ശ്രീലങ്കയിൽ വൻ ലഹരിമരുന്ന് വേട്ട: 110 കിലോ കഞ്ചാവുമായി 22 ബുദ്ധസന്യാസിമാർ വിമാനത്താവളത്തിൽ പിടിയിൽ
text_fieldsകൊളംബോ: ശ്രീലങ്കയിലെ കടുനായകെ ഭണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ലഹരിമരുന്ന് വേട്ടയിൽ 22 ബുദ്ധസന്യാസിമാർ പിടിയിലായി. ഇവരുടെ പക്കൽ നിന്ന് ഏകദേശം 112 കിലോയോളം വരുന്ന ഉയർന്ന ഗുണനിലവാരമുള്ള 'കുഷ്' ഇനത്തിൽപ്പെട്ട കഞ്ചാവും ഹാഷിഷും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് നാല് ദിവസത്തെ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഈ സന്യാസി സംഘം. കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസ് നാർക്കോട്ടിക് ബ്യൂറോയും നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സന്യാസിമാരുടെ പക്കലുണ്ടായിരുന്ന സമാനമായ സ്യൂട്ട്കേസുകളിൽ ഇരട്ട ഭിത്തികൾ നിർമ്മിച്ചാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 1.1 ബില്യൺ ശ്രീലങ്കൻ രൂപ (ഏകദേശം 110 കോടി രൂപ) വിലവരും. പിടിയിലായവരിൽ ഭൂരിഭാഗവും 19 നും 28 നും ഇടയിൽ പ്രായമുള്ള യുവ സന്യാസിമാരാണ്. ഇവർക്കൊപ്പം യാത്ര ആസൂത്രണം ചെയ്ത 23 കാരനായ മറ്റൊരു സന്യാസിയെ കൊളംബോയിലെ പനഗോഡയിൽ നിന്ന് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
സന്യാസിമാരുടെ മൊഴി പ്രകാരം, തായ്‌ലൻഡിലെ ചിലർ 'ദാനമായി' നൽകിയ പാർസലുകളാണ് ഇവയെന്നും, വിമാനത്താവളത്തിന് പുറത്ത് ഒരു വാൻ ഇവ കൈപ്പറ്റാൻ വരുമെന്നുമാണ് . എന്നാൽ ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് സന്യാസിവേഷം ഉപേക്ഷിച്ച് സാധാരണ വസ്ത്രത്തിൽ തായ്‌ലൻഡിൽ ഉല്ലാസയാത്ര നടത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
നെഗൊംബോ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തെത്തുടർന്ന് ശ്രീലങ്കയിലെ മുതിർന്ന ബുദ്ധമത നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പിടിയിലായവർ സന്യാസി സമൂഹത്തിന് അപമാനമാണെന്നും അവരെ ഉടൻ തന്നെ സന്യാസി പദവിയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

