Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീലില്‍ തീവ്രവലതുപക്ഷത്തെ വീഴ്ത്തി ലുല സിൽവക്ക് ചരിത്രവിജയം

text_fields
bookmark_border
ബ്രസീലില്‍ തീവ്രവലതുപക്ഷത്തെ വീഴ്ത്തി ലുല സിൽവക്ക് ചരിത്രവിജയം
cancel

ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്രപ്രധാനമായ വിജയം നേടി നിലവിലെ ഇടത് പ്രസിഡന്റ് ലുല സിൽവ. കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർഥിയായ സെനറ്റർ ഫ്ലാവിയോ ബോൾസോനെറേയാണ് പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിലെ തിരിച്ചടിക്ക് ശേഷം അതിശയകരമായ തിരിച്ചുവരവാണ് ലുല നടത്തിയത്.

ഞായറാഴ്ച രാത്രി ബ്രസീലിയ സമയം ഒമ്പത് മണിയോടെ ബ്രസീലിന്റെ സുപ്പീരിയർ ഇലക്ടറൽ കോർട്ട് ലുലയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെ വോട്ടുകളുടെ 51 ശതമാനത്തിലധികം (ആറു കോടിയിലധികം വോട്ടുകൾ) നേടിയാണ് ലുല വിജയം ഉറപ്പിച്ചത്. എതിരാളിയായ ഫ്ലാവിയോ ബോൾസോനാറോ 48 ശതമാനത്തോളം വോട്ടുകൾ നേടി. ഇരുവർക്കും ഇടയിൽ നാല് ദശലക്ഷത്തിലധികം വോതുകളുടെ വ്യത്യാസമാണുണ്ടായിരുന്നത്.

ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പരാജയപ്പെട്ട ശേഷം രണ്ടാം റൗണ്ടിൽ വിജയിക്കുന്ന ആധുനിക ബ്രസീലിയൻ ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ നേതാവാണ് ലുല ദ സിൽവ. തൊഴിലാളി യൂനിയൻ നേതാവായി രാഷ്ട്രീയത്തിലെത്തിയ 80 കാരനായ ലുല, ജനുവരി അഞ്ചിന് ബ്രസീൽ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. രാജ്യത്തിന്റെ ജനാധിപത്യ തിരിച്ചുവരവിന് ശേഷമുള്ള ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന സ്വന്തം റെക്കോർഡും ലുല ഇതിലൂടെ തിരുത്തിക്കുറിക്കുകയാണ്. തുടർച്ചയായി അല്ലാത്ത നാലാം തവണയാണ് അദ്ദേഹം ബ്രസീലിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തുന്നത്.

ആവേശത്തോടെയാണ് ലുല വിജയാഘോഷ വേദിയിൽ സംസാരിച്ചത്. ഭാവിയിൽ തന്റെ നിയമനിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ വെല്ലുവിളികളും തടസ്സങ്ങളും നേരിടേണ്ടി വരുമെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.

‘ഞാനല്ല കോൺഗ്രസിനെ തെരഞ്ഞെടുക്കുന്നത്, ജനങ്ങളാണ് അവരെ തെരഞ്ഞെടുത്തത്. ജനങ്ങളോടൊപ്പം നിന്നുകൊണ്ട് തന്നെയാണ് ഞാൻ വോട്ടുകളും ജോലികളും നിയമങ്ങളും അംഗീകരിപ്പിച്ചെടുക്കുന്നത്’- ലുല വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ വോട്ട് രേഖപ്പെടുത്തിയ ഓരോ വോട്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ചില പ്രദേശങ്ങളിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്നിരുന്നു. തൊഴിലാളികൾക്കിടയിൽ സ്വാധീനമുള്ള ലുലയുടെ വോട്ട് ബാങ്ക് തടസ്സപ്പെടുത്താൻ ബോൾസോനാറോ അനുകൂലികൾ ബസ് സർവലസുകൾ വെട്ടിക്കുറച്ചതായി ലുലയുടെ സഖ്യകക്ഷികൾ ആരോപിച്ചു. കൂടാതെ ബോൾസോനാറോയുടെ ശക്തികേന്ദ്രങ്ങളിൽ ശക്തമായ മഴയും തിരിച്ചടിയായി.

ഇതേതുടർന്ന് ഇരുപക്ഷവും സുപ്രീം കോടതിയെ സമീപിക്കുകയും പോളിങ് സമയം രണ്ട് മണിക്കൂർ നീട്ടി രാത്രി ഏഴ് മണി വരെയാക്കുകയും ചെയ്തിരുന്നു.

ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിൽ ലുലയുടെ വിജയം തീവ്രവലതുപക്ഷത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പെറു, കൊളംബിയ, അർജന്റീന, ബൊളീവിയ, ഇക്വഡോർ തുടങ്ങിയ സമീപ രാജ്യങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ വലതുപക്ഷ നേതാക്കൾ അധികാരത്തിൽ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലുലയുടെ വിജയം ശ്രദ്ധേയമാകുന്നത്.

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം, യു.എസ് സെനറ്റർ ബെർണി സാൻഡേഴ്സ് തുടങ്ങി നിരവധി പ്രമുഖർ ലുലക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും കുടുംബത്തിന്റെയും മുൻകാല നിലപാടുകളും ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉന്നയിച്ച വിമർശനങ്ങളും വരും ദിവസങ്ങളിൽ യു.എസ്-ബ്രസീൽ നയതന്ത്രബന്ധത്തിൽ നിർണ്ണായകമായേക്കാം.മുൻ പ്രസിഡന്റ് ജൈർ ബോൾസോനാറോയുടെ മകനാണ് തോൽവി ഏറ്റുവാങ്ങിയ ഫ്ലാവിയോ ബോൾസോനാറോ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lula Secures Historic Win In Brazil Defeating Far-Right Rival
Next Story