‘അവർ എന്നെ പരിപാലിക്കുകയും മരുന്ന് നൽകുകയും ചെയ്യുന്നുണ്ട്’; ബന്ധിയാക്കിയ ഇസ്രായേൽ യുവതിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്
text_fields
ഗസ്സ: പശ്ചിമേഷ്യയുടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന ഇസ്രായേൽ- ഹമാസ് സംഘർഷം അതിരൂക്ഷമാകുന്നതിനിടെ തടവിലാക്കിയ ബന്ദിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്.
ചികിത്സയിൽ കഴിയുന്ന 21കാരിയായ ഫ്രഞ്ച് യുവതിയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കഴിഞ്ഞയാഴ്ച ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗസ്സ മുനമ്പിൽ തടവിലാക്കിയ ഇസ്രായേൽ ബന്ദിയുടെ ആദ്യ ദൃശ്യങ്ങളാണ് ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടതെന്ന് ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ‘അവർ എന്നെ പരിപാലിക്കുകയും മരുന്ന് നൽകുകയും ചെയ്യുന്നുണ്ട്’. ടെലിഗ്രാമിൽ പുറത്തുവിട്ട വീഡിയോയിൽ യുവതി പറയുന്നതായി കാണാം. കൈ ഒടിഞ്ഞ നിലയിൽ പരിക്കേറ്റ ബന്ദി ചികിത്സയിലാണ്.
ഷോഹാമിൽ നിന്നുള്ള 21കാരിയായ മിയ ഷെം എന്ന് സ്വയം പരിചയപ്പെടുത്തുന്ന ബന്ദി കൈ ഒടിഞ്ഞതിനെ തുടർന്ന് ഗസ്സയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും എത്രയും വേഗം വീട്ടിലെത്താൻ ആഗ്രഹിക്കുന്നുവെന്നും പറയുന്നുണ്ട്. ആശുപത്രിയിൽ മൂന്നു മണിക്കൂർ എന്റെ കൈയ്‌ക്ക് ശസ്ത്രക്രിയ നടത്തി. അവർ എന്നെ നന്നായി പരിപാലിക്കുകയും മരുന്ന് നൽകുകയും ചെയ്യുന്നുണ്ട്.
ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ കുറഞ്ഞത് 200ലധികം ഇസ്രായേലികളെയും വിദേശികളെയും ഹമാസ് ബന്ദികളാക്കിയതായാണ് വിവരം. അതിനിടെ, മറ്റൊരു വിഡിയോയിൽ ബന്ദികളായവർ തങ്ങളുടെ അതിഥികളെന്നും സാഹചര്യങ്ങൾ അനുവദിക്കുമ്പോൾ വിട്ടയക്കുമെന്നും ഹമാസ് പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

