ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല
text_fieldsബെയ്റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് അറിയിച്ച് ഹിസ്ബുല്ല. ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടുവെന്ന് ഹിസ്ബുല്ല അറിയിച്ചത്. ടെലിഗ്രാമിലൂടെ ബുധനാഴ്ച രാവിലെയായിരുന്നു അറിയിപ്പ്. വ്യോമാക്രമണത്തിലാണ് ക്വബെസിയെ വധിച്ചതെന്ന് ഇസ്രായേൽ സൈന്യവും അറിയിച്ചിട്ടുണ്ട്.
ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നടത്തിയ 2000ത്തോളം ആക്രമണങ്ങൾക്ക് പിന്നിൽ ഖുബൈസിയാണെന്നാണ് ഇസ്രായേൽ സൈന്യം അറിയിക്കുന്നത്. മൂന്ന് ഇസ്രായേൽ സൈനികരെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയതും ഖുബൈസിയുടെ നേതൃത്വത്തിലാണെന്നും ഇസ്രായേൽസേന വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ലെബനാനിലെ ഇസ്രായേൽ ആക്രമണം കൂടുതൽ ശക്തമാവുകയാണ്. ഇതുവരെ 569 പേർ ആക്രമണങ്ങളിൽ മരിക്കുകയും 1835 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ബൈറൂത്തിലും ചൊവ്വാഴ്ച ഇസ്രായേൽ ബോംബുകൾ വർഷിച്ചു.
തിങ്കളാഴ്ച തുടങ്ങിയ ആക്രമണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ യുദ്ധഭീതിയിൽ തെക്കൻ ലബനാനിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്തു. ബൈറൂത്തിലെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആറു നിലയുള്ള താമസസമുച്ചയത്തിന്റെ മൂന്നുനില തകർന്നു. ഇസ്രായേലും ഹമാസും ആക്രമണം തുടരുന്നതോടെ മേഖലയിൽ യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

