വാഷിങ്ടൺ: യു.എസിൽ ഏഴു പതിറ്റാണ്ടിനിടെ ആദ്യമായി ഒരു വനിതകുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി. ഗർഭിണിയെ വയറുകീറി കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ കൈക്കലാക്കിയ കേസിലെ പ്രതി ലിസ എം. മോണ്ട്മോറിെൻറ (52) വധശിക്ഷയാണ് ഇന്ത്യാന ജയിലിൽ നടപ്പാക്കിയത്.
2004ലാണ് കേസിനാസ്പദ സംഭവം നടന്നത്. എട്ടുമാസം ഗർഭിണിയായ 23കാരിയെ വയറുകീറി കൊലപ്പെടുത്തിയാണ് ലിസ കുഞ്ഞിനെ പുറത്തെടുത്തത്. ഗര്‍ഭസ്ഥ ശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാന്‍സസിലെ ഫാംഹൗസില്‍ കണ്ടെത്തി. സ്വന്തം കുഞ്ഞാണെന്നായിരുന്നു ലിസയുടെ അവകാശവാദം. 2007ൽ ലിസക്ക് വധശിക്ഷ വിധിച്ചു.
കടുത്ത മാനസികാസ്വാസ്ഥ്യമുള്ള പ്രതിയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന അഭിഭാഷകെൻറ വാദം കണക്കിലെടുത്ത് ഇന്ത്യാന കോടതി വിധി സ്റ്റേ ചെയ്തിരുന്നു.
എന്നാൽ, ട്രംപ് ഭരണകൂടം ശിക്ഷ നടപ്പാക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് അപ്പീൽ കോടതി കീഴ്കോടതി സ്റ്റേ റദ്ദാക്കിയതോടെ സുപ്രീംകോടതി ഇടപെടുകയും വധശിക്ഷ നടപ്പാക്കുകയുമായിരുന്നു. സുപ്രീംകോടതി ചൊവ്വാഴ്ചയാണ് വധശിക്ഷ ശരിവെച്ചത്.
യു.എസിൽ ഏറ്റവുമൊടുവിൽ സ്ത്രീയെ തൂക്കിലേറ്റിയത് 1953ലാണ്. 1963നു ശേഷം മൂന്നുപേരുടെ മാത്രം വധശിക്ഷയാണ് നടപ്പാക്കിയത്. 17 കൊല്ലമായി നിർത്തിവെച്ചിരുന്ന വധശിക്ഷ ട്രംപ് ഭരണകൂടമാണ് പുനഃസ്ഥാപിച്ചത്.