Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിചിത്ര ആരോപണവുമായി നെതന്യാഹു: ‘തെരഞ്ഞെടുപ്പ് അറബ് പാർട്ടികൾ കട്ടെടുത്തു, സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അട്ടിമറിച്ചു’

text_fields
bookmark_border
വിചിത്ര ആരോപണവുമായി നെതന്യാഹു: ‘തെരഞ്ഞെടുപ്പ് അറബ് പാർട്ടികൾ കട്ടെടുത്തു, സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അട്ടിമറിച്ചു’
cancel

ജറൂസലം: ഇസ്രായേൽ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഉറപ്പിച്ചതോടെ വിചിത്രആരോപണങ്ങൾ ഉന്നയിച്ച് നിലവിലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. തെരഞ്ഞെടുപ്പ് അറബ് പാർട്ടികൾ കട്ടെടുത്തതായി നെതന്യാഹു നേതൃത്വം നൽകുന്ന ലിക്കുഡ് പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു. വ്യാപകമായ വോട്ടുതട്ടിപ്പും വോട്ടർമാരെ ഭീഷണിപ്പെടുത്തിയതും പൊലീസും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും അന്വേഷിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.

ജൂത രാഷ്ട്രത്തിന്റെ ഉന്മൂലനത്തെയും ഭീകരവാദത്തെയും പിന്തുണക്കുന്ന അറബ് പാർട്ടികൾ ഇസ്രായേലിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായാണ് ലിക്കുഡിന്റെ ആ​രോപണം. കൈക്കൂലി, ഭീഷണിപ്പെടുത്തൽ, അക്രമം, കൃത്രിമരേഖകൾ ചമയ്ക്കൽ, വോട്ടർമാരെ സ്വാധീനിക്കാൻ നിയമവിരുദ്ധമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് നൂറുകണക്കിന് സാക്ഷിമൊഴികളും തെളിവുകളും പൊലീസിനും ഷിൻ ബെറ്റിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും കൈമാറുന്നുണ്ടെന്ന് ലിക്കുഡ് അറിയിച്ചു. പണവുംബാലറ്റ് സ്ലിപ്പുകളും അടങ്ങിയ ആയിരക്കണക്കിന് കവറുകൾ, പോളിങ് ഉദ്യോഗസ്ഥർക്കുനേരെയുള്ള ഭീഷണിയും അക്രമവും, വോട്ടിങ് മറയ്ക്കുള്ളിൽ ഒന്നിലധികം പേർ പ്രവേശിച്ചത്, ഇരട്ട വോട്ടിങ്, വോട്ടർമാരുടെയും ബാലറ്റ് കവറുകളുടെയും എണ്ണത്തിലെ പൊരുത്തക്കേടുകൾ, വോട്ടർമാരെ സംഘടിപ്പിക്കാൻ നിയമവിരുദ്ധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചത് തുടങ്ങിയവയാണ് പാർട്ടി ഉന്നയിക്കുന്ന ആരോപണങ്ങൾ.

ആരോപണങ്ങളിൽ അടിയന്തരവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഉടൻ പ്രതികരിക്കണമെന്നും ലിക്കുഡ് ആവശ്യപ്പെട്ടു. അതേസമയം, ആരോപണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്യോഗസ്ഥൻ തള്ളി. ചാനൽ 12ന് നൽകിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്. ചില വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും വ്യാപക തെരഞ്ഞെടുപ്പ് അട്ടിമറിക്ക് തെളിവില്ലെന്നും തെരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കി.

ആർക്കും ഭൂരിപക്ഷമില്ല; നിർണായക ശക്തിയായി അറബ് പാർട്ടികൾ

120 അംഗ പാർലമെന്റിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നയിച്ച സഖ്യത്തിനും മുഖ്യ എതിരാളിയും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് 53 സീറ്റ് ലഭിച്ചപ്പോൾ ഗാഡി ഐസൻകോട്ടിന്റെ മുന്നണി 48 ഇടത്ത് വിജയം കണ്ടു. അറബ് പാർട്ടികൾ 19 സീറ്റ് നേടി നിർണായക ശക്തിയായി.

കേവലഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് ആവശ്യം. നിലവിലെ സാഹചര്യത്തിൽ ഒരു മുന്നണിക്കും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല; അതേസമയം, പ്രതിപക്ഷ ഐക്യത്തിലൂടെ നെതന്യാഹുവിനെ പുറത്താക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെങ്കിലും അത് എത്രകണ്ട് പ്രായോഗികമാണെന്നതിൽ സംശയവും ഉയർന്നിട്ടുണ്ട്.

1999നുശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ ഇസ്രായേലിൽ രേഖപ്പെടുത്തിയത്. 77.7 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പിന്റെ എക്സിന്റെ പോൾ ഫലങ്ങൾ സൂചിപ്പിച്ചത് ഇരു മുന്നണികളും 51 സീറ്റ് വീതം നേടുമെന്നായിരുന്നു. എന്നാൽ, വോട്ടെണ്ണൽ പുരോഗമിച്ചതോടെ നെതന്യാഹുവിന്റെ സഖ്യം നേരിയ മുന്നേറ്റം നടത്തി. 92 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴും ഇരുസഖ്യങ്ങൾക്കും കേവല ഭൂരിപക്ഷത്തിലെത്താൻ കഴിയില്ലെന്ന സൂചനയാണ് ലഭിച്ചത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നെതന്യാഹുവിന്റെ പാർട്ടി

നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞതവണ ലിക്കുഡിന് 32 സീറ്റുണ്ടായിരുന്നു. ഐസൻകോട്ടിന്റെ യഷാർ പാർട്ടി 21 സീറ്റുകൾ നേടി അരങ്ങേറ്റം ഗംഭീരമാക്കി. മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നയിച്ച ‘ടുഗെതർ’ മുന്നണിയും അറബ് രാഷ്ട്രീയ കക്ഷിയായ ജോയിന്റ് ലിസ്റ്റും 12 സീറ്റുകൾ വീതവും നേടി. മറ്റൊരു അറബ് കക്ഷിയായ റഅം പാർട്ടി ഏഴ് സീറ്റ് നേടി.

ആർക്കും കേവല ഭൂരിപക്ഷമില്ലാത്തത് രാജ്യത്ത് പുതിയ രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ലിക്കുഡിന്റെയും യഷാറിന്റെയും നേതാക്കൾ തങ്ങളുടെ സഖ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അറബ് പാർട്ടികളെ ആശ്രയിക്കുകയാണ് പ്രായോഗിക വഴിയെങ്കിലും അതിന് തയാറല്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വലതുപക്ഷ കക്ഷികളെ മുഴുവൻ ചേർത്ത് സഖ്യം വിപുലമാക്കി ഭരണം തുടരാനാണ് നെതന്യാഹുവിന്റെ നീക്കമെന്നാണ് സൂചന.

അന്തിമ ഫലം പുറത്തുവരാൻ ഏതാനും ദിവസങ്ങൾകൂടി വേണ്ടിവന്നേക്കും

ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളും വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങളും അന്താരാഷ്ട്ര തലത്തിൽ ശക്തമായ വിമർശനങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റും നിലവിലുണ്ട്. അന്തിമ ഫലം പുറത്തുവരാൻ ഏതാനും ദിവസങ്ങൾകൂടി വേണ്ടിവന്നേക്കും. സൈനികരുടെയും മറ്റു പ്രത്യേക വിഭാഗങ്ങളുടെയും വോട്ടുകൾ എണ്ണാനുണ്ട്.

ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാർ രൂപവത്കരണത്തിന് ഒരു നേതാവിനെ ക്ഷണിക്കും. ഇതിനായി ആറാഴ്ചത്തെ സമയമാണ് അനുവദിക്കുക. ആദ്യ ശ്രമം പരാജയപ്പെട്ടാൽ മറ്റൊരു നേതാവിന് അവസരം ലഭിക്കും. അതുവരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരും. മുന്നണികൾക്കിടയിൽ സമവായമുണ്ടായില്ലെങ്കിൽ ഇസ്രായേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. 2019നും 2022നും ഇടയിൽ അഞ്ച് തെരഞ്ഞെടുപ്പുകൾ നടന്ന രാജ്യത്ത് പുതിയ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും ആവർത്തിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്.

സർക്കാർ രൂപവത്കരണത്തിൽ നിർണായകമായി അറബ് പാർട്ടികൾ

തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം ഫലസ്തീൻ വംശജരായ ഇസ്രായേലി പൗരന്മാരെ പ്രതിനിധീകരിക്കുന്ന പാർട്ടികളുടേതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളുണ്ടായിരുന്ന ഈ പാർട്ടികൾ ഇത്തവണ 19 സീറ്റുകൾ നേടി. ഫലസ്തീൻ വംശജരുടെ ഉയർന്ന പോളിങ് ശതമാനമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം. ഇതോടെ ഭരണസഖ്യത്തിനും പ്രതിപക്ഷത്തിനും സർക്കാർ രൂപവത്കരണത്തിൽ ഇവരുടെ പിന്തുണ തേടേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. അറബ് പാർട്ടികളുടെ പിന്തുണ നെതന്യാഹു തള്ളിയപ്പോൾ മറു ക്യാമ്പിൽ അഭി​പ്രായ വ്യത്യാസമുണ്ട്. ഐസൻകോട്ടിനും അറബ് പാർട്ടികളോട് വിമുഖതയുണ്ടെങ്കിലും നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ അവരുമായി ചർച്ച നടത്തണമെന്ന് സഖ്യത്തിലെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യകക്ഷിയായ ഡെമോക്രാറ്റ്സ് നേതാവ് യായിർ ഗോലാൻ, ജോയിന്റ് ലിസ്റ്റ്, റാഅം എന്നീ പാർട്ടികളുമായി സഹകരണത്തിന് തയാറാകണമെന്ന് ആവശ്യപ്പെട്ടു.

അറബ് വോട്ടുകളെ അവഗണിക്കുന്നത് നെതന്യാഹുവിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ മാത്രമേ സഹായിക്കൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരു പാർട്ടികളുടെയും പിന്തുണ ലഭിച്ചാൽ ഐസൻകോട്ടിന് സർക്കാർ രൂപവത്കരിക്കാനാകും. തെരഞ്ഞെടുപ്പിലെ തങ്ങളുടെ മുന്നേറ്റം അവഗണിക്കാനാവില്ലെന്ന് ജോയിന്റ് ലിസ്റ്റ് നേതാവ് യൂസഫ് ജബരീനും വ്യക്തമാക്കി. നെതന്യാഹുവിന്റെയും തീവ്രവലതുപക്ഷ നേതാക്കളുടെയും ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Likud claims election ‘stolen’ by Arab parties, demands investigation into alleged fraud
Next Story