‘കാര്യങ്ങൾ നന്നായി ചെയ്യുന്നു; ഞങ്ങൾ പോരാളികളാണ്’; തട്ടിക്കൊണ്ടുപോകലിനു ശേഷം യു.എസ് ജയിലിൽ നിന്നും ആദ്യമായി മദൂറോ
text_fieldsകാരക്കാസ്: ജനുവരി മൂന്നിന് യു.എസിന്റെ പ്രത്യേക സേന തട്ടിക്കൊണ്ടുപോയതിനെത്തുടർന്ന് മയക്കുമരുന്ന് കടത്ത് കുറ്റത്തിന് വിചാരണ കാത്തിരിക്കുന്നതിനിടെ, അമേരിക്കയുടെ ഫെഡറൽ ജയിലിലിൽ നിന്നുമുള്ള പിതാവിന്റെ വാക്കുകളെ ഉദ്ധരിച്ച് നിക്കോളാസ് മദൂറോയുടെ മകൻ വിഡിയോ സന്ദേശം പുറത്തുവിട്ടു. യു.എസ് ജയിലിൽ ‘ കാര്യങ്ങൾ നന്നായി’ ചെയ്യുന്നുവെന്നും താനും ഭാര്യ സിലിയ ഫ്ലോറസും വിചാരണ കാത്തിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചതായി മദൂറോയുടെ മകനും നിയമസഭാംഗവുമായ നിക്കോളാസ് മദൂറോ ഗുവേര വിഡിയോയിൽ പറഞ്ഞു.
‘കാര്യങ്ങൾ ഒക്കെ നന്നായി ചെയ്യുന്നു. ഞങ്ങൾ പോരാളികളാണ്’ എന്നായിരുന്നു മദൂറോയെ ഉദ്ധരിച്ചുള്ള വാക്കുകൾ. ഭരണകക്ഷിയായ പി.എസ്.യു.വി പാർട്ടിയാണ് വിഡിയോ പുറത്തിറക്കിയത്.
അതിനിടെ, രാജ്യത്ത് മദൂറോ അനുകൂല റാലികൾ തുടരുന്നതിനിടെ ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനെയും ട്രംപ് ഭരണകൂടത്തിന് വെനിസ്വേലയുടെ എണ്ണ ശേഖരം വിൽക്കുന്നതിനെയും കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി കാരക്കാസിലെ യു.എസ് പ്രതിനിധികളുമായി ഔപചാരിക ‘പര്യവേക്ഷണ’ ചർച്ചകൾ ആരംഭിച്ചു.
നിക്കോളാസ് മദൂറോയെ യു.എസ് സൈന്യം നാടകീയമായി തട്ടിക്കൊണ്ടുപോയിട്ട് ഒരാഴ്ച പിന്നിട്ടു. ശനിയാഴ്ചയും അദ്ദേഹത്തിന്റെ അനുയായികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മുൻ നേതാവിന്റെയും ഭാര്യയുടെയും മുഖമുള്ള പതാകകളും പ്ലക്കാർഡുകളും അവർ വീശി. കാരക്കാസിന്റെ പടിഞ്ഞാറൻ ഭാഗത്ത് 1,000ത്തോളവും കിഴക്കൻ പെറ്റാരെ ജില്ലയിൽ നൂറുകണക്കിനും പ്രതിഷേധക്കാർ റാലിയിൽ പങ്കെടുത്തു.
അതേസമയം, യു.എസുമായി നയതന്ത്ര ബന്ധം പുനഃരുജ്ജീവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള എണ്ണ വിൽപ്പനയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നുവെന്ന് പറഞ്ഞ സർക്കാറിലെ ഉന്നത വ്യക്തികൾ റാലികളിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധിക്കപ്പെട്ടു.
ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പകരം ഒരു കാർഷിക മേളയിൽ പങ്കെടുത്തു. അവിടെ അവർ പ്രസിഡന്റിനെ തിരികെ കൊണ്ടുവരുന്നതുവരെ ഒരു മിനിറ്റ് പോലും വിശ്രമിക്കില്ല എന്നും പ്രതിജ്ഞയെടുത്തു. സർക്കാറിലെ മറ്റ് രണ്ട് അധികാര കേന്ദ്രങ്ങളായ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ, പ്രതിരോധ മന്ത്രി വ്ലാദിമിർ പാഡ്രിനോ ലോപ്പസ് എന്നിവരെയും പ്രകടനങ്ങളിൽ കണ്ടില്ല.
മദൂറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ ദക്ഷിണ അമേരിക്കൻ രാജ്യത്തിന്റെ ‘ചുമതല’ തങ്ങൾക്കാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിനെത്തുടർന്ന് യു.എസുമായുള്ള സഹകരണത്തിന്റെ സൂചനകൾ പുറത്തുവന്നിരുന്നു. വെനിസ്വേല നയതന്ത്ര മാർഗത്തിലൂടെ യു.എസുമായി ഇടപെടുമെന്ന് റോഡ്രിഗസ് പറഞ്ഞു. യു.എസ് പ്രതിനിധികൾ അവരുടെ എംബസി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കാരക്കാസ് സന്ദർശിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ട്രംപ് ഭരണകൂടം വെനിസ്വേലയിലെ ഇടക്കാല അധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും വെനിസ്വേലയുടെ വലിയ എണ്ണ ശേഖരത്തിലേക്ക് പ്രവേശനം നൽകണമെന്ന ട്രംപിന്റെ ആവശ്യങ്ങളിൽ അദ്ദേഹവുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. എന്നാൽ, വെനിസ്വേല യു.എസിനു ‘കീഴടങ്ങിയതല്ല’ എന്ന് വാദിച്ചുകൊണ്ടുള്ള ശക്തമായ മദൂറോ അനുകൂല റാലികളെ ശാന്തമാക്കാനും അവർ ശ്രമം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

