അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മദൂറോ കാരക്കാസിൽ; ഫോണിൽ സംസാരിച്ചെന്ന് ട്രംപ്
text_fieldsകാരക്കാസ്: യു.എസുമായുള്ള അസ്വാരസ്യങ്ങൾക്കിടെ പലായനം ചെയ്തെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഞായറാഴ്ച പൊതുവേദിയിൽ പ്രത്യക്ഷനായി വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ. ആഴ്ചയിൽ പലതവണ വെനിസ്വേലൻ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടിരുന്ന മദൂറോ കഴിഞ്ഞ ബുധനാഴ്ച മുതൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ എത്താതിരുന്നതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. കൂടാതെ, ടെലഗ്രാം ചാനലിൽ കാരക്കാസിൽ വാഹനത്തിൽ സഞ്ചരിക്കുന്ന വിഡിയോയും പുറത്തുവന്നതോടെ അദ്ദേഹം എവിടെയാണെന്ന ഊഹാപോഹങ്ങൾക്കും കാരണമായിരുന്നു.
വെനിസ്വേലൻ പ്രസിഡന്റുമായി താൻ ഫോണിൽ സംസാരിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. അതൊരു ഫോൺ കാൾ മാത്രമായിരുന്നെന്നും നല്ലതോ ചീത്തയോ എന്ന് പറയുന്നില്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കിഴക്കൻ കാരക്കാസിൽ നടന്ന പരിപാടിയിലാണ് ഞായറാഴ്ച മദൂറോ പങ്കെടുത്തത്. ജനക്കൂട്ടത്തിനിടയിൽ പ്രസിഡന്റ് ഇരിക്കുന്നതും മികച്ച ഉൽപന്നങ്ങൾ പരിചയപ്പെടുത്തിയവർക്ക് മെഡലുകൾ നൽകുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്. പരിപാടിയുടെ അവസാനം രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെക്കുറിച്ച് സംസാരിച്ച അദ്ദേഹം നശിപ്പിക്കാനാകാത്ത, തൊടാൻ കഴിയാത്ത, തോൽപ്പിക്കാനാകാത്ത രാജ്യമാണ് വെനിസ്വേലയെന്ന് പറഞ്ഞു.
ലഹരിമരുന്ന് വിരുദ്ധ പോരാട്ടത്തിന്റെ മറവിൽ യു.എസ് നിരവധി യുദ്ധകപ്പലുകൾ അയക്കുകയും 1500ലധികം സൈനികരെ വെനിസ്വേലൻ മേഖലയിൽ വിന്യസിക്കുകയും ചെയ്തിരുന്നു. യു.എസുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കുള്ള മറുപടിയാണ് മദൂറോ നൽകിയതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

