പരിസ്ഥിതി നാശം: നഷ്ടപരിഹാര നിധിക്ക് കാലാവസ്ഥ ഉച്ചകോടി അംഗീകാരം
text_fieldsശറമുശൈഖ്: പരിസ്ഥിതിനാശത്തിന് പ്രത്യേക നഷ്ടപരിഹാര നിധി രൂപവത്കരിക്കാൻ ഈജിപ്തിലെ ശറമുശൈഖിൽ നടന്ന ഐക്യരാഷ്ട്ര സഭ കാലാവസ്ഥ ഉച്ചകോടി തീരുമാനിച്ചു. നിരന്തര നയതന്ത്ര ചർച്ചകൾക്കും വിലപേശലുകൾക്കും ഒടുവിലാണ് ഫണ്ട് രൂപവത്കരിക്കാമെന്ന് ധാരണയായത്. കാലാവസ്ഥാ കെടുതികളാൽ വലയുന്ന ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ സമ്പന്ന രാജ്യങ്ങൾ തുക നൽകും.
വികസിത രാജ്യങ്ങളിലാണ് ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്ന കാര്യങ്ങൾ കൂടുതൽ നടക്കുന്നതെന്നും എന്നാൽ, ദരിദ്ര രാജ്യങ്ങളും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നുമുള്ള ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് നഷ്ടപരിഹാര ഫണ്ട് രൂപവത്കരിക്കാൻ തീരുമാനിച്ചത്.
പരിസ്ഥിതിനാശത്തിന്റെ പരിഹാരപ്രവർത്തനങ്ങൾക്കായി തുക വിനിയോഗിക്കും. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതം പേറുന്നതിന് നഷ്ടപരിഹാരം നൽകണമെന്നത് വികസ്വര, ദരിദ്ര രാജ്യങ്ങളുടെ മൂന്നു പതിറ്റാണ്ടായുള്ള ആവശ്യമാണ്.
ഏതൊക്കെ രാജ്യങ്ങൾ എത്ര തുക വീതം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. നവംബർ ആറുമുതൽ നടന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ 200 രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുത്തത്. അതേസമയം, കാലാവസ്ഥ വ്യതിയാനത്തിനും കാർബൺ പുറന്തള്ളലിനുമെതിരെ ലോകവ്യാപകമായി വിശാല കരാർ രൂപവത്കരിക്കുന്നതിൽ തീരുമാനമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

