അടിമയുടെ സമാധാനം ഞങ്ങൾക്ക് വേണ്ട, ഒരിക്കലും അടിമയാവില്ല -ട്രംപിനെതിരെ രൂക്ഷ പ്രതികരണവുമായി വെനസ്വേലൻ പ്രസിഡന്റ്
text_fieldsകറാക്കസ്: രാജ്യം വിടാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയെന്ന റിപ്പോർട്ടിന് പിന്നാലെ, രൂക്ഷ പ്രതികരണവുമായി വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മദൂറോ. അടിമയുടെ സമാധാനം തങ്ങൾക്ക് വേണ്ടെന്നും ഒരിക്കലും അടിമയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ തലസ്ഥാനമായ കറാക്കസിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് മദൂറോ സംസാരിച്ചത്. തന്റെ രാജ്യം സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാൽ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മദൂറോ രാജ്യം വിടണമെന്ന് ട്രംപ് നിർദേശം നൽകിയെന്ന് മയാമി ഹെറാൾഡിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ‘താങ്കൾക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാം. താങ്കളുടെ അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവെക്കുക, രാജ്യം വിടുക’ -എന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്.
നവംബർ 21ന് ട്രംപും മദൂറോയും ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇതിനു ശേഷം ഇരുനേതാക്കളും തമ്മിൽ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് സൂചന.
മയക്കുമരുന്ന് കടത്തുകാരെ തുരത്താനെന്ന പേരിൽ നിക്കൊളാസ് മദൂറോ സർക്കാറിനെ അട്ടിമറിക്കാൻ ട്രംപ് ഭരണകൂടം പരസ്യമായി ഇടപെടുകയാണെന്ന വിമർശനം ശക്തമാണ്. വെനസ്വേലയുടെ വ്യോമാതിർത്തി അടച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ‘വിമാനക്കമ്പനികളും പൈലറ്റുമാരും മയക്കുമരുന്ന്-മനുഷ്യക്കടത്തുകാരും അറിയാൻ, വെനസ്വേലക്ക് മുകളിലും ചുറ്റുമുള്ള വ്യോമാതിർത്തി പൂർണമായി അടച്ചതായി പരിഗണിക്കണം’ -എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ, സാമ്രാജ്യത്വ ഭീഷണിയാണിതെന്നും രാജ്യത്തിന്റെ പരമാധികാരവും വ്യോമസുരക്ഷയും ലംഘിക്കുന്നതായതിനാൽ തള്ളുന്നുവെന്നുമായിരുന്നു വെനിസ്വേലൻ സർക്കാർ മറുപടി നൽകിയത്.
സൈനികനീക്കത്തിന് യു.എസ് ഒരുങ്ങുന്നുവെന്ന സൂചനകളെ തുടർന്ന് ഈ മാസാദ്യത്തിൽതന്നെ നിരവധി വിമാന സർവിസുകൾ വെനസ്വേലൻ വ്യോമാതിർത്തി ഒഴിവാക്കി തുടങ്ങിയിരുന്നു. യു.എസിനെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് ആറ് വിമാന കമ്പനികൾക്ക് രാജ്യത്ത് ഇറങ്ങുന്നതിന് വിലക്ക് പ്രഖ്യാപിച്ച് വെനിസ്വേല തിരിച്ചടിക്കുകയും ചെയ്തിരുന്നു.
മയക്കുമരുന്ന് കടത്തുകാർക്കുനേരെ കരമാർഗം ആക്രമണം നടത്താൻ പോകുകയാണെന്ന് ട്രംപ് പ്രതികരിച്ചു. യു.എസിന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാർഡ് ആർ. ഫോർഡ് കരീബിയൻ കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. വെനിസ്വേലയിൽനിന്നെന്ന് കരുതുന്ന 20ലേറെ കപ്പലുകൾക്കുനേരെ യു.എസ് നടത്തിയ ആക്രമണങ്ങളിൽ 82 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

