‘ഇസ്രായേൽവിരുദ്ധ നിലപാട് തുടരും’; മഹ്മൂദ് ഖലീലിന് യു.എസിൽ വൻ സ്വീകരണം
text_fieldsനെവാർക്: ഫലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ അമേരിക്കയിൽ മൂന്നുമാസം തടവിൽ കഴിയേണ്ടിവന്ന ആക്ടിവിസ്റ്റ് മഹ്മൂമൂദ് ഖലീലിന് മോചനത്തിനുപിന്നാലെ വൻ സ്വീകരണം. തന്റെ കുഞ്ഞുമകനുമായി എത്തിയ ഖലീൽ തടിച്ചുകൂടിയ അനുയായികളെ അഭിവാദ്യം ചെയ്തു.
ഖലീലിന് പിന്തുണയുമായി എത്തിയവരിൽ യു.എസ് ജനപ്രതിനിധി സഭാംഗം അലക്സാൻഡ്രിയ ഒകാസിയോ കോർട്സും ഉണ്ടായിരുന്നു. ലൂസിയാനയിലെ ഫെഡറൽ ഇമിഗ്രേഷൻ കേന്ദ്രം വിട്ടശേഷം തൊട്ടടുത്ത ദിവസം അദ്ദേഹം ന്യൂ ജഴ്സിയിലെ നെവാർക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാർത്ത ലേഖകരെയും കണ്ടു. കൊളംബിയ സർവകലാശാല മുൻ ബിരുദ വിദ്യാർഥിയായ ഖലീൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാമ്പസുകളിലെ അഭിപ്രായസ്വാതന്ത്ര്യവിരുദ്ധ നയത്തിനെതിരായ പോരാട്ടങ്ങളിലെ പ്രധാന വ്യക്തിത്വമാണ്.
ഗസ്സ യുദ്ധത്തിൽ ഇസ്രായേൽവിരുദ്ധ നിലപാട് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗസ്സ വംശഹത്യക്ക് യു.എസ് സർക്കാർ ധനസഹായം ചെയ്യുകയാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങൾക്കൊപ്പം പ്രതിഷേധം തുടരുന്നത്. അവർ എന്നെ കൊന്നാലും ഫലസ്തീനുവേണ്ടി നിലകൊള്ളും. -ഖലീൽ തുടർന്നു. അൾജീരിയൻ പൗരനായ ഖലീലിനെ മാർച്ച് എട്ടിനാണ് കൊളംബിയയിലെ റെസിഡൻഷ്യൽ അപ്പാർട്മെന്റിൽനിന്ന് യു.എസ് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൈയിൽ വാറന്റ് ഉണ്ടായിരുന്നില്ല.
നിയമപരമായിതന്നെ യു.എസിലെ താമസക്കാരനാണെന്ന് പറഞ്ഞപ്പോൾ ഇതു റദ്ദാക്കുമെന്നായിരുന്നു പ്രതികരണം. യു.എസ് ഗ്രീൻ കാർഡ് കൈവശമുള്ള ഇവിടത്തെ സ്ഥിരംതാമസക്കാരനാണ് ഖലീൽ. ഖലീലിനെ മോചിപ്പിച്ച ജില്ല ജഡ്ജി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. നിയമപരമായ താമസ അവകാശമുള്ളയാളെ സംഘർഷങ്ങളിലൊന്നും പങ്കില്ലാതെ ഇത്തരത്തിൽ തടവിലാക്കുന്നത് വളരെ അസാധാരണമായ നടപടിയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

