Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹുർമുസ് കടലിടുക്കിലെ...

ഹുർമുസ് കടലിടുക്കിലെ കുരുക്കിന് ബദൽ തേടുമ്പോൾ...

text_fields
bookmark_border
ഹുർമുസ് കടലിടുക്കിലെ കുരുക്കിന് ബദൽ തേടുമ്പോൾ...
cancel

എണ്ണ മുടങ്ങിയാൽ എല്ലാം മുടങ്ങിയത് പോലെയാണ്. അത്രയധികം പ്രകൃതിവാതകങ്ങളെ ആശ്രയിച്ചാണ് ലോകം മുന്നോട്ട് പോകുന്നത്. എണ്ണ വെറുമൊരു ഇന്ധനമല്ല, മറിച്ച് ആഗോള അധികാരസമവാക്യങ്ങളെ നിയന്ത്രിക്കുന്ന ഒരു തന്ത്രപ്രധാനമായ ആയുധം കൂടിയാണ്. ഭൗമരാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ നമ്മുടെ കണക്ക് കൂട്ടലുകൾക്കെല്ലാം അപ്പുറത്താണ്. ഇക്കാരണങ്ങളാൽ തന്നെയാണ് ഹുർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചുകൊണ്ടുള്ള ഒരു 'അറ്റകൈ പ്രയോഗത്തിന്' ഇറാൻ മുതിർന്നത്. ലോകത്തിന് മേൽ ഇറാൻ പ്രയോഗിക്കാവുന്ന ഏറ്റവും വലിയ 'സാമ്പത്തിക ആയുധം' തന്നെയായിരുന്നു ഈ കടൽപ്പാതയുടെ നിയന്ത്രണം.

യു.എസിനെയും ഇസ്രായേലിനെയും സമ്മർദത്തിലാക്കാൻ ഇതിലും വലിയൊരു ആയുധം ഒരുപക്ഷേ അവരുടെ പക്കലുണ്ടാകില്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം ഒതുങ്ങിയില്ല. കഴിഞ്ഞ മൂന്നാഴ്ച്ചയായി ആഗോളതലത്തിൽ വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നു. ലോകത്ത് ഉപയോഗിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഏകദേശം 20-25% (പ്രതിദിനം ഏകദേശം 21 മില്യൺ ബാരൽ എണ്ണ) കടന്നുപോകുന്നത് ഈ ഇടുങ്ങിയ പാതയിലൂടെയാണ്.

സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ എണ്ണക്കയറ്റുമതി പ്രധാനമായും ഈ പാതയെയാണ് ആശ്രയിക്കുന്നത്. എണ്ണ നീക്കം തടസ്സപ്പെട്ടതിനാൽ സാധാരണക്കാരന്റെ പോക്കറ്റിനെ നേരിട്ട് ബാധിച്ചിരിക്കുന്നു. പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളുടെ വില കുതിച്ചുയർന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ കടത്തുകൂലി വർധിക്കുകയും പച്ചക്കറി, മരുന്ന്, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവക്ക് ഇരട്ടിയിലധികം വില നൽകേണ്ടി വരികയാണ്. കിട്ടികൊണ്ടിരുന്ന ഗ്യാസ് അധിക വില കൊടുത്തിട്ടും ഇപ്പോൾ കിട്ടാനില്ല. എണ്ണയെ ആശ്രയിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ കടുത്ത പവർകട്ടും ചാർജ് വർധനയും ഉണ്ടായേക്കാം. ഗതാഗത-നിർമാണ മേഖലകളിലെ മന്ദത ലക്ഷക്കണക്കിന് ആളുകളുടെ വരുമാനത്തെയും ജീവിതത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

നേരിട്ട് ബാധിച്ച രാജ്യങ്ങൾ

ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഈ പാതയിലൂടെയുള്ള എണ്ണയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും ഇതിലൂടെയാണ് വരുന്നത്. കയറ്റുമതി ചെയ്യുന്ന സൗദി അറേബ്യ, കുവൈത്ത്, ഖത്തർ (പ്രകൃതിവാതകം), യു.എ.ഇ എന്നിവരുടെ സമ്പദ്‌വ്യവസ്ഥയും അതു കാര്യമായി ബാധിക്കും. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം മലയാളികൾ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് പ്രവാസികളെയും അവരുടെ നാട്ടിലെ കുടുംബങ്ങളെയും ഇതിനകം സാരമായി ബാധിച്ചു തുടങ്ങി. ഹുർമുസ് പാത അടഞ്ഞാൽ എണ്ണവില ബാരലിന് 150-200 ഡോളർ വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. ലോക സമ്പദ്‌വ്യവസ്ഥക്ക് പ്രതിദിനം ഏകദേശം 5 ബില്യൺ ഡോളറിനും (ഏകദേശം 41,000 കോടി രൂപ) 10 ബില്യൺ ഡോളറിനും (82,000 കോടി രൂപ) ഇടയിൽ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. ചരക്ക് നീക്കം തടസ്സപ്പെടുന്നത് വഴിയുള്ള നഷ്ടം ഇതിനും പുറമെയാണ്.

ഹുർമുസ് കടലിടുക്കിന്റെ വടക്കൻ പ്രദേശം ഇറാന്റെ കടൽപരിധിയിലാണ്. കടലിടുക്കിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ഇറാൻ സൈന്യത്തിന് (IRGC) വലിയ സ്വാധീനമുണ്ട്. മിസൈലുകൾ, ഡ്രോണുകൾ, വെള്ളത്തിനടിയിലെ മൈനുകൾ (Mines) എന്നിവ ഉപയോഗിച്ച് ഈ പാത തടയാൻ അവർക്ക് എളുപ്പത്തിൽ സാധിക്കും. എന്നാൽ ഇത് ഒരു അന്താരാഷ്ട്ര ജലപാതയായതിനാൽ ഇതിലൂടെയുള്ള സഞ്ചാരം തടയുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ട് തന്നെ അമേരിക്കൻ നേവി ഈ പാത തുറന്നുപിടിക്കാൻ സൈനികമായി ഇടപെടലിനൊരുങ്ങുകയാണ്. എന്നാൽ അന്താരാഷ്ടീയ നിയമങ്ങൾ ചില രാജ്യങ്ങൾക്ക് മാത്രം ബാധകമാകുന്നതെങ്ങനെയാണെന്ന് ഇറാനും ചോദിക്കുന്നു.

പൈപ്പ്‌ലൈനുകൾ പകരമാകുമോ?

ഹുർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ പശ്ചിമേഷ്യയിൽ നിന്ന് എണ്ണ പുറത്തെത്തിക്കാൻ പകരക്കാരായ (Bypass Pipelines) സംവിധാനങ്ങളുടെ പ്രായോഗികത തേടുകയാണ് ലോകം. ഇത്തരത്തിലുള്ള മൂന്ന് പൈപ്പ്‌ലൈനുകൾ നിലവിലുണ്ടെങ്കിലും അവയെല്ലാം കൂടി ഹുർമൂസിന്‍റെ നാലയലത്തു പോലുമെത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല അതൊരു രാജ്യത്തുനിന്നുമുള്ള പരിമിതമായ എണ്ണയേ അതുവഴി കടത്തിവിടാൻ ഉപകരിക്കുകയുള്ളൂ.

സൗദി അറേബ്യയും യു.എ.ഇയുമാണ് ഈ വിഷയത്തിൽ മുൻകരുതലുകൾ എടുത്ത രാജ്യങ്ങൾ. അതിലേറ്റവും കൂടുതൽ എണ്ണ കൊണ്ടു പോകാൻ കഴിയുന്നത് സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനാണ്. പേർഷ്യൻ ഗൾഫിലെ അബ്ഖൈഖിൽ നിന്ന് ചെങ്കടൽ തീരത്തെ യാൻബു തുറമുഖം വരെയുള്ള ഏകദേശം 1200 കിലോമീറ്റർ ദൂരം നീളുന്നതാണിത്. 1980കളിൽ ഇറാഖ്-ഇറാൻ യുദ്ധകാലത്താണ് ഇത് നിർമിക്കുന്നത്. പ്രതിദിനം 6 മില്യൺ ബാരൽ എണ്ണ കൊണ്ടുപോകാൻ ശേഷിയുണ്ട്. സൗദിക്ക് തങ്ങളുടെ കയറ്റുമതിയുടെ ഒരു ഭാഗം മാത്രമാണ് ചെങ്കടൽ വഴി തിരിച്ചുവിടാൻ കഴിയുന്നത്.

രണ്ടാമത്തേത് യു.എ.ഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈൻ (ADCOP): അബുദാബിയിലെ ഹബ്ഷാനിൽ നിന്ന് ഒമാൻ ഉൾക്കടലിലെ ഫുജൈറ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്നു. 2012ൽ പ്രവർത്തനം ആരംഭിച്ച ഈ ലൈനിലൂടെ ഏകദേശം 1.7 മില്യൺ ബാരൽ. എണ്ണയാണ് പ്രതിദിനം ഇതിലൂടെ കൊണ്ട് പോകുന്നത്. യു.എ.ഇയുടെ ഫുജൈറ തുറമുഖം ഹോർമുസ് കടലിടുക്കിന് പുറത്തായതിനാൽ, അവിടെ പൈപ്പ്‌ലൈൻ വഴി എത്തുന്ന എണ്ണക്ക് സുരക്ഷിതമായി ലോക വിപണിയിൽ എത്താം എന്ന പ്രത്യേകതയുണ്ട്.

അതേസമയം ഹുർമുസ് കടലിടുക്കിലൂടെ പ്രതിദിനം ഏകദേശം 21 മില്യൺ ബാരൽ എണ്ണ കടന്നുപോകുമ്പോൾ ബദൽ പൈപ്പ്‌ലൈനുകളെല്ലാം ചേർത്താലും പരമാവധി 7.7 മില്യൺ ബാരൽ വരെ മാത്രമേ കൊണ്ടുപോകാൻ കഴിയൂ. അതായത് പൈപ്പ് ലൈനിനേക്കാൾ രണ്ടിരട്ടി എണ്ണ കൊണ്ട് പോകാൻ ഹുർമുസിനെ തന്നെയാണ് ആശ്രയിക്കുന്നത്. കടൽമാർഗ്ഗം കപ്പലുകളിൽ എണ്ണ കൊണ്ടുപോകുന്നതിനേക്കാൾ വളരെ ചെലവേറിയതാണ് പൈപ്പ്‌ലൈനുകൾ വഴിയുള്ള ഗതാഗതം.

ഇതിൽ ഖത്തറും ഇറാഖും വേറിട്ട് നിൽക്കുന്നു. ലോകത്തെ പ്രകൃതിവാതകത്തിന്റെ (LNG) ഭൂരിഭാഗവും ഖത്തറിൽ നിന്നാണ് പോകുന്നത്. അതും ഹുർമുസ് വഴിയാണ് പോകുന്നത്. എണ്ണ പൈപ്പ്‌ലൈനുകൾ പോലെ ഗ്യാസ് കൊണ്ടുപോകാൻ നിലവിൽ ഇത്തരത്തിലുള്ള പൈപ്പ്‌ലൈൻ ശൃംഖലകളില്ല എന്നത് ഏറ്റവും വലിയ പരിമിതിയാണ്. ഇറാഖിന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും (90% ) അവരുടെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ബസ്ര വഴിയാണ്. ഇത് ഹുർമുസിലൂടെ തന്നെ കടന്നുപോകണം.

ഹുർമുസിനെ മറികടക്കാൻ കൃത്യമായ ഒരു ബദൽ സംവിധാനമില്ല. എന്നാൽ ഉത്തര ഇറാഖിൽ നിന്ന് തുർക്കിയിലെ ജെയ്ഹാൻ (Ceyhan) തുറമുഖത്തേക്ക് ഒരു പൈപ്പ്‌ലൈൻ ഉണ്ട്. അത് കുർദ്ദിസ്താൻ ഭരണകൂടമാണ് നിയന്ത്രിക്കുന്നത്. ബാഗ്ദ്ദാദും എർബിലും തമ്മിലുള്ള രാഷ്ട്രീയ കാരണങ്ങളാലും മറ്റു സാങ്കേതിക തകരാറുകൾ മൂലവും അത് തടസ്സപ്പെടാറുണ്ട്. അതിനാൽ ഹുർമുസ് അടച്ചാൽ ഇറാഖിന്റെ സമ്പദ്‌വ്യവസ്ഥയെ അത് തകിടം മറിക്കും.

മറ്റു ഗൾഫ് രാജ്യങ്ങളായ കുവൈത്തും ബഹ്റൈനും പൂർണ്ണമായും ഹുർമുസിനെയാണ് ആശ്രയിക്കുന്നത്. അതേസമയം ഒമാൻ അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് ആ ഭീഷണിയിൽ നിന്ന് മുക്തമാണ്. ഏറ്റവും വലിയ പ്രതിസന്ധി നേരിടാൻ സാധ്യതയുള്ള മറ്റൊരു രാജ്യം കുവൈത്താണ്. നിലവിൽ കുവൈത്തിന് ഹുർമുസ് കടലിടുക്കിന് പുറത്തേക്ക് എണ്ണ എത്തിക്കാൻ പൈപ്പ്‌ലൈനുകളോ മറ്റേതെങ്കിലും മാർഗങ്ങളോ ഇല്ല. ഭൂമിശാസ്ത്രപരമായി കുവൈത്ത് പേർഷ്യൻ ഗൾഫിന്റെ ഏറ്റവും ഉള്ളിലായതുകൊണ്ട്, അവരുടെ എല്ലാ എണ്ണക്കപ്പലുകളും ഹുർമുസ് കടലിടുക്ക് വഴി തന്നെ പുറത്തെത്തണം.

ഈ കടലിടുക്ക് അടച്ചാൽ കുവൈത്തിന്റെ എണ്ണ കയറ്റുമതി പൂർണ്ണമായും തടസ്സപ്പെടും. ഇത് അവരുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. ബഹ്റൈനും സമാനമായ വെല്ലുവിളിയാണ് നേരിടുന്നത് എങ്കിലും സൗദി അറേബ്യയുമായി അടുത്ത ബന്ധമുള്ളതിനാലും അതിർത്തി പങ്കിടുന്നതിനാലും, സൗദിയുടെ പൈപ്പ്‌ലൈൻ ശൃംഖലകൾ വഴി പരിമിതമായ അളവിൽ എണ്ണ നീക്കം ചെയ്യാൻ ശ്രമിച്ചേക്കാം. പക്ഷെ സൗദിയുടെ എണ്ണ പോലും മുഴുവൻ നീക്കൻ കഴിയില്ലെന്നിരിക്കെ ഈ സാധ്യതകൾ തുലോം തുച്ചമാണ്.

നിലവിൽ ഹുർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിട്ടില്ല എന്നാണ് ഇറാൻ പറയുന്നത്. എങ്കിലും അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെയുള്ള സംഘർഷം വർധിക്കുമ്പോൾ ഇറാൻ ഈ കാർഡാണ് തുറുപ്പുശീട്ടായി ഇറക്കുന്നത്. കടലിടുക്കിൽ കപ്പലുകൾ തടയുകയോ പരിശോധിക്കുകയോ ചെയ്യുന്നത് ഇപ്പോൾ പതിവായിയിക്കുന്നു. ഇത് വെസലുകളുടെ ഇൻഷുറൻസ് നിരക്കുകൾ വർധിപ്പിക്കാനും അത് വഴി എണ്ണവില ഉയരാനും കാരണമാകുന്നു. ഹുർമുസ് അടച്ചാൽ അത് ലോകത്തിന് വലിയ ആഘാതമുണ്ടാക്കും.

എല്ലാ ബദൽ പൈപ്പ്‌ലൈനുകൾക്കും ഒരു ചെറിയ ആശ്വാസം നൽകാൻ മാത്രമേ കഴിയൂ, ഈ പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാൻ അവക്ക് ശേഷിയില്ല. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ സ്ഥാനത്തുള്ളത് ഒമാനാണ്. ഒമാന്റെ പ്രധാന എണ്ണ തുറമുഖമായ മിന അൽ ഫഹൽ (Mina al-Fahal) സ്ഥിതി ചെയ്യുന്നത് ഹുർമുസ് കടലിടുക്കിന് പുറത്താണ് അതുകൊണ്ട് തന്നെ ഹുർമുസ് കടലിടുക്ക് അടച്ചാലും ഒമാന്റെ എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകാൻ കഴിയും. ഹുർമുസിലെ സംഘർഷങ്ങൾ ഒമാന്‍റെ എണ്ണ നീക്കത്തെ നേരിട്ട് ബാധിക്കില്ല. മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റ് അയൽരാജ്യങ്ങളെ സഹായിക്കാനും ഒമാന്റെ തുറമുഖങ്ങൾക്ക് സാധിക്കും.

ഗൾഫ് സംയോജിത പൈപ്പ്‌ലൈൻ ശൃംഖല

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് ഒരു സംയോജിത ഗൾഫ് പൈപ്-ലൈൻ സംവിധാനം വരികയാണെങ്കിൽ അത് നിലവിലെ പ്രതിസന്ധിക്ക് ഒരളവോളം പരിഹാരമാകും. പ്രകൃതി വാതക ഗതാഗതത്തിനുള്ള ഒരു 'രണ്ടാം വഴി' (Alternative Route) എന്ന നിലയിൽ എണ്ണ കയറ്റുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസവുമാകും. രാഷ്ടീയമായ വിയോജിപ്പുകൾ നിലനിർത്തി ഗൾഫ് രാജ്യങ്ങൾ (GCC) തമ്മിൽ ഇത്തരം പ്രായോഗികമായ കാര്യങ്ങളിൽ ഐക്യത്തിലെത്തിയാൽ ഇത്തരമൊരു വമ്പൻ പദ്ധതിക്ക് സാധ്യതകളേറെയാണ്. എന്നാൽ അതും ഒരു സുസ്ഥിര പരിഹാരമല്ല.

അതിനു പ്രായോഗികമായ ചില തടസ്സങ്ങളുമേറേയാണ്. ഒമാന്‍റെ തീരപ്രദേശം ഹുർമുസ് കടലിടുക്കിന് പുറത്ത് അറബിക്കടലിനോട് (Arabian Sea) ചേർന്നാണ് കിടക്കുന്നത്. അതിനാൽ ഇറാൻ കടലിടുക്ക് അടച്ചാലും എണ്ണ കയറ്റുമതി തടസ്സമില്ലാതെ തുടരാം. മാത്രമല്ല, കപ്പലുകൾക്ക് നൽകേണ്ടി വരുന്ന ഉയർന്ന ഇൻഷുറൻസ് തുകയും ഉയർന്ന ഗതാഗതകൂലിയും (Freight charges) പൈപ്പ്‌ലൈൻ വരുന്നതോടെ കുറക്കാൻ സാധിക്കും. മാത്രമല്ല ഗൾഫിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് കപ്പലുകൾ വരാൻ എടുക്കുന്ന സമയവും ഇതുവഴി ലാഭിക്കാം.

ഇത്തരം ബദൽ പൈപ്പ്‌ലൈനുകളുണ്ടായാൽ കുവൈത്തിനും ഇറാഖിനും എളുപ്പത്തിൽ സൗദി വഴി അതിനെ ബന്ധിപ്പിക്കാൻ കഴിഞ്ഞേക്കും. ചില സമയങ്ങളിലെങ്കിലും യു.എ.ഇ തങ്ങളുടെ എണ്ണ ഫുജൈറ പൈപ്പ്‌ലൈൻ വഴി ഒമാൻ ഉൾക്കടലിലേക്ക് എത്തിക്കുന്ന സംവിധാനം ഇപ്പോൽ നിലവിലുണ്ട്. അതുപോലെ സൗദി അറേബ്യയും ഒമാനും തമ്മിൽ പുതിയൊരു പൈപ്പ്‌ലൈൻ നിർമിക്കുന്നതിനെക്കുറിച്ച് തകൃതിയായ ചർച്ചകളും നടക്കുന്നുണ്ട് എന്നത് ശുഭോതർക്കമാണ്. ഇറാഖിലെ കുർദ്ദിസ്താൻ പൈപ്പ് ലൈൻ ബസറ വരെ നീട്ടാനുള്ള ചർച്ചകളും അണിയറയിലുണ്ട്. ബസറയുമായി ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ, ഇറാഖിന് സ്വന്തം തുറമുഖങ്ങൾ വഴി എണ്ണ കയറ്റുമതി ചെയ്യാൻ കഴിയും.

ബദൽ മാർഗ്ഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ

ഹുർമുസ് കടലിടുക്കിന്റെ പ്രാധാന്യം പൂർണ്ണമായും ഇല്ലാതാക്കാൻ ഒരു പൈപ്പ്‌ലൈൻ സംവിധാനത്തിനും കഴിയില്ല എന്നത് ഒരു വസ്തുതയാണ്. ഹുർമൂസിലൂടെ പ്രതിദിനം 21 മില്യൺ ബാരൽ എണ്ണയും പൈപ്പ്‌ലൈൻ വഴി മാത്രം മാറ്റുക എന്നത് സാങ്കേതികമായി പ്രായോഗികമല്ല. കപ്പലുകൾക്ക് വഹിക്കാൻ കഴിയുന്ന അത്രയും വലിയ അളവ് എണ്ണ പൈപ്പ്‌ലൈനുകളിലൂടെ നീക്കം ചെയ്യാൻ പരിമിതികളുണ്ട്. ആയിരക്കണക്കിന് കിലോമീറ്റർ നീളത്തിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനു ഭീമമായ ചെലവുണ്ട്. ഒപ്പം വിവിധ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളും രാഷ്ടീയ വിഷയങ്ങളും ഇതിനെ ബാധിക്കാം. ലോകത്തെ എൽ.എൻ.ജി (LNG) വിപണിയുടെ വലിയൊരു ഭാഗം ഖത്തറിലാണ്. എണ്ണ പൈപ് ലൈൻ പോലെയല്ല ഗ്യാസ് പൈപ്പ്‌ലൈനുകൾ. അത് എണ്ണയേക്കാൾ സങ്കീർണ്ണവും അപകടസാധ്യതയുള്ളതും ചെലവേറിയതുമാണ്.

മദ്ധ്യപൗരസ്ത്യ ദേശത്തെ ഈ പൈപ് ലൈനുകൾ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസം നൽകുന്ന 'ലൈഫ് ലൈനുകൾ' മാത്രമാണ്. ഊർജ്ജ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിലും പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള വേഗത്തിലുള്ള മാറ്റത്തിലും പശ്ചിമേഷ്യൻ രാജ്യങ്ങൾ അടിയന്തിരമായി ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. സമാന്തര പാതകൾ നൽകുന്ന പ്രതീക്ഷകൾക്കൊപ്പം തന്നെ, ആഗോള രാഷ്ട്രീയത്തിലെ ചതിക്കുഴികളിൽ വീഴാതെ സ്വന്തം കാൽക്കീഴിലെ മണ്ണ് ഉറപ്പിച്ചു നിർത്തുന്ന നയതന്ത്രമാണ് ഈ രാജ്യങ്ങൾക്കാവശ്യം.

അതേസമയം ഈ ഭൗമരാഷ്ട്രീയ ചതുരംഗക്കളിയിൽ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾ പുലർത്തേണ്ട ജാഗ്രത വളരെ വലുതാണ്. എണ്ണക്കായുള്ള പരക്കംപാച്ചിലിൽ ഏതെങ്കിലും ഒരു ശക്തികേന്ദ്രത്തിന്റെയോ (Superpowers) സഖ്യത്തിന്റെയോ "ആലയിൽ ചെന്ന് തലവെച്ചു കൊടുക്കാതിരിക്കാൻ" നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഊർജ്ജ ആവശ്യങ്ങൾക്കായി ഒരു രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് നമ്മുടെ വിദേശനയത്തിന്റെ സ്വതന്ത്ര സ്വഭാവത്തെ സാരമായി ബാധിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Newsoil supplyoil exportStrait of Hormuz
News Summary - looking for an alternative to the blockade in the Strait of Hormuz
Next Story