മദീന ബസ് ദുരന്തം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് കേന്ദ്ര ഉന്നതതല പ്രതിനിധി സംഘം സൗദിയിലെത്തും
text_fieldsമദീന: മദീനയ്ക്ക് സമീപം ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസും ട്രക്കുമായി കൂട്ടിയിടിച്ച് തീ പിടിച്ച് 45 തീർത്ഥാടകർ മരിച്ച സംഭവത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായം എത്തിക്കുന്നതിനുമായി കേന്ദ്ര ഉന്നതതല പ്രതിനിധി സംഘം സൗദിയിലെത്തും. ഇന്ത്യൻ തീർത്ഥാടകർക്ക് സംഭവിച്ച ദുരന്തത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. സൗദി അധികൃതരുമായി, പ്രത്യേകിച്ച് ഹജ്ജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഉറപ്പാക്കുക എന്നതാണ് പ്രതിനിധി സംഘത്തിൻ്റെ പ്രധാന ദൗത്യം.
ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റിസ് എസ്. അബ്ദുൾ നസീറിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും കോൺസുലർ, പാസ്‌പോർട്ട്, വിസ, പ്രവാസികാര്യ വിഭാഗം സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും മറ്റു ഉദ്യോഗസ്ഥരും ഉൾപ്പെടും. മരിച്ചവരുടെ അന്ത്യകർമങ്ങളിൽ സംഘം പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയുന്ന നടപടികൾ വേഗത്തിലാക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും സൗദി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്ര സൗകര്യപ്പെടുത്തുന്നതിനുള്ള നടപടികളും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്.
ഞായറാഴ്ച സൗദി സമയം രാത്രി 11 മണിയോടെയാണ് ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. 46 ഇന്ത്യക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ഇവരിൽ ഒരാളൊഴികെ ബാക്കി 45 പേരും മരിച്ചു. മരിച്ചവരിൽ അധികവും തെലുങ്കാനയിൽ നിന്നുള്ളവരാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

