‘അവർ ഞങ്ങളെ പട്ടികളെപ്പോലെ തല്ലി, രാപ്പകലില്ലാതെ തെറിവിളിച്ചു’ -നടുക്കുന്ന ഓർമകളുമായി ഇസ്രായേൽ സേന പിടികൂടിയവർ
text_fieldsമഹ്മൂദ് സിൻദാഹ് പിതാവ് നാദിറിനൊപ്പം ആശുപത്രിയിൽ
ഗസ്സ: ഏതു നിമിഷവും ജീവൻ നഷ്ടപ്പെടുമെന്ന ആധിയിൽ പുകയുന്ന മനുഷ്യരുള്ള ഗസ്സയിലെ അൽ അഖ്സ മാർട്ടിയേഴ്സ് ആശുപത്രിയിൽ, മഹ്മൂദ് സിൻദാഹ് എന്ന ബാലൻ പിതാവ് നാദിറിനോട് ചേർന്നിരിക്കുകയാണ്. രണ്ടുപേരുടെയും മുഖത്ത് കഴിഞ്ഞയാഴ്ച ഏറ്റുവാങ്ങിയ ദുരിതങ്ങളുടെ നടുക്കം മാഞ്ഞിട്ടില്ല.
ഗസ്സയിലെ ഷുജയ മേഖലയിൽ ഇവരുൾപ്പെടെ നൂറുകണക്കിന് ഫലസ്തീനികളെയാണ് ഇസ്രായേൽ സേന വളഞ്ഞുപിടിച്ച് അഞ്ചു ദിവസം കൊടുംപീഡനങ്ങൾക്കിരയാക്കിയതെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. പ്രത്യേകിച്ച് ഒന്നും പറയാതെ പലരെയും പിടികൂടി. ഒന്നും പറയാതെ വിട്ടയക്കുകയും ചെയ്തു.
പിടികൂടിയ സൈനികസംഘത്തിലൊരാൾ, ‘എന്നെ കാണാൻ അയാളുടെ മരുമകനെപ്പോലുണ്ട് എന്ന് പറഞ്ഞു. മരുമകനെ ഹമാസ് വധിച്ചെന്നും സൈന്യം ഞങ്ങളെയാകെ കൊല്ലുമെന്നും പറഞ്ഞു’ -14കാരനായ മഹ്മൂദ് വിറയലോടെ ഓർത്തു.
അപ്പോഴേക്കും വീടുനിറയെ ഇസ്രായേൽ ഭടന്മാരെത്തി
ഗസ്സയിലെ സെയ്ത്തൂൻ പ്രദേശത്തെ വീട്ടിൽ സിൻദാഹ് കുടുംബം പെട്ടുപോവുകയായിരുന്നു. വെടിയൊച്ചയും ടാങ്കുകളുടെ മുരൾച്ചയും അടുത്തടുത്ത് വരുന്നതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. എന്തും വരട്ടെയെന്നു കരുതി പുറത്തിറങ്ങിയ പലരെയും ഇസ്രായേൽ സൈനികർ തെരുവിൽ വെടിവെച്ചിട്ടിരുന്നു.
ആക്രമണമുണ്ടായാൽ ചിതറിത്തെറിക്കുന്ന ആയുധങ്ങളിൽനിന്ന് നേരിയ രക്ഷയെങ്കിലും കിട്ടാനായി കുടുംബം കൊടുംതണുപ്പിലും തറയിലാണ് കിടന്നിരുന്നത്. അങ്ങനെ ഭയത്തിൽ കഴിഞ്ഞ മൂന്നാം നാൾ തങ്ങളുടെ വീടിനരികെ സൈനിക ടാങ്ക് എത്തിയെന്ന് മനസ്സിലായി. പൊടുന്നനെ അവർ വീടുപൊളിക്കാൻ തുടങ്ങി. തുരുതുരാ വെടിവെപ്പും നടത്തി.
ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ നാദിർ പെട്ടെന്നുതന്നെ ഒരു വെള്ള ബെഡ്ഷീറ്റ് കീറി ചെറിയ പതാകകൾപോലെയാക്കി തന്റെ എട്ടു കുട്ടികളുടെയും കൈയിൽ കൊടുത്തു. അത് വാതിലിലൂടെ പുറത്തേക്ക് വീശി. മുതിർന്നവർ വീട്ടിലാളുണ്ട് എന്ന് ആർത്തു പറഞ്ഞു.ബുൾഡോസർ മുരൾച്ച നിർത്തി. അപ്പോഴേക്കും വീടുനിറയെ ഇസ്രായേൽ ഭടന്മാരെത്തി. അവർ ഞങ്ങളെ നിലത്തുകിടത്തി. ബാഗുകളെല്ലാം കാലിയാക്കി. പണമോ സ്വർണമോ എടുക്കാൻ അനുവദിച്ചില്ല. ഐഡി കാർഡും ഫോണുകളും പിടിച്ചെടുത്തു.
തുടർന്ന് സ്ത്രീകളെയും കുട്ടികളെയും ഒരു മുറിയിലും പുരുഷന്മാരെയും കൗമാരക്കാരായ ആൺകുട്ടികളെയും മറ്റൊരു മുറിയിലുമാക്കി. നാദിറിനെയും മഹ്മൂദിനെയും തുണിയുരിച്ച് വീടിന് പുറത്താക്കി. ഇങ്ങനെ പ്രദേശത്തെ 150ഓളം പുരുഷന്മാരെ വളഞ്ഞുപിടിച്ച് കണ്ണുകെട്ടി, കൈയാമംവെച്ച് തെരുവിൽ നിർത്തി. പിന്നീട് ഒരു ട്രക്കിന് പിറകിൽ കയറ്റി.
ഈ സമയത്തെല്ലാം നാദിർ മകനെ എങ്ങനെയോ ചേർത്തുനിർത്തി. ‘എനിക്ക് മകൻ നഷ്ടപ്പെടുന്നത് ആലോചിക്കാനാകുമായിരുന്നില്ല; എന്റെ മകന് അവന്റെ പിതാവില്ലാതാകുന്നതും’ -നാദിർ പറഞ്ഞു. ട്രക്കിൽ സ്ത്രീകളുമുണ്ടെന്ന് മനസ്സിലായി. ട്രക്ക് നിർത്തി പുരുഷന്മാരെയും ആൺകുട്ടികളെയും ഒരു വെയർഹൗസിലേക്കു മാറ്റി. അവിടെയാകെ അരി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തുടർന്ന് സൈന്യം ചോദ്യംചെയ്യലും കൊടിയ മർദനവും തുടങ്ങി. ഉറങ്ങാൻ അനുവദിച്ചില്ല. രാപ്പകൽ തെറിവിളിയായിരുന്നു.
പട്ടിണിയും മർദനവും ദിവസങ്ങളോളം...
ഇതിനേക്കാൾ ഭീകരമായ അനുഭവങ്ങളാണ്, ഇതേ പ്രദേശത്തുനിന്ന് ഇസ്രായേൽ സേന പിടികൂടിയ മുഹമ്മദ് ഊദിഹ് എന്ന ബാലനുണ്ടായത്. വീട്ടിലെത്തിയ സൈന്യം പുരുഷന്മാരെയും കൗമാരക്കാരെയും പിടിച്ചുവലിച്ച് പുറത്തിട്ട് തുരുതുരാ മർദിക്കുകയായിരുന്നു. തോക്കുചട്ടകൊണ്ടും മർദനമുണ്ടായി. എന്തിനാണെന്നറിയാതെ എല്ലാവരും ആർത്തുവിളിച്ചു. ഞങ്ങളൊക്കെ ഹമാസ് ആണെന്നു പറഞ്ഞ് കൈയിൽ നമ്പറെഴുതി. 56 ആയിരുന്നു എന്റെ നമ്പർ.
അവർ ഹീബ്രുവിലാണ് സംസാരിച്ചത്. അതിന്റെ അർഥം ഞങ്ങൾക്ക് മനസ്സിലായില്ല. അപ്പോൾ മർദനം തുടർന്നു. അവർ പുറത്ത് ആഞ്ഞടിച്ചു. കുടുംബാംഗങ്ങളെ കൊണ്ടുപോയി. അവരൊക്കെ എവിടെയാണെന്ന് ഒരു വിവരവുമില്ല. തങ്ങളെ വെയർഹൗസിനുള്ളിലാക്കുന്നതിനു മുമ്പ് ചില വനിത സൈനികരെത്തി പുരുഷന്മാരുടെ മുഖത്ത് തുപ്പിയതായും മുഹമ്മദ് ഓർത്തു.
വെയർഹൗസിനുള്ളിൽ ഇടക്കിടെ സൈനികരെത്തും. അവർ തോന്നുന്നവരെ മർദിക്കും. വേദന കൊണ്ട് ആർത്തുവിളിക്കുന്ന ശബ്ദം വെയർഹൗസിനുള്ളിൽ എപ്പോഴും കേൾക്കാമായിരുന്നു. ആരെങ്കിലും തളർന്നുവീണുപോയാൽ ഉടൻ ദേഹത്ത് തണുത്ത വെള്ളമൊഴിക്കും. ചിലർ പീഡനത്തെ അതിജീവിച്ചില്ല. അവരുടെ നിലവിളികൾ നേർത്തുനേർത്ത് ഇല്ലാതാകുന്നത് ഞങ്ങൾക്ക് മനസ്സിലായിരുന്നു.
ആ പാട് ഇപ്പോഴും മാഞ്ഞിട്ടില്ല
കൈയാമം തട്ടി തന്റെ കൈയിൽനിന്ന് ചോര പൊടിയുന്നതായി മഹ്മൂദ് പിതാവിനോട് പറയുന്നത് കേട്ട സൈനികൻ അരികിലെത്തി തന്റെ വീങ്ങിയ കൈ പിടിച്ച് അമർത്തിയെന്ന് ബാലൻ പറഞ്ഞു. പിതാവ് തടഞ്ഞപ്പോൾ മുഖത്തടിച്ചു. ആ പാട് ഇപ്പോഴും മാഞ്ഞിട്ടില്ല.
സൈനികരിലൊരാൾ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കേട്ടിരുന്നു. താൻ സ്കൂളിൽ പോകുന്ന കുട്ടിയാണെന്ന് വിളിച്ചുപറഞ്ഞു. പക്ഷേ, അതൊന്നും ആരും ചെവിക്കൊണ്ടില്ല. ശുചിമുറിയിൽ പോകണമെന്നോ വെള്ളം വേണമെന്നോ പറയുമ്പോൾ ആദ്യം അടിയാണ് കിട്ടുക. പിന്നെയാണ് എന്തെങ്കിലും നടപടിയുണ്ടാവുക.
വിശ്വസിക്കാൻ കഴിയാത്ത വിധമുള്ള വെറുപ്പാണ് അവർ ഞങ്ങളോട് കാണിച്ചത്. അത് ഹമാസിനോടുള്ള വിരോധം മാത്രമാണെന്ന് ഒരിക്കലും തോന്നിയില്ല. വംശീയ വിദ്വേഷം തന്നെയായിരുന്നു -നാദിർ പറഞ്ഞു.
ദിവസങ്ങൾക്കുശേഷം വെളിച്ചം കണ്ടു
അഞ്ചാമത്തെ ദിവസം നാദിർ, മഹ്മൂദ് അടക്കം 10 പേരെ ദക്ഷിണ ഗസ്സിയിലെ ഇസ്രായേൽ പരിശോധനകേന്ദ്രത്തിനടുത്ത് കൊണ്ടുപോയി ഇറക്കിവിട്ടു. അവരോട് തെക്കോട്ട് നടന്നുപോകാൻ ആവശ്യപ്പെട്ടു. എല്ലാവരും കണ്ണിലെ കെട്ടഴിച്ചു. ദിവസങ്ങൾക്കുശേഷം വെളിച്ചം കണ്ടു.
മതിയായ വസ്ത്രം പോലുമില്ലാതെ രണ്ടു മണിക്കൂർ ലക്ഷ്യമില്ലാതെ നടന്നശേഷമാണ് ഒരു സംഘം ഫലസ്തീനികളെ കണ്ടത്. അവരാണ് വെള്ളവും വസ്ത്രവും തന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലാക്കിയത്. ഭാഗ്യംകൊണ്ടുമാത്രമാണ് ജീവൻ ബാക്കിയായതെന്നും നാദിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

