മദുറോക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ; ഭീകരവിരുദ്ധ, ലഹരിവിരുദ്ധ നിയമപ്രകാരം യു.എസിൽ വിചാരണ നേരിടേണ്ടിവരും
text_fieldsനിക്കോളാസ് മദുറോ
ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദുറോ ഭാര്യ സിലിയ ഫ്ലോർസ് എന്നിവർക്കെതിരെ യു.എസിൽ ക്രിമിനൽക്കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് അറ്റോണി ജനറൽ പമേല ബോണ്ടി. ഇരുവർക്കുമെതിരെ അമേരിക്കൻ മണ്ണിൽ, അമേരിക്കൻ കോടതികളിൽ, അമേരിക്കൻ നീതി നടപ്പാക്കുമെന്ന് ബോണ്ടി എക്സിൽ കുറിച്ചു.
നാർക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വെക്കൽ, യു.എസിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മദുറോക്കെതിരെ കുറ്റപത്രത്തിൽ പറയുന്നതെന്നാണ് യു.എസ് പാം ബോണ്ടി ചൂണ്ടിക്കാട്ടുന്നത്.. വെനസ്വേലക്കെതിരെ അമേരിക്ക വലിയൊരു ആക്രമണം നടത്തിയെന്നും നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തെത്തിച്ചെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവരുടെ പരാമർശം.
അമേരിക്കൻ സൈന്യത്തിന്റെ ഡെൽറ്റ ഫോഴ്സാണ് ഇരുവരേയും തടവിലാക്കിയത്. യു.എസ് മിലിറ്ററിയുടെ തീവ്രവാദ വിരുദ്ധസേനയാണ് ഡെൽറ്റ ഫോഴ്സ്. മയക്കുമരുന്ന് സംഘങ്ങൾക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് മദുറോയെ തടവിലാക്കിയത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. വെനസ്വേലയിൽ വൻ ആക്രമണം നടത്തി. നിക്കാളോസ് മദുറോയേയും ഭാര്യയേയും തടവിലാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമണങ്ങളെ തുടർന്ന് വെനസ്വേല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് മുഴുവൻ സൈന്യത്തെ വിന്യസിച്ചതായി വെനസ്വേല പ്രതിരോധമന്ത്രി അറിയിച്ചു. അതേസമയം, വെനസ്വേലൻ പ്രസിഡന്റ് ജീവനയോടെയിരിപ്പുണ്ടെന്ന് തെളിയിക്കാൻ രേഖകൾ കൈമാറണമെന്ന് വെനസ്വേലൻ സർക്കാർ ആവശ്യപ്പെട്ടു.
ഇതിനിടെ പ്രസിഡന്റ് മദുറോയെ പിടികൂടാൻ ട്രംപ് ദിവസങ്ങൾക്ക് മുമ്പേ അനുമതി നൽകിയതായും യു.എസ് സൈന്യത്തിന്റെ ഡെൽറ്റ ഫോഴ്‌സ് ഈ ദൗത്യം നിർവ്വഹിച്ചതായും അധികൃതരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. മാസങ്ങൾക്ക് മുമ്പ് ട്രംപ് വെനസ്വേലയിൽ രഹസ്യ പ്രവർത്തനങ്ങൾക്ക് സി.ഐ.എക്ക് അനുമതി നൽകി. അവർ മദുറോയുടെ സ്ഥാനം കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വെനസ്വേലയുടെ ജനകീയ നേതാവായിരുന്ന ഹ്യൂഗോ ഷാവേസിന്റെ ദീർഘകാല സഖ്യകക്ഷിയായിരുന്നു മദുറോ. ഷാവേസ് കാൻസർ ബാധിച്ച് മരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി 2013ലാണ് മഡുറോ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

