Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബൈബിൾ യുദ്ധങ്ങളെ ഓർമ്മിപ്പിക്കും വിധം'; വെസ്റ്റ് ബാങ്കിൽ അമേരിക്കൻ മാധ്യമപ്രവർത്തകയ്ക്ക് നേരെയും ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണം, സുരക്ഷാകവചമൊരുക്കി ഫലസ്തീൻ യുവാക്കൾ

text_fields
bookmark_border
ബൈബിൾ യുദ്ധങ്ങളെ ഓർമ്മിപ്പിക്കും വിധം; വെസ്റ്റ് ബാങ്കിൽ അമേരിക്കൻ മാധ്യമപ്രവർത്തകയ്ക്ക് നേരെയും ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണം, സുരക്ഷാകവചമൊരുക്കി ഫലസ്തീൻ യുവാക്കൾ
cancel

റാമല്ല: വെസ്റ്റ് ബാങ്കിൽ ഇസ്രായേലി തീവ്ര കുടിയേറ്റക്കാരുടെ അതിക്രൂരമായ ആക്രമണത്തിനിരയായ അമേരിക്കൻ വാർത്താ ഏജൻസിയായ 'വാഷിങ്ടൺ പോസ്റ്റിന്റെ' പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ഹൈഡി ലെവിൻ, തനിക്ക് കവചമൊരുക്കി ജീവൻ രക്ഷിച്ചത് ഫലസ്തീൻ യുവാക്കളാണെന്ന് വ്യക്തമാക്കി. ബൈബിൾ യുദ്ധങ്ങളെ ഓർമ്മിപ്പിക്കുന്ന ഭയാനകമായ അന്തരീക്ഷത്തിൽ, കൈയിൽ കല്ലുകൾ മാത്രമുണ്ടായിരുന്ന ഫലസ്തീൻ യുവാക്കൾ കുടിയേറ്റക്കാരെ തടയാൻ സ്വന്തം ജീവൻ പണയം വെച്ചാണ് തനിക്ക് മുന്നിൽ പ്രതിരോധ നിര തീർത്തതെന്ന് ഗാർഡിയന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി.

റാമല്ലയ്ക്ക് വടക്കുകിഴക്കൻ ഗ്രാമമായ അബു ഫലായിൽ ഒലിവ് വിളവെടുപ്പിൽ ഏർപ്പെട്ടിരുന്ന ഫലസ്തീൻ കർഷകർ, മാധ്യമപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് നേരെയാണ് അക്രമികൾ ഇരച്ചുകയറിയത്. പെട്ടെന്ന് മെഷീൻ ഗണ്ണുകളുടെ ശബ്ദവും കണ്ണീർ വാതക പ്രയോഗവും ഉണ്ടായി. പരിഭ്രാന്തരായി ആളുകൾ ചിതറിയോടുന്നതിനിടെ എത്തിയ തീവ്ര കുടിയേറ്റക്കാർ ഹൈഡിയെ വളഞ്ഞിട്ട് തല്ലിച്ചതക്കുകയായിരുന്നു. നൂറിലധികം തവണ വടികൾ കൊണ്ടും കാൽ കൊണ്ടും ക്രൂരമായി മർദ്ദനമേറ്റതായി അവർ പറഞ്ഞു. മരണം അഭിനയിച്ച് കിടന്നിട്ടുപോലും അക്രമികൾ മർദ്ദനം തുടരുകയായിരുന്നു. നിലത്തു മുഖം പൂഴ്ത്തി കിടന്നതുകൊണ്ടാണ് തലച്ചോറിന് പരിക്കേൽക്കാതെയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാതെയും രക്ഷപ്പെട്ടതെന്ന് അവർ ഓർത്തെടുത്തു.

സംഭവത്തിനുശേഷം ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഹൈഡിയെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള വിശദീകരണം ഹൈഡിയെ പ്രകോപിപ്പിച്ചു. ഹൈഡിയെ വീഴ്ത്തിയ ആക്രമണകാരികളിൽ ഒരാൾ തന്നെ അവരെ എഴുന്നേൽക്കാൻ സഹായിക്കുന്നതായി ദൃശ്യങ്ങളിലുണ്ടെന്ന വാദം ശുദ്ധ കള്ളമാണെന്ന് അവർ തുറന്നടിച്ചു. തന്റെ ശരീരത്തിലുണ്ടായിരുന്ന അമേരിക്കൻ പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡുകൾ, കാമറ, ലെൻസുകൾ എന്നിവ അടങ്ങിയ ബാഗ് പിടിച്ചെടുക്കാൻ കിട്ടാതെ വന്നപ്പോഴാണ് അക്രമികൾ തന്നെ ബലമായി എഴുന്നേൽപ്പിച്ചതെന്നും, സാധനങ്ങൾ കവർന്ന ശേഷം വീണ്ടും നിലത്തേക്ക് തള്ളിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്നും ഹൈഡി വെളിപ്പെടുത്തി. കേവലം ഏതാനും കൗമാരക്കാരെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ലെന്നും, ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നരെയും സംഘാടകരെയും പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് 'ഓപ്പറേഷൻ ഒലിവ് ലീഫ്' എന്ന പേരിൽ ഇസ്രായേൽ സൈന്യവും (IDF) ഷിൻ ബെറ്റും പൊലീസും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിൽ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ വർധിച്ചുവരുന്ന കുടിയേറ്റക്കാരുടെ അക്രമങ്ങളിൽ ഇസ്രായേലിന് നിയന്ത്രണം നഷ്ടപ്പെട്ടതായി യു.എസും യൂറോപ്യൻ യൂണിയനും ആരോപിച്ചെങ്കിലും, വിഷയം ക്രമസമാധാന പ്രശ്നമായി കണ്ട് പൊലീസ് ശക്തമായി കൈകാര്യം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ വാദം.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'ബൈബിൾ യുദ്ധങ്ങളെ ഓർമ്മിപ്പിക്കും വിധം'; വെസ്റ്റ് ബാങ്കിൽ അമേരിക്കൻ മാധ്യമപ്രവർത്തകയ്ക്ക് നേരെയും ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണം, സുരക്ഷാകവചമൊരുക്കി ഫലസ്തീൻ യുവാക്കൾ
Next Story