വിൽനിയസ്: യുക്രെയ്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റഷ്യക്കെതിരെ നൂതന സൈനിക ഡ്രോൺ വാങ്ങാൻ ലിത്വാനിയക്കാർ ധന സമാഹരണം ആരംഭിച്ചു. അഞ്ച് ദശലക്ഷം രൂപയാണ് ഡ്രോൺ വാങ്ങാൻ ആവശ്യമുള്ളത്. ഇതിൽ ഏകദേശം മൂന്ന് ദശലക്ഷം രൂപ മൂന്ന് ദിവസം കൊണ്ട് സമാഹരിച്ച് കഴിഞ്ഞു.
ബുധനാഴ്ചയാണ് ധനസമാഹരണം ആരംഭിച്ചത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തോക്കുകൾ വാങ്ങേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. എന്നാൽ ഇതൊരു സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. ലോകത്തിന്‍റെ നന്മക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ഡ്രോണിനായി 100 യൂറോ സംഭാവന നൽകിയ ആഗ്നെ ബെലിക്കൈറ്റ് പറഞ്ഞു. കുറച്ച് കാലങ്ങളായി സംഭാവന നൽകാൻ തുടങ്ങിയിട്ടെന്നും വിജയം വരെ അത് തുടരുമെന്നും യുവതി പറഞ്ഞു. റഷ്യ ലിത്വാനിയയെ ആക്രമിക്കുമെന്ന ഭയമാണ് സംഭാവന നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളെല്ലാം ആയുധങ്ങൾ നൽകുന്നതിനെ പറ്റി അനന്തമായ ആലോചനകളിൽ ഏർപ്പെടുമ്പോൾ ലിത്വാനിയൻ സമൂഹം ഒത്തുചേർന്ന് അഞ്ച് ദശലക്ഷം രൂപ സ്വരൂപിച്ച് യുക്രെയ്നായി ഡ്രോൺ വാങ്ങാൻ പോവുകയാണ്. ഇത് ലോകത്തിന് നൽകാവുന്ന വലിയ സന്ദേശമാണ്- ബെലിക്കൈറ്റ് പറഞ്ഞു.
സിറിയയിലും ലിബിയയിലും നടന്ന സംഘർഷങ്ങളിൽ റഷ്യൻ സേനക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരെ ഡ്രോൺ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. യുക്രെയ്നായി ഡ്രോൺ വാങ്ങുന്നത് ലിത്വാനിയൻ പ്രതിരോധ മന്ത്രാലയമാണ്. തുർക്കിയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നതിന് അടുത്താഴ്ച കരാറിൽ ഒപ്പ് വെക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്തരത്തതിൽ മറ്റൊരു രാജ്യത്തതിനായി ആയുധങ്ങൾ വാങ്ങുന്നതിന് സാധാരണക്കാർ പണം സമാഹരിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് ലിത്വാനിയയിലെ യുക്രെയ്ൻ അംബാസഡർ ബെഷ്ത പെട്രോ മാധ്യമങ്ങളോട് പറഞ്ഞു.