കൊളംബോ: ശ്രീലങ്കയിൽ മേയ് ഒമ്പതിന് സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്റ് ചോദ്യംചെയ്തു. ചോദ്യംചെയ്യൽ മൂന്നു മണിക്കൂർ നീണ്ടു. മൊഴി റെക്കോഡ് ചെയ്തു. കലാപത്തിൽ 10 പേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതിന്റെ ഉത്തരവാദിത്തം കണക്കിലെടുത്ത് രാജപക്സ സഹോദരങ്ങൾ അധികാരമൊഴിയണമെന്നാവശ്യപ്പെട്ട് ഏറെ നാളുകളായി രാജ്യത്ത് പ്രക്ഷോഭം ശക്തമാണ്.
സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരെ മഹിന്ദയുടെ അനുയായികൾ ആക്രമണമഴിച്ചുവിടുകയായിരുന്നു. അക്രമം നടത്തിയത് മഹിന്ദ രാജപക്സയുടെയും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന (എസ്.എൽ.പി.പി) പാർട്ടി നേതാക്കളുടെയും പ്രേരണയാലാണെന്ന് ആരോപിച്ചുള്ള ഹരജിയിൽ മഹിന്ദ രാജപക്സ, മകനും മന്ത്രിയുമായിരുന്ന നമൽ രാജപക്സ എന്നിവരടക്കം 18 പേർ വിദേശത്തേക്കു കടക്കുന്നതു ഫോർട്ട് മജിസ്ട്രേറ്റ് കോടതി വിലക്കിയിരുന്നു. എന്നാൽ, കോടതി ഉത്തരവ് മഹിന്ദ രാജപക്സ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പാലിച്ചിരുന്നില്ലെന്ന് സി.ഐ.ഡി കണ്ടെത്തി.
രാജപക്സക്കു പുറമെ സീനിയർ ഡി.ഐ.ജി ദേശബന്ധു തെന്നക്കോൺ, കൊളംബോ മുനിസിപ്പൽ കൗൺസിൽ അംഗം മഹിന്ദ കഹന്ദഗാമ എന്നിവർ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നില്ലെന്നു സമ്മതിച്ചു.
എസ്.എൽ.പി.പി നേതാവും രാജപക്സ മന്ത്രിസഭയിൽ അംഗവുമായിരുന്ന ജോൺസ്റ്റൻ ഫെർണാണ്ടോ പാസ്പോർട്ട് നശിപ്പിച്ചതായി സി.ഐ.ഡിയെ അറിയിച്ചു. എം.പിമാരായ സനത് നിശാന്ത, പവിത്ര വണ്ണിയാർച്ചി, രോഹിത അബെഗുണവർധന, നമൽ രാജപക്സ, കാഞ്ചന ജയരത്നെ എന്നിവർ കോടതിയിൽ പാസ്പോർട്ട് സമർപ്പിച്ചിരുന്നു.