19 വയസ്സിന് താഴെയുള്ള ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് ചികിത്സ നൽകില്ല; ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി വൻകിട ആശുപത്രികൾ
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ട്രംപ് ഭരണകൂടവുമായി ഒപ്പുവെച്ച പുതിയ നിയമപരമായ കരാറുകളുടെ പശ്ചാത്തലത്തിൽ 19 വയസ്സിന് താഴെയുള്ള ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ലിംഗമാറ്റ ചികിത്സകളും ഹോർമോൺ ചികിത്സയും നൽകുന്നതിൽ നിന്ന് പ്രമുഖ ആശുപത്രികൾ പിന്മാറുന്നു. അമേരിക്കയിലെ പ്രമുഖമായ ആറോളം ആശുപത്രികളാണ് നീതിന്യായ വകുപ്പുമായി ഒപ്പുവെച്ച പുതിയ കരാറുകളുടെ അടിസ്ഥാനത്തിൽ ഈ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കൗൺസിലിങ് അഥവാ തെറാപ്പി മാത്രം മതിയെന്നും വലിയ രീതിയിലുള്ള മറ്റ് ചികിത്സകൾ ഒഴിവാക്കണമെന്നുമാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ നിലപാട്.
ഈ വിഷയത്തിലുള്ള ഫെഡറൽ അന്വേഷണങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ന്യുയോർക്ക് യൂണിവേഴ്സിറ്റി ലാംഗോൺ ഹോസ്പിറ്റൽസ്, യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗ് മെഡിക്കൽ സെന്റേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ നീതിന്യായ വകുപ്പുമായി കരാറുകളിൽ ഒപ്പുവെച്ചു. എൻ.വൈ.യു 8.5 ദശലക്ഷം ഡോളറും യു.പി.എം.സി 950,000 ഡോളറും ഫെഡറൽ സർക്കാരിന് പിഴയായി നൽകാനും സമ്മതിച്ചിട്ടുണ്ട്. നേരത്തെ ക്ലീവ്‌ലാൻഡ് ക്ലിനിക്ക്, കണക്റ്റിക്കട്ട് ചിൽഡ്രൻസ് ഹോസ്പിറ്റൽ തുടങ്ങിയ പ്രമുഖ ആശുപത്രികളും സമാനമായ രീതിയിൽ സബ്‌സിഡികളും കരാറുകളും അംഗീകരിച്ചിരുന്നു. രോഗികളുടെ രഹസ്യവിവരങ്ങൾ സർക്കാരിന് കൈമാറുന്നതിൽ നിന്നൊഴിവാകാനാണ് ഈ നടപടികളിലേക്ക് കടന്നതെന്ന് എൻ.വൈ.യു വ്യക്തമാക്കുന്നു.
എങ്കിലും ഈ നടപടി ആരോഗ്യമേഖലയിലും മനുഷ്യാവകാശ തലത്തിലും വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഫെഡറൽ സർക്കാർ ഒരു പ്രത്യേക വിഭാഗം ജനങ്ങളുടെ ചികിത്സയെ രാഷ്ട്രീയവൽക്കരിക്കുകയും അത് തടസ്സപ്പെടുത്തുകയും ചെയ്യുന്നത് അതീവ അപകടകരമായ മാതൃകയാണെന്ന് ജൻഡർ ലിബറേഷൻ മൂവ്‌മെന്റിന്റെ സഹസ്ഥാപകൻ എലിയൽ ക്രൂസ് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ പ്രമുഖ മെഡിക്കൽ സംഘടനകളെല്ലാം ഇത്തരം ചികിത്സകൾ തുടരണമെന്ന് വാദിക്കുമ്പോഴും സർക്കാരിന്റെ കടുത്ത നിയമനടപടികളും സബ്‌സിഡി തടസ്സപ്പെടുത്തലുകളും കാരണം പല ആശുപത്രികളും ഈ പ്രതിസന്ധിക്ക് മുന്നിൽ കീഴടങ്ങാൻ നിർബന്ധിതരാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

