എം. മൈനൂർ റഹ്മാനെ പുതിയ സി.ജി.എസ് മേധാവിയായി നിയമിച്ചു. വിരമിച്ച ലഫ്റ്റനന്റ് ജനറൽ മിസാനൂർ റഹ്മാൻ ഷമീമിന് പകരമാണിത്. രഹസ്യാന്വേഷണ വിഭാഗം (DGFI) മേധാവിയായിരുന്ന മേജർ ജനറൽ മുഹമ്മദ് ജഹാംഗീർ ആലമിനെ മാറ്റി. പകരം മേജർ ജനറൽ കൈസർ റഷീദ് ചൗധരിയെ ഡി.ജി.എഫ്.ഐ ഡയറക്ടർ ജനറലായി നിയമിച്ചു. ജഹാംഗീർ ആലമിനെ വിദേശകാര്യ മന്ത്രാലയത്തിൽ അംബാസഡറായി നിയമിച്ചു. പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ (PSO) മേധാവിയായിരുന്ന ലഫ്റ്റനന്റ് ജനറൽ എസ്.എം. കമ്രുൽ ഹസന് പകരം ലഫ്റ്റനന്റ് ജനറൽ മിർ മുഷ്ഫിഖുർ റഹ്മാനെ നിയമിച്ചു. കമ്രുൽ ഹസനെയും വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്.
സൈന്യത്തിലെ അഴിച്ചുപണിക്ക് പിന്നാലെ ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈകമ്മീഷനിൽ പ്രതിരോധ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹഫീസൂർ റഹ്മാനെ പുതിയ സർക്കാർ തിരിച്ചുവിളിച്ചു. അദ്ദേഹത്തിന് മേജർ ജനറലായി സ്ഥാനക്കയറ്റം നൽകുകയും 55-ാം ഇൻഫൻട്രി ഡിവിഷന്റെ ജി.ഒ.സി (GOC) മേധാവിയായി നിയമിക്കുകയും ചെയ്തു. ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന മേജർ ജനറൽ ജെ.എം. ഇംദാദുൽ ഇസ്‌ലാമിനെ ഈസ്റ്റ് ബംഗാൾ റെജിമെന്റൽ സെന്ററിന്റെ കമാൻഡന്റായി നിയമിച്ചു.
മുഹമ്മദ് യൂനുസിന്റെ 18 മാസത്തെ ഭരണത്തിന് ശേഷമാണ് തരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി സർക്കാർ അധികാരത്തിലെത്തിയത്. ഭരണമാറ്റത്തിന് പിന്നാലെ സൈന്യത്തിന്റെ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

