യുദ്ധ മുനമ്പിൽ അമേരിക്ക സമ്മർദം തുടരുമ്പോഴും ‘അടിമത്തത്തിനു പകരമായുള്ള സമാധാനം’ നിരസിച്ച് മദൂറോ
text_fieldsകാരക്കാസ്: യു.എസ് സൈനിക നടപടിയെച്ചൊല്ലി സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ, കാരക്കാസിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും തന്റെ ജനങ്ങളോട് സമ്പൂർണ വിശ്വസ്തത’ വാഗ്ദാനം ചെയ്യുകയും ചെയ്തു. വെനസ്വേലക്കെതിരായ അടുത്ത നടപടികൾ ചർച്ച ചെയ്യാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തന്റെ ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് കാരക്കാസിൽ റാലി നടന്നതെന്നാണ് റിപ്പോർട്ട്.
‘ രാജ്യം സമാധാനം ആഗ്രഹിക്കുന്നു. പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം മാത്രം മതി. അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട! -മിറാഫ്ലോറസ് കൊട്ടാരത്തിന് പുറത്ത് വെനസ്വേലൻ പതാകകൾ വീശിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് മദൂറോ പറഞ്ഞു.
മയക്കുമരുന്ന് കടത്ത് വിരുദ്ധ നടപടി എന്ന് വിശേഷിപ്പിച്ച് കരീബിയൻ കടലിൽ സൈനിക വിന്യാസം നടത്തി ട്രംപ് ഭരണകൂടം വെനസ്വേലക്കുമേൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. മദൂറോ സർക്കാറിനെ അട്ടിമറിക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് വെനസ്വേല പറയുന്നു. എണ്ണ ഉൾപ്പെടെയുള്ള വെനിസ്വേലയുടെ വിശാലമായ പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ അമേരിക്ക ഭരണമാറ്റം തേടുകയാണെന്നും പറയുന്നു.
മേഖലയിൽ 15,000 സൈനികരെയും ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലിനെയും യു.എസ് വിന്യസിച്ചിട്ടുണ്ട്. അതേസമയം, മദൂറോ നയിക്കുന്ന മയക്കുമരുന്ന് കടത്ത് കാർട്ടൽ എന്ന് ആരോപിച്ച് ‘കാർട്ടൽ ഡി ലോസ് സോൾസിനെ’ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. സെപ്തംബർ മുതൽ കരീബിയൻ, പസഫിക് മേഖലകളിൽ മയക്കുമരുന്ന് ബോട്ടുകളിൽ കുറഞ്ഞത് 21 ആക്രമണങ്ങളെങ്കിലും അവർ നടത്തി. കുറഞ്ഞത് 83 പേർ കൊല്ലപ്പെട്ടു.
അതേസമയം, ട്രംപ് ഞായറാഴ്ച മദൂറോയുമായി ഫോണിൽ സംസാരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ, വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. അത് നല്ലതോ മോശമോ ആയിരുന്നില്ലെന്ന് പറഞ്ഞു. നവംബർ 21ലെ കോളിനിടെ മദൂറോക്ക് വെനസ്വേലയിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ ട്രംപ് വാഗ്ദാനം ചെയ്തതായി സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യു.എസ് ഉപരോധങ്ങളെല്ലാം നീക്കം ചെയ്യുന്നതും അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) മുമ്പാകെ അദ്ദേഹം നേരിടുന്ന പ്രധാന കേസ് അവസാനിപ്പിക്കുന്നതും ഉൾപ്പെടെ നിയമപരമായ പൊതുമാപ്പ് ലഭിച്ചാൽ വെനസ്വേല വിടാൻ തയ്യാറാണെന്ന് മദൂറോ ട്രംപിനോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മനുഷ്യാവകാശ ലംഘനം, മയക്കുമരുന്ന് കടത്ത്, അഴിമതി എന്നീ കുറ്റങ്ങൾക്ക് യു.എസ് ആരോപിക്കുന്ന 100ലധികം കുറ്റങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഉപരോധം പിൻവലിക്കാനും മദൂറോ അഭ്യർത്ഥിച്ചുവെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു.
എന്നാൽ, ട്രംപ് അദ്ദേഹത്തിന്റെ മിക്ക അഭ്യർഥനകളും നിരസിച്ചു. പക്ഷേ, കുടുംബാംഗങ്ങൾക്കൊപ്പം വെനിസ്വേലയിൽ നിന്ന് തനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് പോകാൻ ഒരു ആഴ്ചയുണ്ടെന്ന് മദൂറോയോട് പറഞ്ഞു. ആ മുന്നറിയിപ്പ് വെള്ളിയാഴ്ച കാലഹരണപ്പെട്ടു. ഇതോടെ, വെനിസ്വേലയുടെ വ്യോമാതിർത്തി ശനിയാഴ്ച ട്രംപ് അടക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

