Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേലിന്റെ ആ സ്ഫോടനത്തിൽ നഷ്ടമായത് മകൾ അടക്കം 39 പേരെ; മാസങ്ങളോളം തെരുവിൽ ഉറങ്ങി, ഒടുവിൽ സ്വന്തം കൈകൊണ്ട് കുടുംബത്തെ ഖബറടക്കി മഹ്മൂദ്

text_fields
bookmark_border
ഇസ്രായേലിന്റെ ആ സ്ഫോടനത്തിൽ നഷ്ടമായത് മകൾ അടക്കം 39 പേരെ; മാസങ്ങളോളം തെരുവിൽ ഉറങ്ങി, ഒടുവിൽ സ്വന്തം കൈകൊണ്ട് കുടുംബത്തെ ഖബറടക്കി മഹ്മൂദ്
cancel

ഗസ്സ സിറ്റി: ഇസ്രായേൽ നരനായാട്ടിൽ കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ നാൽപതുകാരനായ ഫലസ്തീൻ യുവാവ് മഹ്മൂദ് ഖല്ലയുടെ ഹൃദയഭേദകമായ ജീവിതം നൊമ്പരമാകുന്നു. തനിക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഖബറുകൾ ദിനവും രാവിലെ സന്ദർശിക്കുന്നത് മഹ്മൂദിന്റെ ഇപ്പോഴത്തെ പതിവാണ്. കുടുംബം ഒപ്പമുണ്ടെന്ന തോന്നലിലാണ് അദ്ദേഹം ഇപ്പോഴും ആ നിമിഷങ്ങൾ തള്ളിനീക്കുന്നത്.

2023 ഡിസംബർ 21-നാണ് മഹ്മൂദിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം നടന്നത്. വടക്കൻ ഗസ്സയിലെ ജബാലിയയിലുള്ള അഞ്ച് നിലയുള്ള കുടുംബവീട്ടിൽ മഹ്മൂദിന്റെ ഭാര്യയും മൂന്ന് മക്കളും മാതാതാക്കളും രണ്ട് സഹോദരന്മാരും അവരുടെ കുടുംബങ്ങളും സഹോദരിയും മക്കളും അടക്കം 39 ബന്ധുക്കൾ ഒത്തുകൂടിയിരുന്നു.

പ്രദേശത്ത് ഇസ്രായേൽ ടാങ്കുകൾ വളഞ്ഞതോടെ ഭക്ഷണക്ഷാമം രൂക്ഷമായിരുന്നു. കുടുംബത്തിന് എന്തെങ്കിലും ഭക്ഷണസാധനങ്ങൾ ലഭ്യമാക്കാനായി വീടിന് പുറത്തിറങ്ങിയതായിരുന്നു മഹ്മൂദ്. 15 മിനിറ്റുകൾ കഴിഞ്ഞയുടൻ വലിയൊരു സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ മഹ്മൂദ് കണ്ടത് തകർന്നു തരിപ്പണമായ സ്വന്തം വീടാണ്. ആ ആക്രമണത്തിൽ വീടിനുള്ളിലുണ്ടായിരുന്ന 39 പേരും തൽക്ഷണം കൊല്ലപ്പെട്ടു.

ഇസ്രായേൽ ഡ്രോണുകളുടെയും യുദ്ധവിമാനങ്ങളുടെയും തുടർച്ചയായ ബോംബാക്രമണം കാരണം അന്ന് രാത്രി ആംബുലൻസുകൾക്കോ സിവൽ ഡിഫൻസ് ടീമുകൾക്കോ ആ പ്രദേശത്തേക്ക് എത്തിച്ചേരാനായില്ല. അടിയന്തരമായി അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒരു നിരീക്ഷണ വിമാനം വീണ്ടും ബോംബ് വർഷിച്ചതോടെ മഹ്മൂദിനും അയൽക്കാർക്കും പിൻവാങ്ങേണ്ടി വന്നു.

പിറ്റേദിവസം രാവിലെ തിരിച്ചെത്തി വിളിച്ചെങ്കിലും ആരുടെയും മറുപടി ലഭിച്ചില്ല. അഞ്ച് നിലകളിലായി ചിതറിക്കിടക്കുന്ന കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് ആരെയും പുറത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഒടുവിൽ താൻ സ്നേഹിച്ച സകലരെയും നഷ്ടപ്പെട്ടു എന്ന യാഥാർഥ്യം മഹ്മൂദ് തിരിച്ചറിഞ്ഞു.

വീട് തകരുകയും ബന്ധുക്കളെല്ലാം കൊല്ലപ്പെടുകയോ തെക്കോട്ട് പലായനം ചെയ്യുകയോ ചെയ്തതോടെ മഹ്മൂദ് തികച്ചും ഒറ്റക്കായി. കുടുംബവുമായി ബന്ധമില്ലാത്തതിനാൽ അഭയാർഥികൾക്കിടയിൽ അഭയം കണ്ടെത്തുക എളുപ്പമായിരുന്നില്ല. മാസങ്ങളോളം തെരുവുകളിലും തുറന്നുകിടന്ന വാഹനങ്ങളിലുമായിരുന്നു ഉറങ്ങിയിരുന്നത്. സുരക്ഷിതമായി എവിടെയെങ്കിലും കിടന്നുറങ്ങാമെന്നോ ഭക്ഷണം ലഭിക്കുമെന്നോ ഉള്ള യാതൊരു ഉറപ്പുമില്ലാത്ത ഭീതിനിറഞ്ഞ ദിവസങ്ങളായിരുന്നു അത്.

2025 ഒക്ടോബറിലുണ്ടായ വെടിനിർത്തലിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് മഹ്മൂദ് തന്റെ പ്രിയപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. സിവൽ ഡിഫൻസിന്റെയോ റെഡ് ക്രോസിന്റെയോ സഹായം ലഭിക്കാതെ വന്നതോടെ, സുഹൃത്തുക്കളുടെയും അയൽക്കാരുടെയും സഹായത്തോടെ മഹ്മൂദ് സ്വന്തം കൈകൾകൊണ്ട് അവശിഷ്ടങ്ങൾ ഓരോന്നായി നീക്കം ചെയ്യാൻ തുടങ്ങി.

ഈ വർഷം മെയ് മാസത്തിൽ ആരംഭിച്ച ഈ ശ്രമം മൂന്ന് മാസത്തോളം നീണ്ടുനിന്നു. ഓരോ ദിവസവും കഠിനാധ്വാനം ചെയ്ത്, ഒടുവിൽ തന്റെ കുടുംബാംഗങ്ങളുടെ അവശിഷ്ടങ്ങൾ മുഴുവൻ വീണ്ടെടുത്ത് ജബാലിയ അൻ-നസ്‍ലക്ക് അടുത്തുള്ള സ്ഥലത്ത ഖബറടക്കി.

‘അവരെയെല്ലാം അടക്കം ചെയ്യാൻ സാധിച്ചതോടെയാണ് എന്റെ മനസ്സിൽ വലിയൊരു ആശ്വാസമായത്’ - മൂന്ന് മാസത്തെ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രിയപ്പെട്ടവർക്ക് അർഹമായ യാത്രാമൊഴി നൽകിയ മഹ്മൂദ് പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lost 39 In Blast; Mahmoud Buries Family
Next Story