ആണവായുധങ്ങൾ കൈവശമുണ്ടെന്ന് കരുതുന്ന ഒമ്പത് രാജ്യങ്ങളുടെ പട്ടികയിതാ...
text_fieldsസ്റ്റോക്ക്ഹോം: ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തോടെ ആണവയുദ്ധമുണ്ടാകുമോ എന്ന ഭീഷണിയിലാണ് ലോകം. സമാധാനപരമായ ആണവാശ്യങ്ങൾക്കാണ് തങ്ങൾ ആണവായുധങ്ങൾ കൈവശം വെക്കുന്നത് എന്നാണ് ഇറാൻ വാദിക്കുന്നത്. സമീപ കാലത്ത് ഇറാൻ യുറേനിയം സമ്പുഷ്ടീകരണവും വർധിപ്പിച്ചിരുന്നു. അതേസമയം,
ആണവായുധങ്ങൾ കൈവശമുണ്ടെന്ന് ഇസ്രായേൽ ഒരിക്കലും സമ്മതിച്ചിട്ടില്ല. എന്നാൽ ഇസ്രായേലിന്റെ കൈവശം ആണവായുധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. നിലവിൽ ഒമ്പത് രാജ്യങ്ങളുടെ കൈവശം ആണവായുധം ഉണ്ടെന്നാണ് കരുതുന്നത്. യു.എസ്, റഷ്യ, ചൈന, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ആദ്യമുള്ളത്.
ലോകത്താദ്യമായി ആണവായുധങ്ങൾ കൈവശം വെച്ചതും ഈ അഞ്ച് രാഷ്ട്രങ്ങളാണ്. ആണവായുധങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ അവ നിർമിക്കുകയോ വാങ്ങുകയോ ചെയ്യരുതെന്നും ആണവ നിരായുധീകരണം ലക്ഷ്യമിട്ട് ചർച്ചകൾ നടത്തണമെന്നും പ്രതിജ്ഞാബദ്ധമായ ആണവ നിർവ്യാപന കരാറിൽ(എൻ.പി.ടി) ഒപ്പുവെച്ചിട്ടുള്ളവരാണ് ഈ അഞ്ചു രാജ്യങ്ങളും.
എന്നാൽ ഇന്ത്യയും പാകിസ്താനും ഈ കരാറിൽ ഒപ്പുവെച്ചിട്ടില്ല. വർഷങ്ങളായി ഇരുരാജ്യങ്ങളും ആണവായുധ ശേഖരം വർധിപ്പിക്കുകയും ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചേരുകയും ചെയ്തു. 1974ലും 1998ലും ഇന്ത്യ ആണവ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. 1998ൽ ഇന്ത്യയുടെ ആണവ പരീക്ഷണം നടന്ന് ആഴ്ചകൾക്കുള്ളിൽ പാകിസ്താനും ആണവ പരീക്ഷണം നടത്തി.
1985ൽ ഉത്തരകൊറിയ എൻ.പി.ടിയിൽ ചേർന്നു. യു.എസ് ആക്രമിച്ചുവെന്ന കാരണം പറഞ്ഞ് 2003 ൽ പിൻമാറുന്നതായും പ്രഖ്യാപിച്ചു. 2006 മുതൽ അവർ സ്ഥിരമായി ആണവ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി.
സ്റ്റോക്ക്ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇക്കഴിഞ്ഞ ജനുവരിയിൽ ആണവായുധങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിക്കുകയും സംശയിക്കുകയും ചെയ്യുന്ന ഒമ്പത് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ആണവായുധങ്ങൾ കൈവശമുണ്ടെന്ന് സംശയിക്കുന്ന രാജ്യങ്ങളും അവരുടെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണവും:
1 റഷ്യ: 4,309
2 യു.എസ്: 3,700
3 ചൈന: 600
4 ഫ്രാൻസ്: 290
5 യു.കെ: 225
6 ഇന്ത്യ: 180
7 പാകിസ്താൻ: 170
8 ഇസ്രായേൽ: 90
9 .ഉത്തര കൊറിയ: 50
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

