മാധ്യമപ്രവർത്തകരുടെയും കുടുംബങ്ങളുടെയും കല്ലറയായി ഗസ്സ
text_fieldsയുദ്ധങ്ങളും ആക്രമണങ്ങളിലും ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നവരാണ് മാധ്യമ പ്രവർത്തകർ. നിരവധി മാധ്യമപ്രവർത്തകർക്ക് സംഘർഷങ്ങൾക്കിടയിൽ ജീവൻ നഷ്ടമായിട്ടുണ്ട്. എന്നാൽ, ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തിൽ മാധ്യമ പ്രവർത്തകരും സൈനിക നീക്കങ്ങളുടെ ലക്ഷ്യമായി മാറി. ഇസ്രായേൽ സൈന്യത്തിനോട് ഒപ്പമല്ലാതെ യുദ്ധ വാർത്തകൾ സത്യസന്ധതയോടെ പുറത്തേക്ക് എത്തിക്കുന്ന മാധ്യമ പ്രവർത്തകരെല്ലാം സൈനിക ലക്ഷ്യങ്ങളായി മാറി.
മൂന്ന് പതിറ്റാണ്ടിനിടയിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരേക്കാൾ അധികം പേർ മൂന്ന് മാസത്തിൽ താഴെ മാത്രം കാലയളവിൽ നടന്ന ഇസ്രായേലിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സിന്റെ (ഐ.എഫ്.ജെ) കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ 94 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 400 പേർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ഇതിൽ 68 പേരും ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിലാണ് മരിച്ചത്. ബഹുഭൂരിഭാഗം പേർക്കും ഇസ്രായേലിന്‍റെ ഗസ്സ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ജീവൻ നഷ്ടമായത്. യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് മാധ്യമ പ്രവർത്തകർക്കും ജീവൻ നഷ്ടമായി. 2022ൽ യുക്രെയ്ൻ യുദ്ധത്തിനിടെ 12 പേർ അടക്കം 67 മാധ്യമ പ്രവർത്തകർക്കാണ് ജീവൻ നൽകേണ്ടി വന്നത്.
മറ്റു യുദ്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും ഇസ്രായേൽ ലക്ഷ്യം വെച്ചതാണ് 2023ലെ ഏറ്റവും വലിയ ദുരന്തം. ഗസ്സയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്ന നാലു മാധ്യമ പ്രവർത്തകരുടെ കുടുംബാംഗങ്ങളെയാണ് ഇസ്രായേൽ സൈന്യം മിസൈൽ ആക്രമണത്തിലൂടെ ഇല്ലാതാക്കിയത്.
അൽ ജസീറയുടെ ഗസ്സയിലെ ബ്യൂറോ ചീഫ് വാഇൽ അൽ ദഹ്ദൂഹിന്റെ ഭാര്യയും മക്കളും ചെറുമക്കളും അടക്കമുള്ളവരെയാണ് ഇസ്രായേൽ വകവരുത്തി. മറ്റൊരു സംഭവത്തിൽ അൽ ജസീറയുടെ ഗസ്സ കറസ്പോണ്ടന്റ് മുഅ്മിൻ അൽ ശറഫിയുടെ 22 ബന്ധുക്കളെ ഇസ്രായേൽ കൊലപ്പെടുത്തി. മാതാവും പിതാവും സഹോദരങ്ങളും അടക്കമാണ് മരിച്ചത്.
ഫലസ്തീൻ ടി.വി ചാനൽ കറസ്പോണ്ടന്റ് മുഹമ്മദ് അബൂ ഖത്താബിനെയും 11 ബന്ധുക്കളെയും ബോംബാക്രമണത്തിൽ ഇസ്രായേൽ സേന കൊലപ്പെടുത്തുകയായിരുന്നു. ഇസ്രായേലിന്‍റെ അധിനിവേശത്തെ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുന്ന മാധ്യമപ്രവർത്തകരെ മാത്രമല്ല കുടുംബാംഗങ്ങളെയും ലക്ഷ്യം വെച്ചാണ് സൈന്യം ആക്രമണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

